Quantcast

സ്‌കൂൾ വിദ്യാർഥിനികൾ ഗർഭം ധരിച്ചാൽ ധനസഹായം; വിചിത്ര ഉത്തരവിൽ റഷ്യയിൽ വിവാദം

റഷ്യൻ സ്‌കൂളുകളിലെ ഫുൾടൈം വിദ്യാർഥികളായ പെൺകുട്ടികളാണ് പുതിയ മെറ്റേണിറ്റി പദ്ധതിയുടെ പരിധിയിൽ വരിക

MediaOne Logo

Web Desk

  • Published:

    8 July 2025 1:53 PM IST

Russia is paying schoolgirls to become pregnant
X

ജനസംഖ്യാനിരക്ക് എന്നത് എല്ലാ രാജ്യങ്ങളും ഏറെ സൂഷ്മതയോടെ കാണുന്ന ഒരു സുപ്രധാന ഫാക്ടറാണ്. ജനസംഖ്യ നിയന്ത്രിക്കാനും നിരക്ക് കൂട്ടാനുമൊക്കെ ഇന്ത്യയും ചൈനയുമൊക്കെ കഷ്ടപ്പെടുന്ന കാഴ്ച കുറച്ച് നാളുകളായി കാണുകയുമാണ് നമ്മൾ. ഇപ്പോഴിതാ ജനസംഖ്യാ വിഷയത്തിൽ ഒരു വിചിത്രമായ, വിവാദപരമായ ഉത്തരവ് പുറപ്പെടുവിച്ച് വാർത്തകളിൽ ഇടംനേടുകയാണ് റഷ്യ.

ഗർഭിണികളാകുന്ന സ്‌കൂൾ വിദ്യാർഥിനികൾക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യൻ ഭരണകൂടം. 2025 മാർച്ച് വരെ യുവതികൾക്ക് മാത്രം ബാധകമായിരുന്ന പോളിസി, സ്‌കൂൾ വിദ്യാർഥിനികൾക്ക് വേണ്ടി കൂടി നീട്ടുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.. പുതിയ പദ്ധതി പ്രകാരം സ്‌കൂൾ വിദ്യാർഥിനികൾ ഗർഭം ധരിക്കുകയാണെങ്കിൽ അവർക്ക് ഏകദേശം ഒരുലക്ഷം റൂബിൾ അഥവാ ഒന്നരലക്ഷം രൂപ ധനസഹായമായി ലഭിക്കും. പ്രസവശുശ്രൂഷകൾക്കും കുഞ്ഞിനെ പരിപാലിക്കുന്നതിനുമുള്ള ചെലവ് ഇനത്തിലാണ് ഈ തുക. ചെറിയ പെൺകുട്ടികളെ ഗർഭം ധരിക്കാൻ സർക്കാർ പ്രേരിപ്പിക്കുന്നു എന്ന തരത്തിൽ നാനാഭാഗത്ത് നിന്നും കടുത്ത വിമർശനങ്ങളുണ്ടെങ്കിലും നീക്കവുമായി മുന്നോട്ട് പോവുകയാണ് പുടിൻ ഭരണകൂടം..

കഴിഞ്ഞ കുറച്ച് വർഷങ്ങളായി റഷ്യയുടെ ജനസംഖ്യയിൽ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യയുടെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുമായി തട്ടിച്ച് നോക്കിയാൽ നിലവിലെ ജനസംഖ്യ ആനുപാതികമല്ല. 2.05 എന്നതാണ് കാലാകാലങ്ങളായി റഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രത്യുല്പാദന നിരക്ക്. എന്നാൽ 2023ലെ കണക്കുകൾ പ്രകാരം ഇത് 1.41 ആയി ചുരുങ്ങിയിട്ടുണ്ട്... ഇതോടെയാണ് ജനസംഖ്യ കാര്യമായി കുറയുന്നുണ്ട് എന്ന തിരിച്ചറിവിലേക്ക് അധികാരികൾ ഉണരുന്നത്.. തുടർന്ന് ജനനനിരക്ക് കൂട്ടാനുള്ള നടപടികൾ അധികൃതർ വേഗത്തിലാക്കാനും തുടങ്ങി. ജനസംഖ്യാ നിരക്ക് പഴയപടി ആക്കാൻ ഏത് വഴിയും സ്വീകരിക്കുമെന്ന് കഴിഞ്ഞ വർഷം പ്രസിഡന്റ് പുടിൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപനം അക്ഷരാർഥത്തിൽ ഉൾക്കൊണ്ട് ഇപ്പോൾ നിയമം നടപ്പിലാക്കിയിരിക്കുകയാണ് രാജ്യം.

നിലവിൽ 10 മേഖലകളിൽ റഷ്യ പുതിയ നിയമം പ്രാബല്യത്തിലാക്കിയിട്ടുണ്ട്. സെൻട്രൽ റഷ്യയിലെ ഓറിയോൾ എന്ന പ്രദേശമാണ് ഈ പദ്ധതി നടപ്പിലാക്കിയതായി പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയത്. ഓറിയോളിനെ കൂടാതെ മറ്റ് 39 പ്രദേശങ്ങൾ കൂടി പദ്ധതിയിൽ താല്പര്യം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് മോസ്‌കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഓരോ പ്രവിശ്യയിലുമുള്ള സ്‌കൂളുകളിലെ ഫുൾടൈം വിദ്യാർഥിയും പ്രദേശത്തെ സ്ഥിരതാമസക്കാരുമായ പെൺകുട്ടികളാണ് പുതിയ മെറ്റേണിറ്റി പദ്ധതിയുടെ പരിധിയിൽ വരിക. ഇവർക്ക് പ്രസവത്തോടടുപ്പിച്ച് ഒറ്റത്തവണയായി തുക അക്കൗണ്ടിലിട്ട് നൽകും..

2024 ഒക്ടോബറിൽ മെറ്റേണിറ്റി സ്‌കീമിന് കീഴിലുള്ള ധനസഹായം വർധിപ്പിച്ചിരുന്നു പുടിൻ സർക്കാർ. ആദ്യത്തെ പ്രസവത്തിന് 6,77,000 റൂബിൾസും രണ്ട് മുതലുള്ള പ്രസവങ്ങൾക്ക് 8,94,000 റൂബിളുമായാണ് സഹായധനം വർധിപ്പിച്ചത്. എന്നാൽ ഈ നീക്കം ജനസംഖ്യയിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കിയില്ലെന്ന് കണ്ടാണ് സ്‌കൂൾ വിദ്യാർഥിനികളിലേക്കും മെറ്റേണിറ്റി ആനുകൂല്യങ്ങൾ വ്യാപിപ്പിച്ച് സർക്കാരിന്റെ പതിനെട്ടാമത്തെ അടവ്. ധനസഹായം ഉണ്ടെങ്കിലും മുതിർന്ന സ്ത്രീകൾക്കുള്ളത്ര തുക വിദ്യാർഥിനികൾക്ക് അനുവദിച്ചിട്ടില്ലെന്നാണ് വിവരം.

നിലവിൽ മരണനിരക്ക് കൂടുകയും ജനനനിരക്ക് ക്രമാതീതമായി കുറയുകയും ചെയ്യുന്ന സാഹചര്യമാണ് റഷ്യയിൽ. ഇങ്ങനെ പോവുകയാണെങ്കിൽ 2050 ആകുമ്പോഴേക്ക് റഷ്യയുടെ ജനസംഖ്യ നിലവിലെ 144 മില്യൺ എന്നതിൽ നിന്ന് 130ലേക്ക് കൂപ്പുകുത്തും. ഈ സാഹചര്യം ഒഴിവാക്കാൻ ഒരു അറ്റകൈ പ്രയോഗം നടത്തുകയായിരുന്നു സർക്കാർ.

ഇനി സ്‌കൂൾ വിദ്യാർഥിനികളിലേക്ക് മെറ്റേണിറ്റി ആനുകൂല്യങ്ങൾ വർധിപ്പിച്ചതിൽ റഷ്യക്കാർ രോഷാകുലരാണെന്നാണ് വിചാരിച്ചതെങ്കിൽ തെറ്റി. റഷ്യൻ പബ്ലിക് ഒപ്പീനിയൻ റിസർച്ച് സെന്ററിന്റെ സർവേ ഫലങ്ങൾ പ്രകാരം റഷ്യയിലെ 43 ശതമാനം ജനങ്ങളും സർക്കാരിന്റെ പുതിയ നയത്തിന് പിന്തുണ നൽകുന്നുണ്ട്. 40 ശതമാനം ജനങ്ങളാണ് നയത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്..

യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ രണ്ടരലക്ഷത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടത് റഷ്യയുടെ ജനസംഖ്യാനിരക്കിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഇത് കൂടാതെ യുവാക്കൾ കൂട്ടത്തോടെ നാടുവിടുന്നതും ജനസംഖ്യാവർധനവിന് പ്രതിസന്ധിയാണ്. ഇതൊക്കെ മുന്നിൽക്കണ്ടാണ് സ്‌കൂൾ വിദ്യാർഥിനികളിലേക്കും സർക്കാരിന്റെ പ്രസവാനുകൂല്യങ്ങൾ നീളുന്നത്...ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയത് മുതൽ ഗർഭച്ഛിദ്രം നടത്തുന്നതിന് കർശന മാനദണ്ഡങ്ങളും റഷ്യ മുന്നോട്ട് വയ്ക്കുന്നുണ്ട്.

പുതിയ പദ്ധതിക്ക് പച്ചക്കൊടി കാട്ടുന്നവരാണ് കൂടുതലെങ്കിലും ധാർമികമൂല്യങ്ങൾ ചൂണ്ടിക്കാട്ടി നയത്തെ എതിർക്കുന്നവർ റഷ്യയിൽ കുറവല്ല. കൊച്ചുകുട്ടികളെ ഗർഭം ധരിക്കാൻ പ്രേരിപ്പിച്ച് സർക്കാർ എന്ത് തലമുറയെ ആണ് വാർത്തെടുക്കുക എന്നാണ് കാര്യമായി ഉയരുന്ന വിമർശനം. ആരോഗ്യമുള്ള അമ്മമാരെയും കുഞ്ഞുങ്ങളെയും ലക്ഷ്യമിടുന്നതിന് പകരം, ഏത് വിധേനയും ജനസംഖ്യ കൂടിയാൽ മതി എന്നത് പുടിൻ സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നെന്നും വിമർശിക്കുന്നുണ്ട് ഒരു വിഭാഗം.

TAGS :

Next Story