Quantcast

നഗരങ്ങൾ ആക്രമിച്ചുപിടിക്കാന്‍ മിടുക്കര്‍, കിയവിലേക്ക് സിറിയൻ പോരാളികളെ ഇറക്കുന്നു; പുതിയ നീക്കവുമായി റഷ്യ

യുക്രൈനിൽ ആറുമാസം നീളുന്ന സൈനിക ഓപറേഷനുവേണ്ടിയെന്നു പറഞ്ഞാണ് സിറിയൻ പോരാളികളെ റഷ്യയിലെത്തിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-03-07 15:03:21.0

Published:

7 March 2022 1:38 PM GMT

നഗരങ്ങൾ ആക്രമിച്ചുപിടിക്കാന്‍ മിടുക്കര്‍, കിയവിലേക്ക് സിറിയൻ പോരാളികളെ ഇറക്കുന്നു; പുതിയ നീക്കവുമായി റഷ്യ
X

യുക്രൈൻ ആക്രമണം 12-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും തലസ്ഥാനമായ കിയവ് ഇനിയും കീഴടക്കാനാകാതെ പകച്ച് റഷ്യ. ഇതിനിടെ കിയവ് അടക്കമുള്ള നഗരങ്ങള്‍ സമ്പൂര്‍ണമായി പിടിച്ചടക്കാനായി വ്‌ളാദ്മിർ പുടിൻ പുതിയ തന്ത്രങ്ങൾ മെനയുന്നതായാണ് റിപ്പോർട്ട്. നഗരങ്ങള്‍ ആക്രമിച്ചു കീഴടക്കാന്‍ വിദഗ്ധരായ സിറിയൻ പോരാളികളെ യുദ്ധത്തിനായി എത്തിക്കാനാണ് റഷ്യന്‍നീക്കമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

വൻ ആയുധസന്നാഹങ്ങളുമായെത്തിയിട്ടും യുക്രൈൻ നഗരങ്ങളിൽ വൻ പ്രത്യാക്രമണമാണ് റഷ്യൻപടയ്ക്ക് നേരിടേണ്ടിവന്നത്. നിരവധി നഗരങ്ങൾ കടന്ന് തലസ്ഥാനമായ കിയവിന്റെ പ്രാന്തപ്രദേശങ്ങൾ വരെ എത്തിയിട്ടുണ്ടെങ്കിലും നഗരത്തിലേക്ക് കടക്കാൻ ഇനിയുമായിട്ടില്ല. കനത്ത ചെറുത്തുനിൽപ്പാണ് യുക്രൈൻസൈന്യം തുടരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് റഷ്യയുടെ പുതിയ യുദ്ധതന്ത്രം. സിറിയൻ നഗരങ്ങളിൽ ആക്രമണവിദഗ്ധരായ സംഘത്തെയാണ് റഷ്യ കിയവ് ദൗത്യത്തിനായി ഇറക്കുന്നത്.

ആറുമാസത്തെ പോരാട്ടം, 23,000 വരെ ശമ്പളം

2015 മുതൽ സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ ഭാഗമാണ് റഷ്യ. വിമതസംഘങ്ങളെ അമർച്ച ചെയ്യാൻ സിറിയൻ സർക്കാരിനെ സഹായിക്കാനെന്നു പറഞ്ഞാണ് റഷ്യൻസൈന്യം രാജ്യത്ത് തുടരുന്നത്. സിറിയയുടെ വിവിധ ഭാഗങ്ങളിൽ സൈന്യം പോരാട്ടം തുടരുകയും ചെയ്യുന്നുണ്ട്. സൈനികനടപടിക്കിടെയുള്ള പരിചയത്തിൽനിന്നാണ് സിറിയൻ പോരാളികളെ ഇറക്കാൻ റഷ്യ തീരുമാനിച്ചത്.

പുതിയ നീക്കം സിറിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിറിയൻ നഗരമായ ദൈറുസ്സൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദൈറുസ്സൂർ24 ഡോട്ട് നെറ്റ്' റിപ്പോർട്ട് പ്രകാരം പോരാളികൾക്ക് 200 മുതൽ 300 വരെ ഡോളർ(ഏകദേശം 15,000 മുതൽ 23,000 രൂപ വരെ) ആണ് റഷ്യൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. യുക്രൈനിൽ ആറുമാസം നീളുന്ന സൈനിക ഓപറേഷനുവേണ്ടിയെന്നു പറഞ്ഞാണ് ഇവരെ റഷ്യയിലെത്തിക്കുന്നത്. അതേസമയം, സിറിയൻ പോരാളികളെ ഇറക്കാനുള്ള തീരുമാനത്തിൽ പ്രതികരിക്കാൻ റഷ്യൻവൃത്തങ്ങൾ തയാറായിട്ടില്ല.

യുദ്ധത്തിന്‍റെ ഭാഗമാകാന്‍ സിറിയയിൽനിന്ന് നിരവധി പേർ നേരത്തെ തന്നെ റഷ്യയിലെത്തിക്കഴിഞ്ഞിട്ടുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു. ഇനിയും കൂടുതൽ പേർ അടുത്ത ദിവസങ്ങളിലെത്തുമെന്നും സൂചനയുണ്ട്.

യുക്രൈനുവേണ്ടി പോരാടാനും വിദേശികൾ

മറുവശത്ത് യുക്രൈനു വേണ്ടി പ്രതിരോധമൊരുക്കാൻ വിവിധ രാജ്യങ്ങളിൽനിന്ന് സന്നദ്ധപ്രവർത്തകരുടെ പ്രവാഹമാണ്. നിരവധി വിദേശികളാണ് ഇതിനകം തന്നെ യുക്രൈനിലെത്തിക്കഴിഞ്ഞിട്ടുള്ളത്. 16,000ത്തോളം വിദേശികൾ കഴിഞ്ഞ ദിവസങ്ങളിൽ യുക്രൈനുവേണ്ടി പോരാടാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

യുക്രൈനുവേണ്ടി പോരാടാൻ വിദേശികളായ 20,000 സന്നദ്ധ പ്രവർത്തകർ കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് ഇന്നലെ വിദേശകാര്യ മന്ത്രി ദ്മിത്രോ കുലേബയും വ്യക്തമാക്കി. 52 രാജ്യങ്ങളിൽനിന്നായാണ് മുൻ സൈനികരും സന്നദ്ധപ്രവർത്തകരുമടങ്ങുന്ന ആയിരങ്ങൾ യുക്രൈനു വേണ്ടി പോരാടാൻ സന്നദ്ധത അറിയിച്ചത്.

Summary: Russia recruiting Syrians who are experienced in urban fighting to take control over Ukrainian cities, including the capital Kyiv

TAGS :

Next Story