Quantcast

അന്താരാഷ്ട്ര ഉപരോധം നീക്കിയാല്‍ ആഗോള ഭക്ഷ്യക്ഷാമം നീക്കാമെന്ന് പുടിന്‍

ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ഫോണില്‍ നടത്തിയ സംഭാഷണത്തിലാണ് പുടിന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ മുന്നോട്ടുവെച്ചത്

MediaOne Logo

Web Desk

  • Published:

    28 May 2022 3:12 AM GMT

അന്താരാഷ്ട്ര ഉപരോധം നീക്കിയാല്‍ ആഗോള ഭക്ഷ്യക്ഷാമം നീക്കാമെന്ന് പുടിന്‍
X

മോസ്‌കോ: റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയാല്‍ ആഗോള ഭക്ഷ്യക്ഷാമം നീക്കാമെന്ന വാഗ്ദാനവുമായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ഫോണില്‍ നടത്തിയ സംഭാഷണത്തിലാണ് പുടിന്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ മുന്നോട്ടുവെച്ചത്.

''പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയ പ്രേരിത നിയന്ത്രണങ്ങൾ നീക്കുന്നതിന് അനുസരിച്ച്, ധാന്യങ്ങളുടെയും രാസവളങ്ങളുടെയും കയറ്റുമതിയിലൂടെ ഭക്ഷ്യ പ്രതിസന്ധി മറികടക്കാൻ റഷ്യൻ ഫെഡറേഷൻ ഗണ്യമായ സംഭാവന നൽകാൻ തയ്യാറാണെന്ന് പുടിൻ പറയുന്നു'' ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നുള്ള പ്രസ്താവനയില്‍ ക്രെംലിൻ അറിയിച്ചു. അസോവ്, കരിങ്കടൽ തുറമുഖങ്ങളിൽ നിന്ന് സിവിലിയൻ കപ്പലുകൾക്ക് പുറത്തുകടക്കുന്നതിനുള്ള മാനുഷിക ഇടനാഴികൾ ദിവസേന തുറക്കുന്നത് ഉൾപ്പെടെയുള്ള നാവിഗേഷന്‍റെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും പുടിൻ സംസാരിച്ചു. ആഗോള വിപണിയിലെ ഭക്ഷ്യ വിതരണത്തിലെ പ്രശ്നങ്ങൾക്ക് റഷ്യയാണ് ഉത്തരവാദിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പുടിന്‍ പറഞ്ഞു.

യുക്രൈന്‍ തുറമുഖങ്ങളില്‍ നിന്ന് പുറത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ റഷ്യ അനുവദിക്കാത്തതാണ് ഭക്ഷ്യക്ഷാമം രൂക്ഷമാകാന്‍ കാരണം. യുക്രൈനും റഷ്യയുമാണ് യൂറോപ്പിലേക്ക് വലിയൊരു ശതമാനം ഭക്ഷ്യധാന്യവും സസ്യഎണ്ണയും എത്തിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചതോടെ കരിങ്കടലില്‍ സൈന്യത്തെ വിന്യസിച്ച റഷ്യ എല്ലാ കപ്പല്‍ ഗതാഗതവും തടഞ്ഞിരിക്കുകയാണ്. യുക്രൈന്‍ തുറമുഖങ്ങളില്‍ 20 ദശലക്ഷം ടണ്ണിലേറെ ഭക്ഷ്യധാന്യങ്ങളാണ് കെട്ടിക്കിടക്കുന്നത്.

യുക്രൈനിലെ യുദ്ധക്കെടുതിയില്‍ രാജ്യം വിടേണ്ടി വന്ന ജനങ്ങളുടെ കയ്യില്‍ നിന്നുപോലും ധാന്യങ്ങള്‍ റഷ്യന്‍ സൈന്യം പിടിച്ചുവെച്ചുവെന്നും നാറ്റോ സഖ്യം ആരോപിച്ചിരുന്നു. ഭക്ഷ്യസാധനങ്ങള്‍ തടഞ്ഞുവെയ്ക്കുകയെന്നാല്‍ ഏറ്റവും വലിയ ക്രൂരതയാണെന്നും റഷ്യ ആഗോള മനുഷ്യസമൂഹത്തെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ വ്യക്തമാക്കി. റഷ്യയുടെ യുക്രൈന്‍ അധിനിവേശം പ്രതിസന്ധി വര്‍ധിപ്പിച്ചെന്നാണ് ലോകബാങ്കിന്‍റെ വിലയിരുത്തല്‍. കോവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ഡൗണും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നും ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് പറഞ്ഞു.

TAGS :

Next Story