Quantcast

താൽക്കാലിക വെടിനിർത്തലും ലംഘിച്ച് റഷ്യ; മരിയുപോളിൽ ഷെല്‍വര്‍ഷം, ഒഴിപ്പിക്കല്‍ നിര്‍ത്തി

റഷ്യൻ നിയന്ത്രണത്തിലുള്ള മരിയുപോളിൽ വൈദ്യുതി, കുടിവെള്ള ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണ വിതരണ, ഗതാഗത മാർഗങ്ങളും നിർത്തലാക്കിയിട്ടുണ്ടെന്നാണ് വിവരം

MediaOne Logo

Web Desk

  • Updated:

    2022-03-05 13:33:30.0

Published:

5 March 2022 12:31 PM GMT

താൽക്കാലിക വെടിനിർത്തലും ലംഘിച്ച് റഷ്യ; മരിയുപോളിൽ ഷെല്‍വര്‍ഷം, ഒഴിപ്പിക്കല്‍ നിര്‍ത്തി
X

യുക്രൈൻ തീരനഗരമായ മരിയുപോളിൽ പ്രഖ്യാപിച്ച ഇടക്കാല വെടിനിർത്തലിനിടയിലും ഷെല്ലാക്രമണം തുടർന്ന് റഷ്യൻ സൈന്യം. സിവിലിയന്മാരെ ഒഴിപ്പിക്കാനായി അഞ്ചു മണിക്കൂർ നേരത്തേക്ക് ഇന്ന് മരിയുപോളിലും വോൾനോവാഖയിലും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മരിയുപോൾ റഷ്യൻസൈന്യം വളഞ്ഞിരിക്കുകയാണ്. ഇതോടെ നഗരത്തിൽ രക്ഷാപ്രവർത്തനവും തടസപ്പെട്ടിരിക്കുകയാണ്.

ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ നടന്ന ചർച്ചയിലാണ് മരിയുപോളിൽനിന്നും വോൾനൊവാഖയിൽനിന്നും സാധാരണക്കാർക്ക് രക്ഷപ്പെടാൻ ഏതാനും മണിക്കൂറുകൾ നേരം വെടിനിർത്തൽ പ്രഖ്യാപിക്കാൻ ധാരണയായത്. അഞ്ചു മണിക്കൂർ കൊണ്ട് കിയവ് ദേശീയപാത വഴി രക്ഷപ്പെടാൻ നാട്ടുകാരോട് നിർദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ, വെടിനിർത്തൽ കരാർ ലംഘിച്ച് റഷ്യൻസേന ആക്രമണം തുടരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദിവസങ്ങളായി റഷ്യൻ നിയന്ത്രണത്തിലുള്ള മരിയുപോളിൽ വൈദ്യുതി, കുടിവെള്ള ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണ വിതരണ, ഗതാഗത മാർഗങ്ങളും നിർത്തലാക്കിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

മരിയുപോളിനെ റഷ്യൻ ഉപരോധത്തിൽനിന്ന് രക്ഷിക്കാനുള്ള പരിഹാര നടപടികൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മേയർ വാദിം ബോയ്‌ചെങ്കോ പറഞ്ഞു. നിലവിൽ മാനുഷികമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് നോക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ആക്രമണം പത്താംദിവസത്തിലേക്ക്

യുക്രൈനിലെ സൈനികനടപടി പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ റഷ്യ ശക്തമായ ആക്രമണമാണ് തുടരുന്നത്. പ്രധാന നഗരങ്ങളായ ഖാർകിവ്, മരിയുപോൾ എന്നിവിടങ്ങളിൽ ഇന്നും വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ രണ്ടായിരത്തിലേറെ പൗരന്മാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ വ്യക്തമാക്കി. 9,000 റഷ്യൻ സൈനികരെ വധിച്ചതായും യുക്രൈൻ അവകാശപ്പെടുന്നുണ്ട്.

ഇതിനിടെ, റഷ്യയിൽ വിവിധ വാർത്താ ചാനലുകളുടെ സംപ്രേഷണം നിർത്തിവച്ചിട്ടുണ്ട്. ബി.ബി.സിയും സി.എൻ.എന്നും ബ്ലൂംബർഗും റഷ്യയിൽ പ്രവർത്തനം നിർത്തിയതായി അറിയിച്ചു. യുദ്ധവാർത്തകളുമായി ബന്ധപ്പെട്ട സംപ്രേഷണത്തിന് റഷ്യ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

റഷ്യയിൽ ഫേസ്ബുക്കിന് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ യൂട്യൂബും ട്വിറ്ററും ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യൻ മാധ്യമങ്ങൾക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ഗൂഗിൾ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികളും റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ചിട്ടുണ്ട്.

Summary: The evacuation from Ukraine's Mariupol has been delayed after Russian troops break the temporary ceasefire

TAGS :

Next Story