റഷ്യ-യുക്രൈൻ യുദ്ധം: യുഎസിന്റെ സമാധാന ചർച്ചയിൽ യൂറോപ്യൻ നേതാക്കൾക്കും യുക്രൈനും ക്ഷണമില്ല
ട്രംപിന്റെ നീക്കത്തിൽ അതൃപ്തി; പാരീസിൽ അടിയന്തര യോഗം വിളിച്ച് യൂറോപ്യൻ നേതാക്കൾ
വാഷിങ്ടൺ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ ഇന്ന് നടക്കുന്ന യുഎസ്-റഷ്യ ചർച്ചയെച്ചൊല്ലി തർക്കം. സമാധാന നീക്കം ട്രംപിന്റെ വൺമാൻഷോയാക്കുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ കടുത്ത അതൃപ്തിയിലാണ്. പാരീസിൽ ഇന്ന് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് യൂറോപ്യൻ നേതാക്കൾ.
അധികാരത്തിലേറിയ ഉടൻ യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന ട്രംപ്, റഷ്യ-യുക്രൈൻ അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. റിയാദിൽ നടക്കുന്ന ഈ ചർച്ചയ്ക്ക് പക്ഷേ യുക്രൈന് ക്ഷണമില്ല. അമേരിക്കയുടെയും റഷ്യയുടെയും പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പശ്ചിമേഷ്യയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് എന്നവരാണ് അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നത്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്ക് മുൻപിൽ ചില കരടുനിർദ്ദേശങ്ങൾ അമേരിക്ക വെക്കും. റഷ്യൻ പ്രതിനിധികൾ അവരുടെ ഉപാധികൾ മുന്നോട്ടുവെക്കുകയും ചെയ്യും.
അതേസമയം, യൂറോപ്യൻ നേതാക്കളെ പങ്കെടുപ്പിക്കാതെയുള്ള ഈ ചർച്ചയിൽ അതൃപ്തി പ്രകടിപ്പിച്ച് പാരീസിൽ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ ഉൾപ്പെടെയുള്ളവർ പാരീസിലെ യോഗത്തിൽ പങ്കെടുക്കും. യൂറോപ്പിൽ നടക്കുന്ന ഒരു പ്രശ്നത്തിന് യൂറോപ്യൻ നേതാക്കളെ ഭാഗമാക്കാതെയുള്ള ചർച്ചയിൽ കടുത്ത അമർഷമാണ് ഉരുത്തുരിയുന്നത്. ട്രംപ് ഭരണകൂടത്തിന്റെ മറ്റുചില നടപടികളും യൂറോപ്പിനെ അസ്വസ്ഥമാക്കുന്നുണ്ട്.തന്റെ രാജ്യത്തിന്റെ അഭിപ്രായമെടുക്കാതെ ഉണ്ടാക്കുന്ന ഒരു കരാറും അംഗീകരിക്കില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും അറിയിച്ചിട്ടുണ്ട്.
Adjust Story Font
16

