Quantcast

എഴുന്നേറ്റു നിൽക്കുമ്പോൾ വിറയ്ക്കുന്ന പുടിന്റെ വീഡിയോ പുറത്ത്; റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

സിനിമാ നിർമാതാവായ നികിത മിഖയ്‌ലോവിന് അവാർഡ് നൽകിയ ശേഷം മുന്നോട്ടും പിന്നോട്ടും ആടുന്ന പുടിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 69 കാരനായ പുടിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    17 Jun 2022 2:19 PM GMT

എഴുന്നേറ്റു നിൽക്കുമ്പോൾ വിറയ്ക്കുന്ന പുടിന്റെ വീഡിയോ പുറത്ത്; റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്
X

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ആരോഗ്യനില വളരെ മോശമെന്ന് സൂചന നൽകുന്ന വീഡിയോ പുറത്ത്. വിറയ്ക്കുന്നത് മൂലം എഴുന്നേറ്റു നിൽക്കാൻ പോലും ബുദ്ധിട്ടുന്ന പുടിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ക്രെംലിനിൽ നടന്ന ഒരു അവാർഡ് വിതരണ പരിപാടിയുടെ വീഡിയോ ആണ് ഇതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത സ്ഥിരീകരിക്കാൻ റഷ്യൻ ഏജൻസികൾ തയ്യാറായിട്ടില്ല.

സിനിമാ നിർമാതാവായ നികിത മിഖയ്‌ലോവിന് അവാർഡ് നൽകിയ ശേഷം മുന്നോട്ടും പിന്നോട്ടും ആടുന്ന പുടിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 69 കാരനായ പുടിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. യുക്രൈൻ ആക്രമണത്തിന് പിന്നാലെ ഇത് ശക്തമായി. പുടിന് രക്താർബുദമാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ എല്ലാ റിപ്പോർട്ടുകളും തള്ളിയ റഷ്യ പ്രസിഡന്റ് പൂർണ ആരോഗ്യവാനാണെന്നും അവകാശപ്പെട്ടിരുന്നു.

വിദേശ യാത്രാസമയങ്ങളിൽ പുടിന്റെ മലവും മൂത്രവും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ചു തിരികെക്കൊണ്ടുപോയിരുന്നതായും ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് യാതൊരു വിവരവും വിദേശ ഇന്റലിജൻസ് ഏജൻസികൾക്ക് കിട്ടരുതെന്ന് ഉറപ്പാക്കാനാണ് റഷ്യൻ ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്തത്. ഫ്രഞ്ച് മാധ്യമമായ 'പാരിസ് മാച്ച്' ആണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്.

വിദേശ ഏജൻസികൾ തന്റെ ആരോഗ്യവിവരങ്ങൾ സ്വന്തമാക്കുമെന്ന് പുടിൻ ഭയപ്പെട്ടിരുന്നതായി ഡോക്ട്രൈൻ ആൻഡ് സ്ട്രാറ്റജി കൺസൽട്ടിങ് പ്രസിഡന്റ് റബേക്ക കോഫ്‌ലറും യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎയുടെ മുൻ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയുടെ ഫെഡറൽ ഗാർഡ് സർവീസിന്റെ ഒരു ഉദ്യോഗസ്ഥൻ പുടിന്റെ മലവും മൂത്രവും ശേഖരിക്കുന്നതിനു മാത്രം കൂടെയുണ്ടാകുമെന്നാണ് ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇയാൾ എപ്പോഴും ഒരു സ്യൂട്ട് കെയ്‌സും കരുതും.

പുടിന്റെ മലവും മൂത്രവും പ്രത്യേക ബാഗുകളിലാക്കി മോസ്‌കോയിലേക്കു തന്നെ കൊണ്ടുപോകുകയാണു ചെയ്യുന്നത്. 2017 മേയ് 29നു പുടിൻ ഫ്രാൻസ് സന്ദർശിച്ചപ്പോഴും 2019 ഒക്ടോബറിൽ സൗദിയിലെത്തിയപ്പോഴും ഈ രീതി പിന്തുടർന്നതായി റഷ്യൻ ഭരണത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന മിഖായേൽ റൂബിൻ പ്രതികരിച്ചു. പുടിൻ റഷ്യ ഭരിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ ഇങ്ങനെ ചെയ്യുന്നുണ്ടെന്നാണു വിദഗ്ധർ പറയുന്നത്.

TAGS :

Next Story