Quantcast

മരിയൂപോളിലെ അഭയാർത്ഥി കേന്ദ്രത്തിൽ റഷ്യയുടെ മിസൈൽ ആക്രമണം

രാജ്യത്തിന്റെ തെക്ക് ഇന്ധന സംഭരണ കേന്ദ്രം തകർത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-03-20 12:35:14.0

Published:

20 March 2022 12:33 PM GMT

മരിയൂപോളിലെ അഭയാർത്ഥി കേന്ദ്രത്തിൽ റഷ്യയുടെ മിസൈൽ ആക്രമണം
X

മരിയൂപോളിലെ അഭയാർത്ഥി കേന്ദ്രത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയെന്ന് യുക്രൈൻ. നാന്നൂറോളം പേർക്ക് അഭയം നൽകിയിരുന്ന മാരിയോപോളിലെ സ്‌കൂളിനു നേരെയാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. ഹൈപ്പർസോണിക് മിസൈലാണ് റഷ്യൻ സൈന്യം തൊടുത്തുവിട്ടത്. റഷ്യൻ ആക്രമണത്തിൽ സ്‌കൂൾ കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. ഹൈപ്പർസോണിക് മിസൈൽ വീണ്ടും യുക്രൈനിൽ വിക്ഷേപിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. മുമ്പ്, ഇവിടെ ഒരു തിയേറ്ററിന് നേരെ ആക്രമണം നടന്നിരുന്നു. രാജ്യത്തിന്റെ തെക്ക് ഇന്ധന സംഭരണ കേന്ദ്രം തകർത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ നേരിട്ട് ചർച്ചകൾ നടത്താൻ യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമിർ സെലെൻസ്‌കി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് അഭ്യർത്ഥിച്ചു. സ്വിസ് ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന റഷ്യൻ സമ്പന്നരുടെ പണം കണ്ടുകെട്ടാൻ സെലൻസ്‌കി സ്വിറ്റ്സർലൻഡ് സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണം യുക്രൈന് എതിരായ ആക്രമണത്തിന് ഉപയോഗിക്കാൻ നൽകുന്നുവെന്നാണ് ആരോപണം.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി യുക്രൈനെതിരായ റഷ്യൻ ആക്രമണത്തെക്കുറിച്ച് വീഡിയോ കോൺഫറൻസിംഗ് വഴി ചർച്ച ചെയ്തിരുന്നു. റഷ്യയെ സഹായിക്കുന്ന ഏത് സഹായത്തിനും അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് ബൈഡൻ ജിൻപിങ്ങിന് മുന്നറിയിപ്പ് നൽകി.റോമിൽ ആശുപത്രിയിൽ കഴിയുന്ന 19 യുക്രേനിയൻ അഭയാർത്ഥി കുട്ടികളെ ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചു. റഷ്യൻ ആക്രമണത്തെ അദ്ദേഹം ശക്തമായി വിമർശിക്കുകയും ചെയ്തു. യുക്രൈനിലെ യുദ്ധം പക്ഷപാതപരമായ താൽപ്പര്യങ്ങൾക്കായുള്ള വെറുപ്പുളവാക്കുന്ന അധികാര ദുർവിനിയോഗമാണെന്നും മാർപാപ്പ പറഞ്ഞു.

ഇതു രണ്ടാം തവണയാണ് റഷ്യൻ സൈന്യം യുക്രൈനിൽ കനത്ത മിസൈൽ ആക്രമണം നടത്തുന്നത്. എന്നാൽ യുക്രൈന്റെ ചെറുത്തു നിൽപ്പിൽ നിരവധി റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്‌കി അറിയിച്ചു. യുക്രൈനിൽ ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യൻ ആക്രമണം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ലോക സമ്പദ് വ്യവസ്ഥ വിമുക്തമാവുന്നതിനിടെയാണ് റഷ്യൻ ആക്രമണം ആഗോളതലത്തിൽ വീണ്ടും വലിയ പ്രതിസന്ധി സൃഷ്ടിച്ചത്.

TAGS :

Next Story