Quantcast

റഷ്യയുടെ പുതിയ ഉപാധി വിനയായി; ഇറാൻ ആണവ ചർച്ച വഴിമുട്ടി

നവംബറിൽ വിയന്നയിൽ ആരംഭിച്ച ഇറാൻ ആണവ ചർച്ചയാണ് വീണ്ടും അലസിയത്

MediaOne Logo

Web Desk

  • Published:

    13 March 2022 1:25 AM GMT

റഷ്യയുടെ പുതിയ ഉപാധി വിനയായി; ഇറാൻ ആണവ ചർച്ച വഴിമുട്ടി
X

ഇറാൻ ആണവ കരാർ ചർച്ച വീണ്ടും വഴിമുട്ടി. കരാർ പുനരുജീവിപ്പിക്കാൻ തെഹ്‌റാനും വൻശക്തി രാജ്യങ്ങളും തമ്മിൽ വിയന്നയിൽ നടന്ന അന്തിമവട്ട ചർച്ച വിജയകരമായിരുന്നു. എന്നാൽ, റഷ്യ പുതിയ ഉപാധി മുന്നോട്ടു വെച്ചതാണ് വിലങ്ങുതടിയായതെന്ന് യൂറോപ്യൻ കമീഷൻ കുറ്റപ്പെടുത്തി. റഷ്യയുടെ യുക്രൈൻ യുദ്ധമാണ് വിയന്നയിൽ ഇറാൻ ആണവ കരാർ ചർച്ചക്ക് പുതിയ തിരിച്ചടിയായത്. ഇറാനുമായി കരാർ ഒപ്പുവെക്കാൻ വൻശക്തി രാജ്യങ്ങളായ ബ്രിട്ടൻ, ചൈന, ജർമനി, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങൾ ഏറെക്കുറെ ധാരണയിൽ എത്തിയതാണ്.

എന്നാൽ, തങ്ങൾക്കെതിരെ പടിഞ്ഞാറൻ രാജ്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പുതിയ ഉപരോധം ഇറാനുമായുള്ള വ്യാപാരത്തെ ബാധിക്കില്ലെന്ന ഉറപ്പ് വേണമെന്ന് റഷ്യ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾ പ്രതികരിച്ചു.യുക്രൈൻ യുദ്ധ ഉപരോധവുമായി ഇറാൻ ആണവ കരാറിനെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയും വ്യക്തമാക്കി. ഇതോടെയാണ് തൽക്കാലം ചർച്ച നിർത്തിവെക്കാനുള്ള തീരുമാനം.

നവംബറിൽ വിയന്നയിൽ ആരംഭിച്ച ഇറാൻ ആണവ ചർച്ചയാണ് വീണ്ടും അലസിയത്. കരാർ ഒപ്പുവെച്ചാൽ ഇറാനിൽ നിന്നുള്ള എണ്ണ വിപണിയിലെത്തുന്നത് വില പിടിച്ചു നിർത്താൻ സഹായകമാകുമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും.എന്നാൽ, യുക്രൈൻ യുദ്ധ സാഹചര്യത്തിൽ വിപണിയിലേക്ക് ഇറാൻ എണ്ണയെത്തുന്നത് തങ്ങളുടെ താൽപര്യങ്ങൾക്ക് ദോഷം ചെയ്യുമെന്ന് റഷ്യ തിരിച്ചറിഞ്ഞു.നിലവിലെ സാഹചര്യത്തിൽ യുക്രൈൻ യുദ്ധം അവസാനിക്കാതെ ഇറാൻ ആണവ കരാർ ചർച്ച പുനരാരംഭിക്കാൻ സാധ്യത മങ്ങിയിരിക്കുകയാണ്.

TAGS :

Next Story