Quantcast

'ഋഷി സുനക് മുസ്‌ലിം വിരുദ്ധതയ്ക്കും വംശീയതയ്ക്കും കൂട്ടുനിൽക്കുന്നു'; വിമർശനവുമായി ലണ്ടൻ മേയർ സാദിഖ് ഖാൻ

സാദിഖ് ഖാനെ നിയന്ത്രിക്കുന്നത് ഇസ്‍ലാമിസ്റ്റുകളാണെന്നും ലണ്ടനെ അദ്ദേഹം സുഹൃത്തുക്കൾക്കു വിട്ടുകൊടുത്തിരിക്കുകയാണെന്നുമായിരുന്നു കൺസർവേറ്റിവ് പാർട്ടി മുൻ ഡെപ്യൂട്ടി ചെയർമാൻ ലീ ആൻഡേഴ്‌സന്റെ പരാമർശം

MediaOne Logo

Web Desk

  • Published:

    26 Feb 2024 10:22 AM GMT

Sadiq Khan slams British PM Rishi Sunak for failing to condemn Lee Anderson comments
X

സാദിഖ് ഖാന്‍, ഋഷി സുനക്

ലണ്ടൻ: കൺസർവേറ്റിവ് പാർട്ടി എം.പിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ വിമർശനവുമായി ലണ്ടൻ മേയർ സാദിഖ് ഖാൻ. ലീ ആൻഡേഴ്‌സന്റെ മുസ്‌ലിം വിദ്വേഷ പരാമർശങ്ങൾക്കു കൂട്ടുനിൽക്കുകയാണ് സുനക് എന്ന് അദ്ദേഹം വിമർശിച്ചു. മുസ്‍ലിംകൾക്കെതിരായ വംശീയത പ്രശ്‌നമല്ലെന്ന സന്ദേശമാണ് ഇതു നൽകുന്നതെന്നും സാദിഖ് ഖാൻ കുറ്റപ്പെടുത്തി.

മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിന് ഇന്ധനം പകരുകയാണ് ലീ ആൻഡേഴ്‌സൻ ചെയ്തതെന്ന് ലണ്ടൻ മേയർ പറഞ്ഞു. ഒരു മുതിർന്ന കൺസർവേറ്റീവ് നേതാവിന്റെ പരാമർശങ്ങളാണിത്. ഇസ്‌ലാമോഫോബിയ നിറഞ്ഞതും മുസ്‌ലിം വിരുദ്ധവും വംശീയവുമാണ് പരാമർശങ്ങൾ. ഋഷി സുനകിന്റെ ആഴത്തിലുള്ള മൗനമാണു തന്നെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുനകിന്റെയും മന്ത്രിസഭയുടെയും മൗനം ഈ വംശീയതയെ അംഗീകരിക്കുന്നതാണ്. എന്തുകൊണ്ടാണ് സുനകും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും പ്രസ്താവനയെ അപലപിച്ചു രംഗത്തെത്താത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത്തരം വംശീയതയ്ക്ക് അവർ കുടപിടിക്കുന്ന പോലെയാണതെന്നും സാദിഖ് ഖാൻ പറഞ്ഞു.

മുസ്‌ലിം വിരുദ്ധതയും അവർക്കെതിരായ വംശീയതയുമൊന്നും പ്രശ്‌നമല്ലെന്ന സന്ദേശമാണ് ഇതു നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടനിൽ അതും 2024ൽ ഇതൊക്കെ സംഭവിക്കുന്നുവെന്നത് അത്ര നല്ലതല്ലെന്നും ലണ്ടൻ മേയർ കൂട്ടിച്ചേർത്തു.

ബ്രിട്ടീഷ് മാധ്യമമായ 'ജി.ബി ന്യൂസി'ന് നൽകിയ അഭിമുഖത്തിലായിരുന്നു ലീ ആൻഡേഴ്‌സന്റെ വിവാദ പരാമർശങ്ങൾ. ഇസ്്‌ലാമിസ്റ്റുകൾ നമ്മുടെ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയിട്ടുണ്ടെന്നു കരുതുന്നില്ലെങ്കിലും സാദിഖ് ഖാനെയും ലണ്ടനെയും നിയന്ത്രിക്കുന്നത് അവരാണെന്നാണു തന്റെ വിശ്വാസമെന്നായിരുന്നു ആൻഡേഴ്‌സൻ പറഞ്ഞത്. നമ്മുടെ തലസ്ഥാന നഗരത്തെ സുഹൃത്തുക്കൾക്കു വിട്ടുനൽകിയിരിക്കുകയാണ് അദ്ദേഹമെന്നും ആൻഡേഴ്‌സൻ ആരോപിച്ചു.

കൺസർവേറ്റിവ് പാർട്ടി മുൻ ഡെപ്യൂട്ടി ചെയർമൻ കൂടിയാണ് ആൻഡേഴ്‌സൻ. ഗസ്സയിലെ ഇസ്രായേൽ നരഹത്യയിൽ ലണ്ടനിൽ നടക്കുന്ന വമ്പൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിവാദ പരാമർശം. പ്രസ്താവനയ്‌ക്കെതിരെ ലേബർ പാർട്ടി നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മുൻ മന്ത്രി സാജിദ് ജാവിദ് ഉൾപ്പെടെ കൺസർവേറ്റിവ് പാർട്ടിയിലെ തന്നെ ഒരു വിഭാഗവും ആൻഡേഴ്‌സനെ വിമർശിച്ചു. ആൻഡേഴ്‌സന്റെ പരാമർശം അപകടകരവും വിഡ്ഢിത്വവുമാണെന്നാണ് വ്യവസായ മന്ത്രി നുസ് ഗനി പ്രതികരിച്ചത്.

Summary: 'Muslims are fair game when it comes to racism': London Mayor Sadiq Khan slams British PM Rishi Sunak for failing to condemn Lee Anderson comments

TAGS :

Next Story