വിൽപനയിൽ ഇടിവ്; വിപണി പിടിക്കാൻ പുതിയ മേക്കോവറിൽ സ്റ്റാർബക്സ്
ഇസ്രായേലിന് പിന്തുണ നൽകിയതിൽ സ്റ്റാർബക്സിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് കമ്പനിക്ക് തിരിച്ചടിയായിരുന്നു

വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് കൂട്ടുനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്റ്റാർബക്‌സിനെതിരെ ആഗോളതലത്തിൽ ബഹിഷ്‌കരണാഹ്വാനം നടന്നതിന് പിന്നാലെ കമ്പനിക്ക് വൻ തിരിച്ചടി. വില്പനയിൽ ഇടിവ് സംഭവിച്ചതിന് പിന്നാലെ വിപണി പിടിക്കാൻ പുതിയ മേക്കോവറിൽ സ്റ്റാർബക്സ് രംഗത്തെത്തിയിരിക്കുകയാണ്.
ഈ സാമ്പത്തിക വർഷത്തിലെ ആറ് പാദങ്ങളിലും വിൽപനയിൽ ഇടിവ് സംഭവിച്ചതിനുശേഷം പ്രോട്ടീൻ അടങ്ങിയ കോൾഡ് ഫോം പാനീയങ്ങൾ, വേഗതയേറിയ സേവനം തുടങ്ങി നിരവധി മാറ്റങ്ങളാണ് സ്റ്റാർബക്സ് കൊണ്ടുവരന്നത്. തിരക്കേറിയ സമയങ്ങളിൽ മികച്ച ജീവനക്കാരെ നിയമിക്കൽ, ഹോസ്പിറ്റാലിറ്റി പരിശീലനം തുടങ്ങിയവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എട്ട് ആഴ്ചകളിലായി 1,500 സ്റ്റോറുകളിൽ സ്റ്റാർബക്സ് പുതിയ സേവനങ്ങൾ പരീക്ഷിച്ചു.
ഓഗസ്റ്റ് പകുതിയോടെ യുഎസിലുടനീളം ഇത് വ്യാപിപ്പിക്കാൻ സ്റ്റാർബക്സ് പദ്ധതിയിടുന്നതായി ചെയർമാനും സിഇഒയുമായ ബ്രയാൻ നിക്കോൾ പറഞ്ഞു. സ്റ്റോറുകളിലെ 80 ശതമാനം ഓർഡറുകളും ഇപ്പോൾ നാല് മിനിറ്റോ അതിൽ കുറവോ സമയത്തിനുള്ളിൽ ചെയ്യപ്പെടുന്നുണ്ടെന്നും നിക്കോൾ പറഞ്ഞു.
ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ആഗോള തലത്തിൽ സ്റ്റാർബക്‌സിനെതിരെ വ്യാപക ബഹിഷ്‌കരണാഹ്വാനം ഉയർന്നിരുന്നു. ഇതാണ് ഈ സാമ്പത്തിക വർഷത്തിലെ കഴിഞ്ഞ ആറ് പാദങ്ങളിലെയും തിരിച്ചടിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16

