Quantcast

ക്രിക്കറ്റ് ചരിത്രത്തിലാദ്യം! ഒരു ബോൾ ചെയ്യാൻ ഓടിയെത്തിയത് 101 കിലോമീറ്റർ; 14 മണിക്കൂർ തുടർച്ചയായി ഓടി റെക്കോർഡ് ശ്രമവുമായി ബ്രിട്ടീഷ് ക്രിക്കറ്റർ

2024ൽ 24 കിലോമീറ്റർ ദൂരം താണ്ടി പന്തെറിഞ്ഞ ടോം ഡണിന്‍റെ പേരിലായിരുന്നു നേരത്തെ റെക്കോർഡ്

MediaOne Logo

Web Desk

  • Published:

    4 Sept 2026 4:40 PM IST

ക്രിക്കറ്റ് ചരിത്രത്തിലാദ്യം! ഒരു ബോൾ ചെയ്യാൻ ഓടിയെത്തിയത് 101 കിലോമീറ്റർ; 14 മണിക്കൂർ തുടർച്ചയായി ഓടി റെക്കോർഡ് ശ്രമവുമായി ബ്രിട്ടീഷ് ക്രിക്കറ്റർ
X

ലണ്ടൻ: ഒരു ബോൾ ചെയ്യുന്നതിന് മാത്രമായി 101 കിലോമീറ്ററുകൾ താണ്ടിയെത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബ്രിട്ടീഷ് ക്രിക്കറ്റർ. ദീർഘദൂര ഓട്ടക്കാരൻ കൂടിയായ സാം ബോഡോനോയാണ് 14 മണിക്കൂർ തുടർച്ചയായി ഓടി റെക്കോർഡ് ശ്രമം നടത്തിയത്. ലോർഡ്സ് ക്രിക്കറ്റ് മൈതാനത്ത് നിന്ന് ഓട്ടമാരംഭിച്ച് സറേയിലെ വാലി എൻഡ് ക്രിക്കറ്റ് ക്ലബ് മൈതാനത്തെ മത്സരത്തിലാണ് സാം പന്തെറിഞ്ഞത്. ഒരു പന്തെറിയുന്നതിന് മുൻപ് നടത്തുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റൺ അപ്പിനുള്ള ഗ്വിന്നസ് റെക്കോർഡാണ് താരത്തിന്‍റെ ലക്ഷ്യമെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

14 മണിക്കൂറിലേറെ ദൂരം ഓടിത്തീർത്ത് ആഗസ്റ്റ് 30ലാണ് 22കാരൻ ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയത്. നോർത്ത് ലണ്ടനിലെ ലോർഡ്സിൽ നിന്ന് അർദ്ധരാത്രി ആരംഭിച്ച ഓട്ടം അടുത്ത ദിവസം ഉച്ചയോടെ വാലി എൻഡ് ക്രിക്കറ്റ് ക്ലബിൽ അവസാനിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഓട്ടത്തിലുടനീളം ക്രിക്കറ്റ് ജേഴ്സിയും കയ്യിലൊരു പന്തും കരുതിക്കൊണ്ട്, റെക്കോർഡ് നേട്ടത്തിനാവശ്യമായ മാർഗനിർദേശങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു ശ്രമം. ക്ലബിലെത്തിയ സാമിന്‍റെ ആദ്യബോൾ നേരിട്ടത് അദ്ദേഹത്തിന്‍റെ പിതാവാണെന്നതും ശ്രദ്ധേയം. മകന്‍റെ പന്തിനെ മനോഹരമായ കവർ ഡ്രൈവിലൂടെ പിതാവ് ബൌണ്ടറിയിലേക്ക് പായിക്കുകയും ചെയ്തു.

101.38 കിലോമീറ്റർ അഥവാ, ഏകദേശം 62.9 മൈൽ ദൂരം താരം ഓടിത്തീർത്തതായാണ് വിവരം. ഒരു സ്റ്റാൻഡേർഡ് മാരത്തണിന്‍റെ രണ്ട് ഇരട്ടിയിലേറെ ദൂരം വരുമിത്. ഇരുമൈതാനങ്ങൾ തമ്മിലുള്ള യഥാർത്ഥ ദൂരത്തേക്കാളേറെ താരം ഓടിത്തീർക്കുകയും ചെയ്തിട്ടുണ്ട്. ലണ്ടൻ പൂർണമായും കവർ ചെയ്ത്, തെംസ് നദി പലതവണ മുറിച്ചുകടന്ന്, ഓവലും ടവർ ബ്രിഡ്ജുമെല്ലാം മറികടന്നാണ് സാമിന്‍റെ റെക്കോർഡിനായുള്ള ഓട്ടം.

അതേസമയം, കേവലമൊരു റെക്കോർഡ് നേട്ടം എന്നതിനേക്കാളുപരി, ചലഞ്ച് വഴി സമാഹരിച്ച പണം കാൻസർ രോഗികളുടെ പരിചരണത്തിനായി നീക്കിവെക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകൻ ആൻഡ്രൂ സ്ട്രസ് സ്ഥാപിച്ച റൂത്ത് സ്ട്രോസ് ഫൌണ്ടേഷനിനാണ് പണം കൈമാറുക. തന്‍റെ ഭാര്യ റൂത്തിന്‍റെ സ്മരണാർത്ഥം ആൻഡ്രൂ സ്ഥാപിച്ച ചാരിറ്റി സെന്‍ററാണ് റൂത്ത് സ്ട്രോസ് ഫൌണ്ടേഷൻ. ചലഞ്ച് വഴി ഏകദേശം ഏഴര ലക്ഷത്തോളം രൂപ സമാഹരിക്കാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2024ൽ 24 കിലോമീറ്റർ ദൂരം താണ്ടി പന്തെറിഞ്ഞ ടോം ഡണിന്‍റെ പേരിലായിരുന്നു നേരത്തെ റെക്കോർഡ്. ഇതാണ് സാം സ്വന്തം പേരിലേക്ക് മാറ്റിയത്. നീണ്ട ഓട്ടം കഴിഞ്ഞെത്തിയതിന്‍റെ ക്ഷീണം വകവെക്കാതെ താരം മത്സരത്തിൽ രണ്ട് സിക്സറടിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, മത്സരത്തിൽ സാമിന്‍റെ റൂത്ത് സ്ട്രെസ് ഇലവൻ എതിരാളികളോട് ഒരു റണിന് പൊരുതിത്തോറ്റു.

അതേസമയം, സാമിന്‍റെ ഓട്ടത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് ഇതേവരെയും ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ റെക്കോർഡായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്‍റെ ചലഞ്ചിന്‍റെ തെളിവുകളും പ്രത്യേകതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. ഇത് സംബന്ധിച്ചുള്ള ആധികാരികമായ തെളിവുശേഖരണത്തിന്‍റെയും പരിശോധനകളുടേയും ശേഷം മാത്രമേ ഗിന്നസ് റെക്കോർഡ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളൂ.

TAGS :

Next Story