Quantcast

'സൽബുദ്ധിയുള്ള രാഷ്ട്രം ഹോബിയായി കുട്ടികളെ കൊല്ലില്ല' - ഇസ്രായേൽ പ്രതിപക്ഷ പാർട്ടി നേതാവ്

ഗൊലാന്റെ പ്രസ്താവന ഇസ്രായേൽ സൈന്യത്തിനും രാഷ്ട്രത്തിനും എതിരാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

MediaOne Logo

André

  • Updated:

    2025-05-20 08:43:41.0

Published:

20 May 2025 1:31 PM IST

സൽബുദ്ധിയുള്ള രാഷ്ട്രം ഹോബിയായി കുട്ടികളെ കൊല്ലില്ല - ഇസ്രായേൽ പ്രതിപക്ഷ പാർട്ടി നേതാവ്
X

തെൽ അവിവ്: ഇസ്രായേൽ സൈന്യം ഗസ്സ പിടിച്ചടക്കാനുള്ള നീക്കം നടത്തുന്നതിനിടെ, ഗവൺമെന്റിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷത്തെ 'ദി ഡെമോക്രാറ്റ്' പാർട്ടി തലവൻ യൈർ ഗൊലാൻ. സൽബുദ്ധിയുള്ള ഒരു രാഷ്ട്രം വിനോദത്തിനു വേണ്ടി കുട്ടികളെ കൊല്ലുകയില്ലെന്നും നെതന്യാഹു ഭരണകൂടത്തിന്റെ നടപടികൾ ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുമെന്നും ഗൊലാൻ പറഞ്ഞു.

'സൽബുദ്ധിയുള്ള ഒരു രാഷ്ട്രത്തെ പോലെ പെരുമാറുന്ന അവസ്ഥയിലേക്ക് നാം തിരിച്ചുപോയില്ലെങ്കിൽ പണ്ടത്തെ ദക്ഷിണാഫ്രിക്കയെ പോലെ ഇസ്രായേൽ ഒറ്റപ്പെടാൻ പോവുകയാണ്.' - കാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ഇടതുപക്ഷ നേതാവ് പറഞ്ഞു: 'സൽബുദ്ധിയുള്ള ഒരു രാഷ്ട്രം സിവിലിയന്മാരോട് യുദ്ധം ചെയ്യില്ല. കുട്ടികളെ വിനോദത്തിനു വേണ്ടി കൊല്ലില്ല. ജനങ്ങളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കില്ല.'

ഒരു തരത്തിലുള്ള ധാർമികതയും ഇല്ലാത്തവരാണ് ഇസ്രായേലിന്റെ നിലവിലെ ഭരണകൂടമെന്നും രാജ്യത്തിന്റെ നിലനിൽപ്പു തന്നെ അവർ അപകടത്തിലാക്കുകയാണെന്നും ഗൊലാൻ പറഞ്ഞു.

'ഈ ഭരണകൂടം നിറയെ പ്രതികാര ബുദ്ധിയുള്ള, ധാർമിക മൂല്യങ്ങളോ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ നയിക്കാനുള്ള ശേഷിയോ ഇല്ലാത്ത ആളുകളാണ്. അവർ നമ്മുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുകയാണ്.'

'കാര്യങ്ങൾ അത്യന്തം ഭീകരമാണ്. ചരിത്രത്തിലുടനീളം പീഡനങ്ങൾക്കും കൂട്ടക്കൊലകൾക്കും ഇരയായ നമ്മൾ, മാനുഷിക മൂല്യങ്ങളും നൈതികതയും പുലർത്തി ജൂതന്മാർ, മനസ്സാക്ഷിക്കു നിരക്കാത്ത കാര്യങ്ങൾ പ്രവർത്തിക്കുന്നു എന്നത് അസഹനീയമാണ്. ഈ ഭരണകൂടത്തെ എത്രയും വേഗം പുറത്താക്കുകയും യുദ്ധം അവസാനിപ്പിക്കുകയും വേണം.' - ഗൊലാൻ പറഞ്ഞു.

ഗൊലാന്റെ പ്രസ്താവന ഇസ്രായേൽ സൈന്യത്തിനും രാഷ്ട്രത്തിനും എതിരാണെന്ന് പ്രസ്താവിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ലോകത്തെ ഏറ്റവും ധാർമികതയുള്ള സൈന്യമാണ് തങ്ങളുടേതെന്ന് അവകാശപ്പെട്ടു.

TAGS :

Next Story