11 വർഷങ്ങൾക്കിപ്പുറം ഉത്തരം കിട്ടുമോ? 2014ൽ കാണാതായ എംഎച്ച് 370നെ തേടി മലേഷ്യ
ഡിസംബര്‍ 30ന് തെരച്ചില്‍ പുനഃരാരംഭിക്കുമെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.

ക്വാലാലംപുര്‍: 2014ല്‍ അപ്രത്യക്ഷമായ എംഎച്ച് 370 വിമാനത്തിനുവേണ്ടിയുള്ള തെരച്ചില്‍ പുനഃരാരംഭിക്കാന്‍ മലേഷ്യ. ഡിസംബര്‍ 30ന് തെരച്ചില്‍ പുനഃരാരംഭിക്കുമെന്ന് മലേഷ്യന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ തെരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം താമസിയാതെ നിർത്തിവെക്കുകയായിരുന്നു.
2014ൽ ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്കുള്ള യാത്രാമധ്യേയാണ് ബോയിംഗ് 777 വിമാനം എംഎച്ച് 370 അപ്രത്യക്ഷമായത്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ തെരച്ചിലിന് സാക്ഷിയായെങ്കിലും ഒരു വിവരവും കിട്ടിയിരുന്നില്ല. 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം കണ്ടെത്താന്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലാണ് തെരച്ചിൽ കേന്ദ്രീകരിക്കുകയെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. യാത്രക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും ചൈനക്കാരായിരുന്നു, മറ്റുള്ളവർ മലേഷ്യ, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. വിമാനത്തിന് എന്ത് സംഭവിച്ചു, എങ്ങനെ അപ്രത്യക്ഷമായി തുടങ്ങിയ നിര്‍ണായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് മലേഷ്യന്‍ സര്‍ക്കാര്‍ തെരച്ചില്‍ പുനഃരാംരഭിക്കുന്നത്.
വിമാനം അതിന്റെ വ്യോമ പാതയിൽ നിന്ന് തെന്നിമാറി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പോയതായി ഉപഗ്രഹ ഡാറ്റയില്‍ കാണിച്ചിരുന്നു. അവിടെ ഇന്ധനം തീർന്ന് തകർന്നുവീണിരിക്കാമെന്നാണ് പറയപ്പെടുന്നത്. തുടക്കത്തിൽ, ഓസ്‌ട്രേലിയയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് വർഷത്തിനിടെ 120,000 ചതുരശ്ര കിലോമീറ്റർ (46,300 ചതുരശ്ര മൈൽ) സമുദ്രത്തിൽ അരിച്ചുപെറുക്കിയിരുന്നു. വിമാനത്തിന്റേതെന്ന് കരുതുന്നതും അല്ലാത്തതുമായ ഏതാനും അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നല്ലാതെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിരുന്നില്ല.
Adjust Story Font
16

