Quantcast

ചൈനയുമായും അമേരിക്കയുമായും ഭായി ഭായി; വികസനവേഗത്തിന്റെ പുതിയ പേര് 'ഷഹബാസ് സ്പീഡ്'

നവാസ്-ഷഹബാസ് സഹോദരങ്ങളുടെ പിതാവ് മുഹമ്മദ് ശരീഫ് 1900ത്തിന്റെ ആദ്യത്തിൽ കശ്മീരിലെ അനന്ത്‌നാഗിൽനിന്ന് ബിസിനസ് ആവശ്യാർത്ഥം പഞ്ചാബിലെ അമൃത്സറിലേക്ക് കുടിയേറുകയായിരുന്നു. വലിയ സമ്പന്നനും വ്യവസായിയുമായിരുന്നു മുഹമ്മദ് ശരീഫ്. വിഭജനത്തിനുശേഷം ശരീഫ് കുടുംബം അമൃത്സറിൽനിന്ന് ലാഹോറിലേക്ക് കൂടുമാറി

MediaOne Logo

Web Desk

  • Published:

    11 April 2022 3:11 PM GMT

ചൈനയുമായും അമേരിക്കയുമായും ഭായി ഭായി; വികസനവേഗത്തിന്റെ പുതിയ പേര് ഷഹബാസ് സ്പീഡ്
X

പാകിസ്താന്റെ 23-ാമത് പ്രധാനമന്ത്രിയായി ഷഹബാസ് ശരീഫ് അധികാരമേൽക്കാനിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനായി രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായും ഒടുവിൽ പാക് പ്രതിപക്ഷ നേതാവ് വരെയായാണ് ശരീഫ് രാജ്യത്തെ നയിക്കാനെത്തുന്നത്. ജ്യേഷ്ഠനെപ്പോലെ അഴിമതിക്കേസുകൾ ഒരു വാളായി തലയിൽ തൂങ്ങിയാടുമ്പോഴും ഇംറാൻ ഖാനിൽനിന്ന് വ്യത്യസ്തനായി പാകിസ്താന്റെ ദീർഘകാല സുഹൃദ് രാജ്യങ്ങളായ അമേരിക്കയുമായും ചൈനയുമായും നല്ല ബന്ധം പുലർത്തുന്നുവെന്ന അനുകൂല ഘടകം ഷഹബാസിന്റെ മുന്നിലുണ്ട്.

കശ്മീരിൽനിന്ന് അമൃത്സർ വഴി ലാഹോറിലേക്ക്

1951 സെപ്റ്റംബർ 23ന് ലാഹോറിലെ പഞ്ചാബി സംസാരിക്കുന്ന കശ്മീരി വ്യവസായ കുടുംബത്തിലാണ് ഷഹബാസ് ശരീഫിന്റെ ജനനം. വ്യവസായിയായ പിതാവ് മുഹമ്മദ് ശരീഫ് 1900ത്തിന്റെ ആദ്യത്തിൽ കശ്മീരിലെ അനന്ത്‌നാഗിൽനിന്ന് ബിസിനസ് ആവശ്യാർത്ഥം പഞ്ചാബിലെ അമൃത്സറിലേക്ക് കുടിയേറുകയായിരുന്നു. മാതാവ് ശമീം അക്തർ പുൽവാമക്കാരിയുമാണ്. വിഭജനത്തിനുശേഷം ശരീഫ് കുടുംബം അമൃത്സറിൽനിന്ന് ലാഹോറിലേക്ക് കുടിയേറി.

ലാഹോറിലെ ഗവൺമെന്റ് കോളജ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷം കുടുംബത്തിന്റെ ബിസിനസിലേക്ക് തിരിഞ്ഞു. അന്നു പാകിസ്താനിലെ മുൻനിര സ്റ്റീൽ കമ്പനി കൂടിയായ കുടുംബ സ്ഥാപനം ഇത്തിഫാഖ് ഗ്രൂപ്പിന്റെ ഭാഗമായി. വൈകാതെ ലാഹോർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയ കരിയർ

1980കളിൽ പാകിസ്താനിൽ സിയാവുൽ ഹഖിന്റെ ഏകാധിപത്യ ഭരണക്കാലത്താണ് ഷഹബാസ് ശരീഫ് രാഷ്ട്രീയ കരിയറിനു തുടക്കമിടുന്നത്. ആ സമയത്തായിരുന്നു ജ്യേഷ്ഠസഹോദരൻ നവാസ് ശരീഫ് പഞ്ചാബ് പ്രവിശ്യാ സർക്കാരിൽ ധനകാര്യ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഈ സമയത്താണ് രാഷ്ട്രീയത്തിൽ താൽപര്യം തോന്നി പാകിസ്താൻ മുസ്‌ലിം ലീഗിൽ സജീവമായിത്തുടങ്ങിയത്.


1988ൽ പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷം കൊണ്ട് തന്നെ ദേശീയ രാഷ്ട്രീയത്തിലും അരങ്ങേറ്റം കുറിച്ചു. 1990ൽ ദേശീയ അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1993ൽ വീണ്ടും പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗമായി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അധികം വൈകാതെ 1997ൽ തന്നെ പഞ്ചാബ് മുഖ്യമന്ത്രിയുമായി രാഷ്ട്രീയ കരിയറിൽ പുതിയ അധ്യായത്തിനും തുടക്കമിട്ടു.

എന്നാൽ, രണ്ടുവർഷം മാത്രമേ മുഖ്യമന്ത്രി സ്ഥാനത്തിന് ആയുസുണ്ടായുള്ളൂ. 1999ൽ പർവേസ് മുഷറഫിന്റെ നേതൃത്വത്തിൽ നടന്ന പട്ടാള അട്ടിമറിയിൽ ഭരണം പോയി. തുടർന്ന് സഹോദരൻ നവാസിനൊപ്പം വർഷങ്ങളോളം സൗദി അറേബ്യയിൽ രാഷ്ട്രീയ അഭയാർത്ഥികളായി കഴിഞ്ഞു. ഏകദേശം ഒരു പതിറ്റാണ്ടുനീണ്ട ഇടവേളയ്ക്കുശേഷം 2007ൽ രണ്ടുപേരും നാട്ടിൽ തിരിച്ചെത്തി. 2008ൽ ഷഹബാസ് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2018ൽ പാനമ പേപ്പർ വെളിപ്പെടുത്തലിനു പിന്നാലെ അയോഗ്യനാക്കപ്പെട്ട് നവാസ് ശരീഫിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായതോടെ ഷഹബാസ് മുസ്‌ലിം ലീഗ്-നവാസ്(പി.എം.എൽ-എൻ) ദേശീയ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

അഴിമതിക്കറ

സഹോദരനെപ്പോലെ ഷഹബാസും ഗുരുതരമായ അഴിമതിക്കുറ്റങ്ങൾ നേരിടുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് മുതൽ കള്ളപ്പണം വെളുപ്പിക്കൽ വരെയുള്ള ആരോപണങ്ങൾ അതിൽ ഉൾപ്പെടും.

നവാസ് ശരീഫിനെ പാനമ പേപ്പർ അഴിമതിക്കുറ്റത്തിന് കോടതി അയോഗ്യനാക്കി ഒരു വർഷം പിന്നിടുമ്പോഴായിരുന്നു ഷഹബാസിനെതിരെ മറ്റൊരു അഴിമതിക്കേസ് വരുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പാക് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ(നാബ്) ഷഹബാസിന്റെയും മകൻ ഹംസയുടെയും 23 സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2020 സെപ്റ്റംബറിൽ ഇതേ കേസിൽ നാബ് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. വിചാരണ പൂർത്തിയാക്കാതെ തന്നെ ജയിലിലടക്കുകയും ചെയ്തു.

ചൈനയോടും അമേരിക്കയോടും സൗഹൃദം

പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായ സമയത്തെല്ലാം ചൈനീസ് ഭരണകൂടവുമായി നല്ല ബന്ധമാണ് ഷഹബാസ് തുടർന്നത്. ചൈന-പാകിസ്താൻ എകോണമിക്‌സ കോറിഡോർ തുടക്കം കുറിക്കുന്നത് ഷഹബാസിന്റെ കീഴിലാണ്. വേറെയും നിരവധി പദ്ധതികൾ ചൈനയുമായി സഹകരിച്ച് നടന്നു.


അതുകൊണ്ടൊക്കെ തന്നെ ചൈനീസ് വൃത്തങ്ങൾക്കെല്ലാം പ്രിയപ്പെട്ടയാളായിരുന്നു ഷഹബാസ്. ചൈനയുടെ പഴയ സുഹൃത്ത് എന്നാണ് പാകിസ്താനിലെ ചൈനീസ് കൗൺസൽ ജനറസലായിരുന്ന ലോങ് ദിങ്ബിൻ അടുത്തിടെ വിശേഷിപ്പിച്ചത്. ഒരുപടി കൂടി ചൈനീസ് മന്ത്രിയായ സെങ് ഷിയാസോങ് അദ്ദേഹത്തിന് 'ഷഹബാസ് സ്പീഡ്' എന്നൊരു വിളിപ്പേരും നൽകി. വികസന പദ്ധതികളെല്ലാം നിശ്ചിത സമയത്തിനും വളരെ മുൻപ് പൂർത്തിയാക്കിയതു ചൂണ്ടിക്കാട്ടിയായിരുന്നു ഇങ്ങനെയൊരു നാമകരണം.

ചൈനയ്‌ക്കൊപ്പം സഹകരിച്ചു മുന്നോട്ടുപോകുമ്പോൾ തന്നെ അമേരിക്കയോടും അടുത്ത സൗഹൃദം പുലർത്തിപ്പോന്നു ഷഹബാസ്. ഇംറാൻ ഖാനിൽനിന്നു വ്യത്യസ്തമായി അമേരിക്കയുമായി മികച്ച സൗഹൃദം തുടരണമെന്ന കാഴ്ചപ്പാടുകാരനാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. അമേരിക്കയുമായി അടികൂടി മുന്നോട്ടുപോകാനാകില്ലെന്ന് ഷഹബാസ് വ്യക്തമാക്കി. അമേരിക്കയുമായുള്ള നയതന്ത്രബന്ധം ശക്തമായി തുടരുന്നത് എന്തുമാത്രം പ്രധാനമാണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു ഷഹബാസ്.

Summary: Who is Shehbaz Sharif, Pakistan's new PM after Imran Khan's removal?

TAGS :

Next Story