Quantcast

ഇസ്രായേൽ സെറ്റിൽമെന്റുകളുമായി ബന്ധമുള്ള കമ്പനികൾക്കൊപ്പം ഇനി പ്രവർത്തിക്കില്ല; ഡാനിഷ് ഷിപ്പിങ് ഭീമനായ മെഴ്‌സ്ക്

കമ്പനികളുടെ ഓഹരികൾ മെഴ്‌സ്ക് വിറ്റഴിക്കാനൊരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Published:

    24 Jun 2025 4:01 PM IST

ഇസ്രായേൽ സെറ്റിൽമെന്റുകളുമായി ബന്ധമുള്ള കമ്പനികൾക്കൊപ്പം ഇനി പ്രവർത്തിക്കില്ല; ഡാനിഷ് ഷിപ്പിങ് ഭീമനായ മെഴ്‌സ്ക്
X

പനാമ സിറ്റി: വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേൽ സെറ്റിൽമെന്റുകളുമായി ബന്ധമുള്ള കമ്പനികൾക്കൊപ്പം ഇനി പ്രവർത്തിക്കില്ലെന്ന് ഡാനിഷ് ഷിപ്പിങ് ഭീമനായ മെഴ്‌സ്ക്. ഈ കമ്പനികളുടെ ഓഹരികൾ മെഴ്‌സ്ക് വിറ്റഴിക്കാനൊരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അനധികൃത ഇസ്രായേൽ സെറ്റിൽമെന്റുകളുമായി ബന്ധമുള്ള കമ്പനികളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് മാസങ്ങളായി മെഴ്‌സ്‌കിലെ ഫലസ്തീൻ അനുകൂല പ്രവർത്തകർ കമ്പനിക്ക് മേൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇത്തരം കമ്പനികൾക്കൊപ്പം ഇനി പ്രവർത്തിക്കില്ലെന്ന് മെഴ്‌സ്ക് അറിയിച്ചത്.

അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി ഏകദേശം 5,00,000 ഇസ്രായേലികൾ താമസിക്കുന്ന സെറ്റിൽമെന്റുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പേരുകൾ ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിരുന്നു. ഈ കമ്പനികളുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ (ഒഎച്ച്സിഎച്ച്ആർ) മാർഗ്ഗനിർദേശങ്ങൾ പാലിക്കാൻ തീരുമാനിച്ചതായും മെഴ്‌സ്ക് പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേലുമായി പ്രവർത്തിക്കുന്നത് നിർത്തണമെന്ന് മെഴ്‌സ്‌കിനോട് ആഹ്വാനം ചെയ്തിരുന്ന പ്രവർത്തകർ മെഴ്‌സ്‌കിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നിരുന്നാലും ഗസ്സയെ തകർക്കാൻ ഉപയോഗിച്ച എഫ്-35 യുദ്ധവിമാനങ്ങളുടെ അവശ്യ ഭാഗങ്ങൾ ഉൾപ്പെടെ, ഇസ്രായേലിലേക്കുള്ള സൈനിക ഉപകരണങ്ങൾ കൊണ്ടുപോകുന്നത് കമ്പനി ഉടനടി നിർത്തിവയ്ക്കണമെന്നും അവർ പറഞ്ഞു. കഴിഞ്ഞ 20 മാസമായി ഇസ്രായേൽ സൈന്യത്തെ സേവിക്കുന്നതിൽ മെഴ്‌സ്‌ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു.

TAGS :

Next Story