Quantcast

കിലോയ്ക്ക് 45,000 രൂപയുടെ വ്യത്യാസം; ആഗോള വിപണിയെ ഞെട്ടിച്ച് ചൈനയിലെ വെള്ളി കുതിപ്പ്: ചൈനീസ് വിപണിയിൽ സംഭവിക്കുന്നത് എന്ത്?

ചൈനീസ് വിപണിയിലെ ഈ 'സിൽവർ റഷ്' ആഗോള വെള്ളി വിപണിയുടെ ഘടന തന്നെ മാറ്റാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്

MediaOne Logo

അരീജ മുനസ്സ

  • Updated:

    2026-01-28 11:35:45.0

Published:

28 Jan 2026 4:48 PM IST

കിലോയ്ക്ക് 45,000 രൂപയുടെ വ്യത്യാസം; ആഗോള വിപണിയെ ഞെട്ടിച്ച് ചൈനയിലെ വെള്ളി കുതിപ്പ്: ചൈനീസ് വിപണിയിൽ സംഭവിക്കുന്നത് എന്ത്?
X

ആഗോള സാമ്പത്തിക മേഖലയെ അമ്പരപ്പിച്ചുകൊണ്ട് ചൈനയിലെ വെള്ളി വിലയിൽ വൻ കുതിച്ചുചാട്ടം. അന്താരാഷ്ട്ര വിപണിയിലെ ശരാശരി നിരക്കിനേക്കാൾ കിലോയ്ക്ക് ഏകദേശം 45,000 രൂപയോളം (530 ഡോളർ) അധികമാണ് നിലവിൽ ചൈനീസ് വിപണിയിലെ വില. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ വെള്ളി വില സാധാരണ നിലയിൽ തുടരുമ്പോഴും ചൈനയിൽ മാത്രം ദൃശ്യമാകുന്ന ഈ അസാധാരണ വിലക്കയറ്റം ആഗോള നിക്ഷേപകരെയും സാമ്പത്തിക വിദഗ്ധരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ചൈനീസ് വിപണിയിലെ ഈ അപ്രതീക്ഷിത വിലക്കയറ്റത്തിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: വർധിച്ചുവരുന്ന വ്യാവസായിക ആവശ്യകതയും നിക്ഷേപകരുടെ അമിതമായ താൽപര്യവും. പുനരുപയോഗ ഊർജ മേഖലയിൽ, പ്രത്യേകിച്ച് സൗരോർജ പാനലുകളുടെ നിർമാണത്തിൽ ലോകത്തെ മുൻനിരക്കാരായ ചൈനയിൽ വെള്ളിയുടെ ആവശ്യകത മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്കായി വലിയ തോതിൽ വെള്ളി ശേഖരിക്കപ്പെടുന്നത് ആഭ്യന്തര വിപണിയിൽ കടുത്ത വിതരണ ദൗർലഭ്യത്തിന് കാരണമായി. ഇതാണ് ആഗോള നിരക്കിനേക്കാൾ വലിയൊരു തുക അധികമായി നൽകി വെള്ളി വാങ്ങാൻ ചൈനീസ് വിപണിയെ പ്രേരിപ്പിക്കുന്നത്.

മറുവശത്ത്, ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ തകർച്ചയും ഓഹരി വിപണിയിലെ അസ്ഥിരതയും സാധാരണക്കാരായ നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങൾ തേടാൻ പ്രേരിപ്പിച്ചു. സ്വർണത്തിന് പിന്നാലെ വെള്ളിയിലേക്കും വൻതോതിൽ ചൈനീസ് നിക്ഷേപകർ പണമൊഴുക്കാൻ തുടങ്ങിയതോടെ ഡിമാൻഡ് കുത്തനെ ഉയർന്നു. ചൈനീസ് ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ള ഇറക്കുമതി നിയന്ത്രണങ്ങളും ഉയർന്ന നികുതി ഘടനയും കാരണം ആഗോള വിപണിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വെള്ളി എത്തിക്കുന്നത് പ്രായോഗികമല്ലാത്തതും ഈ വില വ്യത്യാസം വർധിക്കാൻ കാരണമായി.

ചൈനീസ് വിപണിയിലെ ഈ 'സിൽവർ റഷ്' ആഗോള വെള്ളി വിപണിയുടെ ഘടന തന്നെ മാറ്റാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് വിപണികളേക്കാൾ വലിയ ലാഭം ചൈനയിൽ ലഭിക്കുന്നത് വഴി വരും ദിവസങ്ങളിൽ ആഗോളതലത്തിൽ വെള്ളിയുടെ വിതരണ ശൃംഖലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. വരും മാസങ്ങളിലും ഈ പ്രവണത തുടരുകയാണെങ്കിൽ, അത് അന്താരാഷ്ട്ര വിപണിയിലും വെള്ളിയുടെ വില വർധിക്കുന്നതിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

TAGS :

Next Story