Quantcast

'ഗസ്സയിലെ സ്ഥിതി അസഹനീയം, ഇങ്ങനെ തുടരാന്‍ പറ്റില്ല'; ആക്രമണം നിർത്തണമെന്ന് ഇസ്രായേലിനോട് യു.എൻ

എന്തു തന്നെ പേരിട്ടുവിളിച്ചാലും അടിയന്തരമായി ആക്രമണം നിർത്തി സിവിലിയന്മാർക്കു സുരക്ഷിതമായി ഒഴിഞ്ഞുപോകാനുള്ള അവസരമൊരുക്കണമെന്ന് യു.എൻ ഹ്യൂമാനിറ്റേറിയൻ വിഭാഗം തലവൻ മാർട്ടിൻ ഗ്രിഫിത്ത്‌സ്

MediaOne Logo

Web Desk

  • Updated:

    2023-11-18 08:56:31.0

Published:

18 Nov 2023 6:20 AM GMT

മാര്‍ട്ടിന്‍ ഗ്രിഫിത്ത്‍സ്
X

ജനീവ: ഗസ്സയിൽ വെടിനിർത്തൽ ആവശ്യം ആവർത്തിച്ച് യു.എൻ. എന്തു തന്നെ പേരിട്ടുവിളിച്ചാലും അടിയന്തരമായി ആക്രമണം നിർത്തണമെന്ന് യു.എൻ ഹ്യൂമാനിറ്റേറിയൻ വിഭാഗം തലവൻ മാർട്ടിൻ ഗ്രിഫിത്ത്‌സ് ആവശ്യപ്പെട്ടു. അസാധ്യമായ കാര്യമല്ല ചോദിക്കുന്നതെന്നും സിവിലിയന്മാർക്കു സുരക്ഷിതമായി ഒഴിഞ്ഞുപോകാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.എൻ പൊതുസഭയിലാണ് മാർട്ടിൻ ഗ്രിഫിത്ത്‌സ് ആവശ്യമുയർത്തിയത്. ഗസ്സയിലെ മാനുഷിക പ്രതിസന്ധി അസഹനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അത് ഇനിയും തുടർന്നുകൂടാ. എന്തു പേരിട്ടു വിളിച്ചാലും പ്രശ്‌നമില്ല, മാനുഷിക കാഴ്ചപ്പാടോടെയുള്ള ആവശ്യം ലളിതമാണ്. സിവിലിയന്മാർക്കു സുരക്ഷിതമായി കടന്നുപോകാനായി ആക്രമണം അവസാനിപ്പിക്കണമെന്നും മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു.

അസാധ്യമായ ഒന്നുമല്ല തങ്ങൾ ചോദിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിവിലിയന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ട മൗലികമായ നടപടികളാണ് ഞങ്ങൾ ചോദിക്കുന്നത്. ഗസ്സയിൽ മാനുഷിക സഹായങ്ങളുമായി എത്തുന്ന സംഘങ്ങൾക്ക് സുരക്ഷിതമായ വഴിയൊരുക്കണം. സുരക്ഷിതമായ ഇടങ്ങളിലേക്കു നീങ്ങാൻ സിവിലിയന്മാർക്ക് അവസരമൊരുക്കണം. സാഹചര്യം അനുകൂലമായാൽ സ്വന്തം വീടുകളിലേക്കു തിരിച്ചെത്താൻ അവർക്കു സാധിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗസ്സയിൽ ഭവനരഹിതരായവർക്കു വേണ്ടി കൂടുതൽ അഭയാർത്ഥി കേന്ദ്രങ്ങൾ ആവശ്യമുണ്ടെന്നും യു.എൻ റിലീഫ് എമർജൻസി റിലീഫ് കോ-ഓർഡിനേറ്റർ കൂടിയായ ഗ്രിഫിത്ത്‌സ് സൂചിപ്പിച്ചു. ഫലസ്തീൻ അഭയാർത്ഥികൾക്കു വേണ്ടിയുള്ള യു.എൻ കേന്ദ്രത്തിൽ നിലവിൽ ആയിരങ്ങൾ താമസിക്കുന്നുണ്ട്. എന്നാൽ, ഇവിടങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും മാർട്ടിൻ ഗ്രിഫിത്ത്‌സ് കൂട്ടിച്ചേർത്തു.

Summary: 'Intolerable humanitarian situation in Gaza cannot continue': UN humanitarian affairs and relief chief Martin Griffiths

TAGS :

Next Story