'ഞാൻ പറയുന്ന ചില കാര്യങ്ങൾ തെറ്റായിരിക്കും'; ഗസ്സയിലേക്ക് 50 മില്യൺ ഡോളറിന്‍റെ കോണ്ടം അയച്ചുവെന്ന ആരോപണത്തിൽ മസ്ക്
50 മില്യൺ ഡോളറിന്‍റെ കോണ്ടം നമ്മൾ എവിടെയെങ്കിലും അയക്കുമെന്ന് എനിക്ക് ഉറപ്പില്ല

വാഷിംഗ്ടണ്‍: ജോ ബൈഡന്‍റെ കാലത്ത് ഗസ്സയിലേക്ക് അമേരിക്ക 50 മില്യൺ ഡോളറിന്‍റെ കോണ്ടം അയച്ചുവെന്ന അവകാശവാദത്തിൽ വിശദീകരണവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. ചൊവ്വാഴ്ച ഓവൽ ഓഫീസിൽ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് നേരത്തെ എക്സിൽ പങ്കുവച്ച പോസ്റ്റിനെക്കുറിച്ച് പറഞ്ഞത്.
“ഞാൻ പറയുന്ന ചില കാര്യങ്ങൾ തെറ്റായിരിക്കും, അവ തിരുത്തപ്പെടണം. 50 മില്യൺ ഡോളറിന്‍റെ കോണ്ടം നമ്മൾ എവിടെയെങ്കിലും അയക്കുമെന്ന് എനിക്ക് ഉറപ്പില്ല” എന്ന് പറഞ്ഞുകൊണ്ട് മസ്‌ക് മലക്കം മറിഞ്ഞു.
ഹമാസിന് കോണ്ടം വാങ്ങാന്‍ ഗസ്സയിലേക്ക് 50 മില്യണ്‍ ഡോളര്‍ നല്‍കിയെന്നും അതുപയോഗിച്ച് അവര്‍ ബോംബ് നിര്‍മിക്കുകയാണെന്നും പ്രസിഡന്‍റ് യു.എസ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെ ജോ ബൈഡന്‍റെ ഭരണകൂടം 50 ദശലക്ഷം ഡോളര്‍ നല്‍കിയെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിന്‍ ലീവിറ്റ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. അമേരിക്കന്‍ ജനതയുടെ നികുതിപ്പണമാണ് ഗസ്സയില്‍ ചെലവാക്കിയതെന്നും കരോളിന്‍ പറഞ്ഞിരുന്നു. ഇലോണ്‍ മസ്ക് നേതൃത്വം നല്‍കുന്ന കാര്യക്ഷമതാ വകുപ്പാണ് ഈ ചെലവിന്‍റെ വിവരങ്ങള്‍ കണ്ടെത്തിയത്. വലിയ തട്ടിപ്പിന്‍റെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഈ കണ്ടെത്തലെന്നും പണം ഹമാസ് നേതാക്കളുടെ പോക്കറ്റില്‍ പോയിരിക്കാമെന്നുമായിരുന്നു മസ്കിന്‍റെ പ്രതികരണം.
ഗസ്സയിലേക്ക് കോണ്ടം അയച്ചുവെന്ന അവകാശവാദം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പറഞ്ഞ് ഡെമോക്രാറ്റുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരം ആരോപണങ്ങളെ പിന്തുണയ്ക്കാൻ വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ട്രംപും കൂട്ടാളികളും വിവാദം ഇളക്കിവിടാൻ ഈ വിഷയം ഉപയോഗിച്ചെന്നും അവർ വാദിക്കുന്നു.
ബൈഡൻ ഭരണകൂടത്തിന് കീഴിലുള്ള ഒരു മുൻ മുതിർന്ന ഉദ്യോഗസ്ഥൻ ഈ അവകാശവാദത്തെ തള്ളിക്കളഞ്ഞിരുന്നു. മുൻ ഭരണകൂടത്തിൽ ഇസ്രായേൽ-ഫലസ്തീൻ കാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആൻഡ്രൂ മില്ലർ ഈ അവകാശവാദത്തെ വിചിത്രമെന്നാണ് വിശേഷിപ്പിച്ചത്. “ലൈംഗിക ആരോഗ്യത്തിനോ അതുപോലുള്ള മറ്റെന്തെങ്കിലുമോ 50 മില്യൺ ഡോളർ നീക്കിവയ്ക്കാൻ സാധ്യതയുണ്ട്, അതിൽ ഗൈനക്കോളജിയും മറ്റ് നിരവധി സേവനങ്ങളും ഉൾപ്പെടുന്നു, പക്ഷേ തീർച്ചയായും കോണ്ടം മാത്രമായിരുന്നില്ല,” മില്ലർ വ്യക്തമാക്കിയിരുന്നു.
പിന്നീട് ഈ വിചിത്രവാദങ്ങള്‍ക്ക് ഒരു തെളിവുമില്ലെന്ന് വെളിവാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്‍റ്സ്, അഥവാ യുഎസ് എയ്ഡ് വിദേശരാജ്യങ്ങള്‍ക്കു നല്‍കിവരുന്ന ഫണ്ടുകള്‍ നിര്‍ത്തലാക്കിയെന്ന് പറയാനായിരുന്നു ട്രംപ് കോണ്ടം ആരോപണമുയര്‍ത്തിയത്. എന്നാല്‍, ട്രംപിന് സ്ഥലം മാറിയതാണെന്നാണ് വ്യക്തമാകുന്നത്. ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ ഗസ്സ പ്രവിശ്യയിലേക്കു നല്‍കിവരുന്ന സംഭാവനയാണ് ഫലസ്തീനിലെ ഗസ്സ മുനമ്പാണെന്നു തെറ്റിദ്ധരിച്ചായിരുന്നും ട്രംപിന്‍റെ അവകാശവാദം.
2021 മുതല്‍ മൊസാംബിക്കിലെ എലിസബത്ത് ഗ്ലെയ്‌സര്‍ പീഡിയാട്രിക് എയ്ഡ്‌സ് ഫൗണ്ടേഷന് 83 മില്യന്‍ ഡോളറിലേറെ നല്‍കിയതായി യുഎസ് ഭരണകൂടത്തിനു കീഴിലുള്ള ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വിഭാഗത്തിന്റെ ഡാറ്റാബേസില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്‍ഹാംബെയ്ന്‍, ഗസ്സ എന്നീ പ്രവിശ്യകളിലെ പ്രത്യുല്‍പാദന നിയന്ത്രണ പ്രോജക്ടുകള്‍ക്കു വേണ്ടിയാണ് ഇത്രയും തുക ചെലവിട്ടിട്ടുള്ളത്. 2026 വരെ സഹായം തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്.
Adjust Story Font
16

