എഐ ഉപയോഗിച്ച് എഴുതിയതാണെന്ന് കണ്ടെത്തി; പുതിയ എഐ നയം പിന്‍വലിച്ച് ദക്ഷിണാഫ്രിക്ക
കരട് എഐ നയത്തിലെ പല നിയമാവലികളും എഐ ഉപയോഗിച്ച് ഇല്ലാത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് എഴുതിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി

ജൊഹന്നാസ്ബര്‍ഗ്: പുതുതായി അവതരിപ്പിച്ച ദേശീയ എഐ കരട് നയം പിന്‍വലിച്ച് ദക്ഷിണാഫ്രിക്ക. കരട് എഐ നയത്തിലെ പല നിയമാവലികളും എഐ ഉപയോഗിച്ച് ഇല്ലാത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് എഴുതിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
എഐ നയത്തിന്റെ കരട് തയാറാക്കിയതില്‍ നല്‍കിയ 67 അവലംബങ്ങളില്‍ ആറെണ്ണം എഐ നിര്‍മിതമാണെന്ന് കണ്ടെത്തി. ഇല്ലാത്ത ലേഖനങ്ങളെ വ്യാജമായി അവലംബിച്ചാണ് ഇവ എഴുതിയത്. ശരിയായ പരിശോധന കൂടാതെ എഐ സൃഷ്ടിച്ച ചില അവലംബങ്ങള്‍ നയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും കമ്മ്യൂണിക്കേഷന്‍ മന്ത്രി മലാറ്റ്‌സി പറഞ്ഞു. ഇത് സാങ്കേതിക പ്രശ്‌നം മാത്രമല്ല. കരട് നയത്തിന്റെ സമഗ്രതയും വിശ്വാസ്യതയും ഈ സംഭവം അപകടത്തിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാനായാണ് എഐ നയത്തിന്റെ കരട് രേഖ ഈയിടെ പുറത്തുവിട്ടത്. എഐ ഉപയോഗത്തിന്റെ ധാര്‍മികവും സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ഇത്. ദേശീയ എഐ കമ്മീഷന്‍, എഐ എത്തിക്‌സ് ബോര്‍ഡ്, എഐ റെഗുലേറ്ററി അതോറിറ്റി എന്നിവയുള്‍പ്പെടെ എഐ ഉപയോഗത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി രാജ്യത്ത് പുതിയ സ്ഥാപനങ്ങള്‍ കൊണ്ടുവരണമെന്നും കരടുനയത്തില്‍ നിര്‍ദേശിച്ചിരുന്നു. രാജ്യത്ത് എഐ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സ്വകാര്യമേഖലയുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി ഇളവുകള്‍, ഗ്രാന്റുകള്‍, സബ്സിഡികള്‍ എന്നിവയ്ക്കുള്ള പദ്ധതികളും കരട് നിയമത്തില്‍ പറഞ്ഞിരുന്നു.
കരട് നിയമത്തില്‍ നല്‍കിയ 67 അവലംബങ്ങളില്‍ ആറണ്ണം യഥാര്‍ഥത്തില്‍ ഇല്ലാത്തവയാണെന്ന് വിവിധ മാധ്യമങ്ങള്‍ കണ്ടെത്തുകയായിരുന്നു. നിയമത്തില്‍ പറഞ്ഞിരിക്കുന്ന ജേണലുകള്‍ യഥാര്‍ഥത്തില്‍ ഉള്ളവയാണെങ്കിലും ലേഖനങ്ങള്‍ ഇല്ലാത്തവയാണ്. ഇത് എഐ ഉപയോഗിച്ച് വ്യാജമായി നിര്‍മിക്കപ്പെട്ടതാണെന്നാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ കരട് നിയമം തയാറാക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രി പറഞ്ഞു.
Adjust Story Font
16

