Quantcast

സൗത്ത് കൊറിയയുടെ പുതിയ പ്രസിഡന്റായി ലീ ജേ മ്യൂങ് സത്യപ്രതിജ്ഞ ചെയ്തു

ആകെ വോട്ടുകളുടെ 49.42 ശതമാനം നേടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചത്

MediaOne Logo

Web Desk

  • Published:

    4 Jun 2025 12:51 PM IST

സൗത്ത് കൊറിയയുടെ പുതിയ പ്രസിഡന്റായി ലീ ജേ മ്യൂങ് സത്യപ്രതിജ്ഞ ചെയ്തു
X

സോള്‍: സൗത്ത് കൊറിയയിലെ പുതിയ പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ മ്യൂങ് സത്യ പ്രതിജ്ഞ ചെയ്തു. ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പാര്‍ട്ടിയുടെ കിം മുന്‍ സൂവിനെ പരാജയപ്പെടുത്തിയാണ് ലീ ജേ മ്യൂങ് ദക്ഷിണ കൊറിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ലീക്കിന് അറുപത്തിയൊന്ന് വയസാണ്. ദക്ഷിണ കൊറിയയുടെ 14ാമത്തെ പ്രസിഡന്റായാണ് അദ്ദേഹം അധികാരമേറ്റത്.

പ്രധാന വ്യാപാര പങ്കാളിയും സുരക്ഷ സഖ്യ കക്ഷിയുമായ അമേരിക്കയുമായിട്ടുള്ള ബന്ധം തിരികെ കൊണ്ടുവരുന്നതില്‍ പ്രസിഡന്റ് എന്ന നിലയില്‍ ലീ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരിക. എന്നാല്‍ വ്യവസായത്തില്‍ നവീകരണവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അമേരിക്കയുമായി ശക്തമായ സുരക്ഷാ സഖ്യം നിലനിര്‍ത്തുകയും നയതന്ത്രത്തില്‍ സന്തുലിതാവസ്ഥ കൊണ്ടുവരികയും ചെയ്തുകൊണ്ട് ഉത്തരകൊറിയയുമായി വീണ്ടും സംഭാഷണം നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി.

ആകെ വോട്ടുകളുടെ 49.42 ശതമാനം നേടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചത്. കിം മൂണ്‍ സൂ 41.15 ശതമാനം വോട്ടാണ് നേടിയത്. തെരഞ്ഞെടുപ്പിന് മൂന്നര കോടിയോളം ജനങ്ങളാണ് വോട്ട് ചെയ്തത്. 2022ലെ തെരഞ്ഞെടുപ്പിലും ലീ ജോ മ്യൂങ് മത്സരിച്ചിരുന്നു. എന്നാല്‍ അന്ന് യു എന്‍ സുക് യോളിനോട് നേരിയ വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്.

പ്രസിഡന്റായിരുന്ന യുന്‍ സുക് യോള്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പട്ടാളനിയമം പ്രഖ്യാപിച്ചതാണ് ദക്ഷിണ കൊറിയയിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ മാറിമറിയാന്‍ കാരണമായത്. ഉത്തര കൊറിയയോട് അനുഭാവമുള്ള ശക്തികള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നെന്നു പറഞ്ഞാണ് യോള്‍, പട്ടാളനിയമം പ്രഖ്യാപിച്ചത്. ആറുമണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനുശേഷം പാര്‍ലമെന്റ് പ്രമേയത്തിലൂടെ നിയമം പിന്‍വലിച്ചിരുന്നു. യോളിനെ പാര്‍ലമെന്റ് ഇംപീച്ച്ചെയ്യുകയും തീരുമാനം പിന്നീട് ഭരണഘടനാകോടതി ശരിവെക്കുകയുംചെയ്തു. ഈ സാഹചര്യമാണ് രാജ്യത്ത് തിരഞ്ഞെടുപ്പിനിടയാക്കിയത്.

TAGS :

Next Story