'സ്പെയിനിൽ ആണവ ബോംബുകളില്ല പക്ഷേ ഇസ്രായേലിന്റെ വംശഹത്യയെ എതിർക്കുന്നത് അവസാനിപ്പിക്കില്ല' സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്
ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ

മാഡ്രിഡ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ തടയാൻ അധികാരമില്ലാത്തതിൽ നിരാശ പ്രകടിപ്പിച്ചു സ്പെയിൻ. ആണവായുധങ്ങളോ വിമാനവാഹിനിക്കപ്പലുകളോ പ്രധാന എണ്ണ ശേഖരമോ ഇല്ലാത്തത് ഇസ്രയേലിന്റെ വംശഹത്യയെ തടയാനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
'സ്പെയിനിന് ആണവ ബോംബുകളോ, വിമാനവാഹിനിക്കപ്പലുകളോ, വലിയ എണ്ണ ശേഖരമോ ഇല്ല. ഇസ്രായേലി ആക്രമണം തടയാൻ ഒറ്റക്ക് കഴിയില്ല. എന്നാൽ അതിനർഥം ഞങ്ങൾ ശ്രമിക്കില്ല എന്നല്ല. ചില കാര്യങ്ങൾക്കുവേണ്ടി പോരാടേണ്ടതാണ്.' ഇസ്രായേലിനെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഒരു പത്രസമ്മേളനത്തിൽ സാഞ്ചസ് പറഞ്ഞു
ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ 'വംശഹത്യ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് സാഞ്ചസ് സർക്കാർ മിക്ക നാറ്റോ സഖ്യകക്ഷികളേക്കാളും മുന്നോട്ട് പോയിട്ടുണ്ട്. മാത്രമല്ല അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഇസ്രായേലിനെതിരെയുള്ള നിയമനടപടികളെയും സ്പെയിൻ പിന്തുണച്ചു.
മിക്ക യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി സ്പെയിൻ പ്രതീകാത്മകമായ നടപടികൾക്ക് അപ്പുറം ഇസ്രായേലിനുള്ള ആയുധ വിൽപ്പന നിർത്തിവെക്കുകയും നിയമപരമായ നടപടിക്കൾക്കായി അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തുകയും ചെയ്തു. യൂറോപ്പിലുടനീളം നിലവിലുള്ള പ്രീണന നയത്തിൽ നിന്ന് സ്വയം വേറിട്ടു നിർത്തുന്ന നിലപാടാണ് സ്പെയിൻ സ്വീകരിച്ചിരിക്കുന്നത്.
Adjust Story Font
16

