Quantcast

മദൂറോയുടെ ദിനചര്യയടക്കം മാസങ്ങൾ നീണ്ട ചാര നിരീക്ഷണം, ആക്രമണ പരിശീലനം; വെനസ്വേലയിലെ യുഎസ് അധിനിവേശവും തട്ടിക്കൊണ്ടുപോക്കും ഇങ്ങനെ...

ഡിസംബർ ആദ്യം, 'ഓപറേഷൻ അബ്സൊല്യൂട്ട് റിസോൾവ്' എന്ന പേരിലുള്ള ആസൂത്രിത ദൗത്യത്തിന് അന്തിമരൂപം നൽകി. മാസങ്ങൾ നീണ്ട ആസൂത്രണത്തിനും ആക്രമണ പരീശീലനത്തിനും ശേഷമായിരുന്നു ഇത്.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-04 06:13:59.0

Published:

4 Jan 2026 11:28 AM IST

Spies, drones and blowtorches How the US captured Maduro
X

കാരക്കാസ്: സ്വതന്ത്ര പരമാധികാര രാഷ്ട്രമായ വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന് ശേഷം പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയ അമേരിക്കൻ അധിനിവേശമുണ്ടായത് മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ. ചാരനിരീക്ഷണത്തിനും ആക്രമണ പരിശീലനത്തിനും ശേഷമായിരുന്നു യുഎസ് സൈനികരുടെ ആക്രമണവും ബന്ദിയാക്കലും. മാസങ്ങളായി പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ഓരോ നീക്കവും നിരീക്ഷിച്ചുവരികയായിരുന്നു യുഎസ് ചാരന്മാർ.

വെനസ്വേലൻ സർക്കാരിലെ തന്നെ ഒരു വ്യക്തിയുൾപ്പെടുന്ന ചാര സംഘം, 63കാരനായ മദൂറോ എവിടെയാണ് ഉറങ്ങുന്നത്, എന്താണ് കഴിക്കുന്നത്, എന്താണ് ധരിക്കുന്നത്, എവിടേക്കൊക്കെയാണ് പോവുന്നത് എന്നൊക്കെ നിരീക്ഷിച്ചുപോന്നു. അദ്ദേഹത്തിന്റെ വളർത്തുമൃഗങ്ങൾ പോലും ഈ നിരീക്ഷണവലയത്തിലായിരുന്നു എന്നാണ് ഉന്നത സൈനികവൃത്തങ്ങൾ പറയുന്നത്.

തുടർന്ന് ഡിസംബർ ആദ്യം, 'ഓപറേഷൻ അബ്സൊല്യൂട്ട് റിസോൾവ്' എന്ന പേരിലുള്ള ആസൂത്രിത ദൗത്യത്തിന് അന്തിമരൂപം നൽകി. മാസങ്ങൾ നീണ്ട ആസൂത്രണത്തിനും ആക്രമണ പരീശീലനത്തിനും ശേഷമായിരുന്നു ഇത്. അതിൽ ഉന്നത യുഎസ് സൈനികർ തങ്ങളുടെ പ്രവേശന വഴികൾ പരിശീലിക്കാനായി കാരക്കാസിലെ മദൂറോയുടെ അതീവസുരക്ഷിത ഭവനത്തിന്റെ അതേ വലിപ്പത്തിലുള്ള മാതൃക സൃഷ്ടിക്കുക പോലും ചെയ്തു. തുടർന്നായിരുന്നു കാരക്കാസ് കേന്ദ്രീകരിച്ചുള്ള വ്യോമാക്രമണം.

ശീതയുദ്ധത്തിനുശേഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ അസാധാരണ യുഎസ് സൈനിക ഇടപെടലായിരുന്നു വെനസ്വേലയ്ക്ക് നേരെയുണ്ടായത്. യൂണൈറ്റഡ് സ്റ്റേറ്റ് കോൺഗ്രസിനെ മുൻകൂട്ടി അറിയിക്കുകയോ ആലോചിക്കുകയോ ചെയ്യാതെയായിരുന്നു അധിനിവേശം. ആക്രമണത്തിന് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് കാത്ത് ക്രിസ്മസിനും പുതുവത്സരത്തിനും ശേഷമുള്ള ആഴ്ചകളിൽ, അമേരിക്കൻ സൈന്യം തയ്യാറായി ഇരിക്കുകയായിരുന്നെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥനായ ജനറൽ ഡാൻ കെയ്ൻ ശനിയാഴ്ച രാവിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആക്രമണം നടത്താൻ യുഎസ് സമയം വെള്ളിയാഴ്ച രാത്രി 10:46ന് പ്രസിഡന്റിന്റെ ഉത്തരവ് വന്നു. പിന്നാലെ ബോംബറുകൾ, യുദ്ധവിമാനങ്ങൾ, രഹസ്യാന്വേഷണ വിമാനങ്ങൾ എന്നിവയുൾപ്പെടെ 150ലധികം വിമാനങ്ങൾ രാത്രി മുഴുവൻ വിന്യസിക്കപ്പെട്ടു. തുടർന്ന് പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെ കാരക്കാസിൽ യുഎസ് സൈന്യം ആക്രമണം നടത്തുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും നഗരത്തിന് മുകളിൽ പുകപടലങ്ങൾ ഉയരുന്നത് കണ്ടതായും നഗരം മുഴുവൻ വിമാനങ്ങളും ഹെലികോപ്ടറുകളും പറക്കുന്നുണ്ടായിരുന്നെന്നും മാധ്യമപ്രവർത്തകയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

വെനസ്വേലയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും സൈനിക താവളങ്ങൾക്കും നേരെയും യുഎസ് മിസൈലുകൾ വർഷിച്ചു. കാരക്കാസിനെയാകെ ഇരുട്ടിലാക്കിയായിരുന്നു യുഎസ് ആക്രമണെന്നതാണ് മറ്റൊരു ശ്രദ്ധേയകാര്യം. പ്രസിഡന്റടക്കം രക്ഷപെടാതിരിക്കാനായിരുന്നു ഇത്. ദൗത്യം ആരംഭിക്കുന്നതിന് മുമ്പ് കാരക്കാസിലെ വൈദ്യുതി വിച്ഛേദിക്കാൻ ട്രംപ് നിർദേശിച്ചെന്നും തങ്ങളുടെ പ്രത്യേക വൈദഗ്ദ്ധ്യത്തിലൂടെ ഭൂരിഭാ​ഗം ലൈറ്റുകളെല്ലാം ഓഫ് ചെയ്തെന്നും ഇതോടെ അവിടമാകെ കനത്ത ഇരുട്ടിലായെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

പുലർച്ചെയോടെ വസതിയിൽ അതിക്രമിച്ചുകയറിയ യുഎസ് സൈന്യം കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനേയും വലിച്ചിഴച്ച് പുറത്തുകൊണ്ടുപോവുകയായിരുന്നു. കാരക്കാസിലെ അതീവ സുരക്ഷയുള്ള ഫോര്‍ട്ട് ടിയൂന സൈനിക താവളത്തിനുള്ളിലെ പ്രസിഡന്റിന്റെ വസതിയിലായിരുന്നു സംഭവം. 30 മിനിറ്റിനകം ഇവരെ സ്ഥലത്തുനിന്നു മാറ്റിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

മദൂറോയെ 'കോട്ടയ്ക്കുള്ളില്‍ നിന്നാണ്' പുറത്തെടുത്തതെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം. 'അദ്ദേഹം പൂര്‍ണ സുരക്ഷയുള്ള കോട്ടയിലായിരുന്നു. ആളപായമില്ലാതെ ദൗത്യം പൂര്‍ത്തിയാക്കാനായത് അതിശയകരമാണ്'- ട്രംപ് പറഞ്ഞു. മദൂറോയെയും ഭാര്യയേയും വെനസ്വേലയ്ക്കു പുറത്തേക്കു മാറ്റിയതായും മയക്കുമരുന്ന്- ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി യുഎസില്‍ വിചാരണ ചെയ്യുമെന്നും യുഎസ് അധികൃതര്‍ അറിയിച്ചു.

തലസ്ഥാനമായ കാരക്കാസില്‍ നിന്ന് മദൂറോയെ ആദ്യം കരീബിയന്‍ കടലിലെ വെളിപ്പെടുത്താത്ത സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന യുഎസ് നാവിക കപ്പല്‍ യുഎസ്എസ് ഇവോ ജിമയിലേക്ക് എത്തിച്ചു. അവിടെ നിന്ന് വീണ്ടും ഹെലികോപ്ടറില്‍ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവിക താവളത്തിലേക്ക് മാറ്റി. അവിടെ നിന്ന് മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും തുടർന്ന് ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിലെ സ്റ്റുവര്‍ട്ട് എയര്‍ഫോഴ്‌സ് ബേസിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഒടുവില്‍, സ്റ്റുവര്‍ട്ട് ബേസില്‍ നിന്ന് ഹെലികോപ്ടര്‍ വഴി ന്യൂയോര്‍ക്ക് നഗരത്തിലേക്ക് മാറ്റിയ മദൂറോയെ, മാന്‍ഹാറ്റന്റെ പടിഞ്ഞാറന്‍ ഭാഗത്തെ യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി ആസ്ഥാനത്തെത്തിക്കുകയും ഔദ്യോഗികമായി അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. അധികാര കൈമാറ്റം ഉണ്ടാകുന്നത് വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് ട്രംപ് പറഞ്ഞു. അധിനിവേശ ലക്ഷ്യങ്ങൾ തുറന്നുപറഞ്ഞ ട്രംപ് യുഎസ് എണ്ണക്കമ്പനികൾ വെനസ്വേലയിലെത്തുമെന്നും പ്രഖ്യാപിച്ചു. ആവശ്യമെങ്കിൽ ഇനിയും ആക്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അമേരിക്കന്‍ സൈന്യത്തിന്റെ എലൈറ്റ് വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സ്, എഫ്ബിഐയുടെ പിന്തുണയോടെയാണ് ആക്രമണം നടത്തിയത്. മയക്കുമരുന്ന് കടത്തും മയക്കുമരുന്ന് ഭീകരതയും ആരോപിച്ചാണ് വെനസ്വേലയ്ക്ക് നേരെയുള്ള യുഎസിന്റെ ഏകപക്ഷീയ ആക്രമണം. ആക്രമണത്തിനും തടവിലാക്കലിനും മുന്നോടിയായി കഴിഞ്ഞ മാസങ്ങളിൽ ആയിരക്കണക്കിന് യുഎസ് സൈനികർ ഈ മേഖലയിൽ വിന്യസിക്കപ്പെട്ടിരുന്നു. വിമാനവാഹിനിക്കപ്പലിലും നിരവധി യുദ്ധക്കപ്പലുകളിലുമായിരുന്നു സൈനികർ.

മാസങ്ങളായി മദൂറോ സര്‍ക്കാരിനെതിരെ ശക്തമായ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു യുഎസ്. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തിനിടെ കാരക്കാസില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഏഴ് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ചില സിവിലിയന്മാരും സൈനികരും കൊല്ലപ്പെട്ടതായി വെനിസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ആരോപിച്ചെങ്കിലും കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.

TAGS :

Next Story