Quantcast

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സ്ത്രീകൾക്ക് ആശ്വാസ വാർത്തയുമായി ശ്രീലങ്കൻ സർക്കാർ; ശുചിത്വ ഉൽപ്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചു

5.3 ദശലക്ഷംസ്ത്രീകളിൽ ആർത്തവ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയാത്തവരുടെ എണ്ണം 50 ശതമാനമാണെന്നാണ് പഠനങ്ങൾ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-03 06:41:56.0

Published:

3 Oct 2022 6:38 AM GMT

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സ്ത്രീകൾക്ക് ആശ്വാസ വാർത്തയുമായി ശ്രീലങ്കൻ സർക്കാർ; ശുചിത്വ ഉൽപ്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചു
X

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് ശ്രീലങ്കൻ ജനത. രാജ്യത്തിന്റെ ദയനീയമായ അവസ്ഥയിൽ പ്രതിഷേധിച്ച് പ്രതിഷേധക്കാർ അന്നത്തെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയിൽ അതിക്രമിച്ച് കയറി തീയിട്ടതും വലിയ വാർത്തയായിരുന്നു. ഈ പ്രതിസന്ധികൾക്കിടയിൽ വലിയ ദുരിതം അനുഭവിക്കുന്നവരാണ് സ്ത്രീകൾ.

ആർത്തവസമയത്ത് സാനിറ്ററി പാഡുകൾ പോലും വാങ്ങാനാവാതെ ദുരിതമനുഭവിക്കുകയായിരുന്നു ശ്രീലങ്കൻ സ്ത്രീകൾ. ഇവർക്ക് ആശ്വാസമേകുന്ന വാർത്തയാണ് ശ്രീലങ്കൻ സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്. സ്ത്രീ ശുചിത്വ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ, എയർപോർട്ട് ലെവികൾ, മറ്റ് പ്രാദേശിക നികുതികൾ എന്നിവ അടിയന്തര പ്രാബല്യത്തോടെ ഒഴിവാക്കിയതായി പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. ഇറക്കുമതി തീരുവ കുറച്ചതിനാൽ ഇറക്കുമതി ചെയ്യുന്ന പാഡുകൾക്കും ടാംപണുകൾക്കും 20 ശതമാനം വില കുറയുമെന്ന് വിക്രമസിംഗെയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ഈ നികുതി ഇളവുകളോടെ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന 10 സാനിറ്ററി നാപ്കിനുകളുടെ ഒരു പാക്കിന്റെ വില 50 രൂപ മുതൽ 60 രൂപ വരെ കുറയും. ഒരു പാക്കിന്റെ പരമാവധി ചില്ലറ വിൽപന വില 260-270 രൂപയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും കൂടുതൽ താങ്ങാവുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

ശ്രീലങ്കയിലെ 5.3 ദശലക്ഷം പ്രായപൂർത്തിയായ സ്ത്രീകളിൽ ആർത്തവ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയാത്തവരുടെ എണ്ണം 50 ശതമാനമാണെന്നാണ് പഠനങ്ങൾ പറയുന്നത്. പോളിസി അഡ്വക്കസി ഗ്രൂപ്പായ അഡ്വക്കാറ്റയുടെ ഈ വർഷം നടത്തിയ ഒരു പഠനത്തിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

മറ്റ് ദരിദ്ര രാജ്യങ്ങളിലെന്നപോലെ ശ്രീലങ്കയിലെ നിരവധി സ്‌കൂൾ വിദ്യാർത്ഥിനികളും സ്ത്രീകളും ആർത്തവ സമയത്ത് സാനിറ്ററി ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയാത്തതിനാൽ വീട്ടിൽ തന്നെ ഇരിക്കുകയാണ്. അവസ്ഥയ്ക്ക് ഇതോടെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമവും 70 ശതമാനത്തിലധികം പണപ്പെരുപ്പ നിരക്കും അനുഭവിച്ച ശ്രീലങ്കയിൽ സ്ഥിതി കൂടുതൽ വഷളാവുന്നതായാണ് റിപ്പോർട്ടുകൾ.

TAGS :

Next Story