'പൊടിപോലും കിട്ടരുത്'; പുടിനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ കിമ്മിന്റെ ഇരിപ്പിടമടക്കം തുടച്ച് ഉത്തരകൊറിയന്‍ ജീവനക്കാര്‍
കിം ഉപയോഗിച്ച ഗ്ലാസ് പോലും ജീവനക്കാരൻ എടുത്തുകൊണ്ട് പോകുന്നതും വീഡിയോയിൽ കാണാം...

ബെയ്ജിങ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ജീവനക്കാർ അദ്ദേഹത്തിന്റെ സീറ്റ് തുടയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.
കിം ഉപയോഗിച്ചിരുന്ന എല്ലാ ഫർണിച്ചറുകളും ജീവനക്കാരന്‍ തുടയ്ക്കുന്നു. അദ്ദേഹം ഉപയോഗിച്ച ഗ്ലാസ് പോലും ജീവനക്കാരന്‍ എടുത്തുകൊണ്ട് പോകുന്നതും വീഡിയോയില്‍ കാണാം. ചൈനയുടെ തലസ്ഥാനമായ ബീജിങില്‍ നടന്ന സൈനിക പരേഡിന് ശേഷം കിമ്മും പുടിനും കണ്ടുമുട്ടിയതിന് തൊട്ടുപിന്നാലെയാണ് ജീവനക്കാരന്റെ വൃത്തിയാക്കല്‍ പരിപാടി.
എന്തുകൊണ്ടാണ് കിമ്മിന്റെ ജീവനക്കാര്‍ ഇങ്ങനെ ചെയ്യുന്നത് എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. അദ്ദേഹത്തിന്റെ ഡിഎൻഎയുടെ എല്ലാ അടയാളങ്ങളും മറ്റാര്‍ക്കും കിട്ടാതിരിക്കാനാണ് കിം ജോങ്-ഉൻ തൊട്ട എല്ലാ വസ്തുക്കളും ഉത്തരകൊറിയൻ ജീവനക്കാർ വൃത്തിയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ജീവനക്കാരൻ കസേരയുടെ മരക്കൈകളും അടുത്തുള്ള മേശയും പോലും തുടക്കുന്നുണ്ട്.
റഷ്യയുടെ സുരക്ഷാ ഏജൻസികൾക്കെതിരായ മുൻകരുതലായിരിക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ചൈനയുടെ നിരീക്ഷണത്തെക്കുറിച്ചുള്ള ആശങ്കകളിലേക്കാണ് മറ്റു ചിലര്‍ വിരൽ ചൂണ്ടുന്നത്.
കിമ്മിന്റെ സാന്നിധ്യത്തിന്റെ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും മായ്‌ക്കാൻ ടീം പ്രവർത്തിച്ചതായി റഷ്യൻ പത്രപ്രവർത്തകൻ അലക്സാണ്ടർ യുനാഷെവ് തന്റെ ടെലിഗ്രാം ചാനലിൽ എഴുതി. കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കിമ്മിന് വേണ്ടി ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഔദ്യോഗികമായി ആരും പറയുന്നില്ല. നേരത്തെയും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023ൽ പുടിനുമായുള്ളൊരു കൂടിക്കാഴ്ചയ്ക്കിടെ കിം ഉപയോഗിച്ചിരുന്ന കസേര അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാർ അണുവിമുക്തമാക്കിയെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ട്.
Watch Video
Adjust Story Font
16

