Quantcast

സന്നദ്ധ സംഘടനകൾ പിൻവാങ്ങുന്നു; ഗസ്സയിൽ പട്ടിണി അതിരൂക്ഷം

48 മണിക്കൂർ നേരത്തേക്ക്​ രാത്രികാല ഭക്ഷണ വിതരണം നിർത്താൻ യു.എൻ ഏജൻസികൾ തീരുമാനിച്ചു

MediaOne Logo

Web Desk

  • Published:

    4 April 2024 1:02 AM GMT

gaza famine
X

ദുബൈ: ഇസ്രായേൽ ആക്രമണം ഭയന്ന്​ സന്നദ്ധ സംഘടനകൾ പിൻവാങ്ങിയതോടെ ഗസ്സയിൽ പട്ടിണി പിടിമുറുക്കുന്നു. അടുത്ത 48 മണിക്കൂർ നേരത്തേക്ക്​ രാത്രികാല ഭക്ഷണ വിതരണം നിർത്താൻ യു.എൻ ഏജൻസികൾ തീരുമാനിച്ചു.

യുദ്ധം തകർത്ത ഗസ്സയിലെ ജനതക്ക്​ അവസാന ആശ്രയമായ സന്നദ്ധ സംഘടനകളും പ്രവർത്തനം നിർത്തുന്നത്​ സ്​ഥിതി കൂടുതൽ വഷളാക്കും. മധ്യ ഗസ്സയിൽ കഴിഞ്ഞ ദിവസം വേൾഡ് സെൻട്രൽ കിച്ചൻ സംഘടനയുടെ പ്രവർത്തകർ സഞ്ചരിച്ച വാഹനങ്ങൾ ബോംബിട്ടു തകർത്തതോടെയാണ്​ സന്നദ്ധ പ്രവർത്തകർ പിൻമാറ്റം പ്രഖ്യാപിച്ചത്​. അമേരിക്ക മുൻകൈ​യെടുത്തു കടൽ വഴി തുറന്ന താൽക്കാലിക ഭക്ഷ്യസഹായ പദ്ധതിയും നിർത്തി. ഗസ്സയിലേക്ക്​ ഭക്ഷണവുമായി എത്തിയ കപ്പലുകൾ തിരക്കിട്ട് മടങ്ങുകയായിരുന്നു.

വടക്കൻ ഗസ്സയിൽ ഇതോടെ ഭക്ഷ്യശൂന്യത കൂടുതൽ തീവ്രമാകും. സ്​ഥിതി ദയനീയമെന്ന്​ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നൽകി. യു.എൻ അഭയാർഥി ഏജൻസിക്ക് ഇസ്രായേൽ വിലക്കേർപ്പെടുത്തിയതും തിരിച്ചടിയായി.

7 സന്നദ്ധ പ്രവർത്തക​രെ ബോധപൂർവം ഇസ്രായേൽ കൊല​പ്പെടുത്തിയതാണെന്ന്​ തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു. സ്ഥിതി ഏറെ അസഹനീയമെന്ന്​ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നെതന്യാഹുവിനെ അറിയിച്ചു. ഇസ്രായൽ അന്താരാഷ്​ട്ര നിയമങ്ങൾ ലംഘിക്കുന്നതായി പ്രഖ്യാപിക്കേണ്ടി വരുമെന്ന്​ ഋഷി സുനക്​ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഗസ്സയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ ഭീതിയുടെ മുനയിൽനിർത്തി പിന്മാറാൻ നിർബന്ധിക്കുകയാണ് ഇസ്രായേലെന്ന് ഹമാസ് കുറ്റപ്പെടുത്തി. സന്നദ്ധ പ്രവർത്തകരുടെ കൊലയിൽ ദു:ഖമുണ്ടെങ്കിലും ഇസ്രായേി​നുള്ള പിന്തുണയിൽ മാറ്റമില്ലെന്ന്​ അമേരിക്ക പ്രതികരിച്ചു. അന്വേഷണ റിപ്പോർട്ട്​ ലഭ്യമാകുന്നതോടെ മാത്രം തുടർനീക്കമെന്നും വൈറ്റ്​ ഹൗസ് അറിയിച്ചു​.

അതിനിടെ, ഫലസ്തീന് പൂർണ രാഷ്ട്ര പദവി നൽകണമെന്ന ആവശ്യം വീണ്ടും സജീവമായി. ഫലസ്തീൻ രാജ്യത്തെ അംഗീകരിച്ച 140 രാഷ്ട്രങ്ങളുടെ കത്ത്​ യു.എൻ രക്ഷാസമിതിക്കുമുന്നിൽ ​കൊണ്ടുവരാനാണ്​ ശ്രമം. അറബ്​ മുസ്​ലിം രാജ്യങ്ങളും ചേരിചേരാ രാജ്യങ്ങളുടെ കൂട്ടായ്​മയുമാണ്​ ഇതിനു പിന്നിൽ. എന്നാൽ അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച്​ ഇതിനെ പരാജയപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്​ ഇസ്രായേൽ. ഇസ്രായേലിനുള്ള ആയുധവിലക്ക്​ ആവശ്യപ്പെട്ട്​ ഒ.ഐ.സി രാജ്യങ്ങൾ വെള്ളിയാഴ്​ച യു.എൻ മനുഷ്യാവകാശ സമിതിയിൽ പ്രമേയം കൊണ്ടു വരാൻ നീക്കമാരംഭിച്ചു.

TAGS :

Next Story