ഇറാൻ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് തെഹ്‌റാനിൽ കൂറ്റൻ വിദ്യാർഥി റാലി
തെഹ്‌റാൻ സർവകലാശാലയിലെ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് റാലി.

തെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ കൂറ്റൻ വിദ്യാർഥി റാലി. തെഹ്‌റാൻ സർവകലാശാലയിലെ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് റാലി. ഗസ്സക്ക് പിന്തുണ പ്രഖ്യാപിച്ചും ഇറാൻ ഭരണകൂടത്തെ പിന്താങ്ങിയും റാലിയിൽ മുദ്രാവാക്യങ്ങളുയർന്നു. തെഹ്‌റാൻ വിടണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെതിരെയാണ് റാലി.
Thousands in #Tehran marched at the University of Tehran today to support Palestine, oppose Zionist crimes, and call for revenge for Israeli victims pic.twitter.com/EJ03ij5vuu
— Daily Iran Military (@IRIran_Military) June 20, 2025
ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് തെഹ്‌റാനിൽ നിന്ന് എല്ലാവരും ഒഴിയണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെ ആയിരുന്നു ട്രംപിന്റെ നിർദേശം. എല്ലാവരും എത്രയും പെട്ടെന്ന് തെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞുപോകണം എന്നാണ് ട്രംപ് കുറിച്ചത്. ഇറാന് ആണവായുധം കൈവശംവെക്കാൻ കഴിയില്ലെന്നും താൻ ഇത് വീണ്ടും വീണ്ടും പറയുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു.
അതിനിടെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനെതിരെ സൗദി രംഗത്തെത്തി. സിവിലിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് സൗദി ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റഗുലേറ്ററി കമ്മീഷനാണ് മുന്നറിയിപ്പ് നൽകിയത്. ഇസ്രായേൽ ഇറാനിലെ ഖൊൻസാബ് ആണവ പ്ലാന്റിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സൗദിയുടെ പ്രതികരണം.
ഇറാഖിലും ഇറാന് പിന്തുണ പ്രഖ്യാപിച്ച് റാലി നടന്നു. യുഎസ് ഇസ്രായേൽ ആക്രമണത്തിനെതിരെയാണ് റാലി. ആയിരക്കണക്കിന് ആളുകളാണ് റാലിയിൽ അണിനിരന്നത്.
Adjust Story Font
16

