Quantcast

ചൈനയുടെ ഭീഷണി; നിര്‍ബന്ധിത സൈനിക സേവനം ഒരു വര്‍ഷമാക്കി ഉയര്‍ത്തി തായ്‍വാന്‍

'നാല് മാസത്തെ സൈനിക സേവനം പുതിയ സാഹചര്യത്തെ നേരിടാൻ പര്യാപ്തമല്ല'

MediaOne Logo

Web Desk

  • Published:

    27 Dec 2022 11:10 AM GMT

ചൈനയുടെ ഭീഷണി; നിര്‍ബന്ധിത സൈനിക സേവനം ഒരു വര്‍ഷമാക്കി ഉയര്‍ത്തി തായ്‍വാന്‍
X

തായ്പെയ്: ചൈനയില്‍ നിന്നും ഭീഷണി നേരിടുന്നതിനിടെ തായ്‌വാൻ നിർബന്ധിത സൈനിക സേവനം നാല് മാസത്തിൽ നിന്ന് ഒരു വർഷമായി നീട്ടി. ചൈനീസ് അധിനിവേശ ഭീഷണിക്കിടെയാണ് തായ്‍വാന്‍ സ്വയം പ്രതിരോധം ശക്തമാക്കുന്നത്.

തായ്‍വാന് സമീപം ചൈന നടത്തിയ സൈനികാഭ്യാസത്തിന് പിന്നാലെയാണ് നിര്‍ബന്ധിത സൈനിക സേവന കാലയളവ് വര്‍ധിപ്പിച്ചത്. റഷ്യ യുക്രൈനില്‍ നടത്തിയ അധിനിവേശവും തായ്‍വാന്‍ അധികൃതരെ ഭയപ്പെടുത്തുന്നു. സമാനമായ രീതിയില്‍ ചൈന നീങ്ങുമോ എന്നാണ് തായ്‍വാന്‍റെ ആശങ്ക. തായ്‌വാനെതിരെയുള്ള ചൈനയുടെ ഭീഷണി ഇപ്പോള്‍ കൂടുതൽ വ്യക്തമാണെന്ന് പ്രസിഡന്‍റ് സായ് ഇങ്-വെൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

"ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ എന്റെ ജനങ്ങളേ സമാധാനം ആകാശത്ത് നിന്ന് പൊട്ടിവീഴില്ല. ഇപ്പോഴത്തെ നാല് മാസത്തെ സൈനിക സേവനം പുതിയ സാഹചര്യത്തെ നേരിടാൻ പര്യാപ്തമല്ല. 2024 മുതൽ ഒരു വർഷത്തെ സൈനിക സേവനം പുനഃസ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു."- തായ്‍വാന്‍ പ്രസിഡന്‍റ് പറഞ്ഞു.

നിർബന്ധിത സൈനിക സേവനം തായ്‌വാനിൽ അത്ര ജനപ്രിയമല്ല. സന്നദ്ധ സേനയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുൻ സർക്കാർ നിർബന്ധിത സൈനിക സേവനം ഒരു വർഷത്തിൽ നിന്ന് നാല് മാസമായി ചുരുക്കുകയായിരുന്നു. സാമ്പത്തിക ആനുകൂല്യങ്ങൾ ആകര്‍ഷകമല്ലാത്തതിനാല്‍ മുഴുവൻ സമയ സൈനിക ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനും നിലനിർത്താനും സൈന്യം പാടുപെടുകയാണ്.

1949ലെ ചൈനീസ് ആഭ്യന്തര യുദ്ധത്തിനൊടുവിലാണ് തായ്‌വാനും ചൈനയും പിരിഞ്ഞത്. ചൈനയ്ക്ക് ദശലക്ഷത്തിലധികം സൈനികരുണ്ടെങ്കില്‍ തായ്‍വാന്‍ കരസേനയുടെ അംഗബലം 89,000 മാത്രമാണ്. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ചൈന കൂടുതലായി യുദ്ധവിമാനങ്ങള്‍ വാങ്ങുന്നുണ്ട്. എന്നാൽ ഇത് മതിയാകില്ലെന്ന വിലയിരുത്തലിന്‍റെ കൂടി അടിസ്ഥാനത്തിലാണ് നിര്‍ബന്ധിത സൈനിക സേവന കാലയളവ് തായ്‍വാന്‍ വര്‍ധിപ്പിച്ചത്. ചൈനയുടെ സൈനികാഭ്യാസം പ്രകോപനപരമാണെന്നും തായ്‍വാനെ സഹായിക്കുമെന്നും വൈറ്റ് ഹൌസ് ദേശീയ സുരക്ഷാ കൌൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story