Quantcast

അഫ്ഗാൻ മാധ്യമ വിഭാഗം തലവനെ താലിബാൻ കൊലപ്പെടുത്തി; പ്രവിശ്യാ തലസ്ഥാനം പിടിച്ചടക്കി

അഫ്ഗാൻ മാധ്യമ വിഭാഗം തലവൻ ദഅവാ ഖാൻ മെനാപാൽ ആണ് കാബൂളിൽ താലിബാൻ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. നിംറോസ് പ്രവിശ്യയുടെ തലസ്ഥാനമായ സറഞ്ച് താലിബാൻ നിയന്ത്രണത്തിലാക്കുകയും ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    6 Aug 2021 9:48 PM IST

അഫ്ഗാൻ മാധ്യമ വിഭാഗം തലവനെ താലിബാൻ കൊലപ്പെടുത്തി; പ്രവിശ്യാ തലസ്ഥാനം പിടിച്ചടക്കി
X

അഫ്ഗാനിസ്താനിലെ പ്രവിശ്യാ തലസ്ഥാനം നിയന്ത്രണത്തിലാക്കി താലിബാൻ. നിംറോസ് പ്രവിശ്യയുടെ തലസ്ഥാനമായ സറഞ്ച് ആണ് താലിബാൻ കീഴടക്കിയത്. പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ റോഹ് ഗുൽ ഖൈർസാദ് ഇക്കാര്യം സ്ഥിരീകരിച്ചു. അതിനിടെ, അഫ്ഗാൻ സർക്കാരിന്റെ മാധ്യമ വിഭാഗം തലവനെ താലിബാൻ കൊലപ്പെടുത്തിയതായും വാർത്തകൾ പുറത്തുവരുന്നുണ്ട്.

വിദേശസൈന്യം പൂർണമായി പിൻമാറിയ ശേഷം താലിബാൻ ആരംഭിച്ച സൈനിക നടപടിയിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇന്നു നടന്നത്. ഇറാൻ അതിർത്തിയോടു ചേർന്നുള്ള തെക്കുപടിഞ്ഞാറൻ അഫ്ഗാൻ പ്രവിശ്യയാണ് നിംറോസ്. കാര്യമായ എതിർപ്പുകളില്ലാതെയാണ് സറഞ്ച് നഗരം താലിബാൻ പിടിച്ചടക്കിയത്. പൊലീസ് ആസ്ഥാനവും ഭരണസ്ഥാപനങ്ങളും അടക്കം തന്ത്രപ്രധാന കേന്ദ്രങ്ങൾ തങ്ങൾ പിടിച്ചടക്കിയതായി നേരത്തെ താലിബാൻ ട്വീറ്റ് ചെയ്തിരുന്നു.

നയതന്ത്രപരമായി അത്ര പ്രധാന മേഖലയല്ലെങ്കിലും സറഞ്ച് നഷ്ടപ്പെട്ടത് അഫ്ഗാൻ സർക്കാരിനു തിരിച്ചടി തന്നെയാണ്. നഗരം ഏറെനാളായി താലിബാനിൽനിന്നുള്ള ആക്രമണഭീഷണിയിലായിരുന്നുവെന്നും എന്നാൽ കേന്ദ്ര ഭരണകൂടം മുന്നറിയിപ്പുകളൊന്നും മുഖവിലക്കെടുത്തില്ലെന്നും റോഹ് ഗുൽ ഖൈർസാദ് പ്രതികരിച്ചു.

അതേസമയം, തലസ്ഥാനമായ കാബൂളിൽ ഒരു പള്ളിക്കടുത്തുവച്ചാണ് അഫ്ഗാൻ മാധ്യമ വിഭാഗം തലവൻ ദഅവാ ഖാൻ മെനാപാൽ താലിബാൻ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. പ്രതിരോധ മന്ത്രിയുടെ വീടിനുനേരെ നടന്ന ആക്രമണത്തിനു പിന്നാലെയാണ് മുതിർന്ന സർക്കാർവൃത്തത്തെ താലിബാൻ വകവരുത്തുന്നത്. ദഅവാ ഖാന്റെ മരണം അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം വക്താവ് മിർവായിസ് സ്റ്റാനിക്‌സായ് സ്ഥിരീകരിച്ചു.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ, മുതിര്‍ന്ന സര്‍ക്കാര്‍വൃത്തങ്ങളെ കൊല്ലുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. താലിബാനെതിരെ സൈന്യം നടത്തുന്ന വ്യോമാക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന് മുതിര്‍ന്ന സര്‍ക്കാര്‍വൃത്തങ്ങള്‍ക്കു തന്നെ വിലയൊടുക്കേണ്ടിവരുമെന്നും ഭീഷണിയുണ്ടായിരുന്നു.

കാബൂളിലെ മാധ്യമസമൂഹത്തിനിടയിൽ ഏറെ ജനകീയനായ അഫ്ഗാൻ ഭരണകൂടത്തിലെ മുതിർന്ന വ്യക്തിത്വം കൂടിയാണ് ദഅവാ ഖാൻ. സമൂഹമാധ്യമങ്ങളിലടക്കം താലിബാനെ രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നയാളാണ്. ഇതിനാൽ തന്നെ ദീർഘകാലമായി താലിബാന്റെ നോട്ടപ്പുള്ളിയുമായിരുന്നു.

TAGS :

Next Story