Quantcast

താലിബാൻ കാബൂളിന് 11 കിലോമീറ്റർ അരികെ; സമാധാന നീക്കങ്ങളുമായി ഖത്തർ

അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും ബന്ധിപ്പിക്കുന്ന റോഡുകളും നിയന്ത്രണത്തിലാക്കി

MediaOne Logo

Web Desk

  • Published:

    15 Aug 2021 1:17 PM IST

താലിബാൻ കാബൂളിന് 11 കിലോമീറ്റർ അരികെ; സമാധാന നീക്കങ്ങളുമായി ഖത്തർ
X

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ മുന്നേറ്റം തുടരുന്നു. മസാര്‍ ഇ ശെരീഫിന് പിന്നാലെ ജലാലാബാദും താലിബാന്‍ പിടിച്ചെടുത്തു. താലിബാൻ കാബൂളിന് 11 കിലോമീറ്റർ അടുത്തെത്തി.

താലിബാൻ ആക്രമം ശക്തിപ്പെടുത്തിയതോടെ അഫ്ഗാൻ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ വീണ്ടും കുറഞ്ഞു. പ്രധാന നഗരമായ ജലാലാബാദിനെ യാതൊരു പോരാട്ടവുമില്ലാതെ താലിബാൻ പിടിച്ചെടുത്തു. ജലാലാബാദും കീഴടക്കിയതോടെ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ കൂടുതൽ അടുത്തു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമായി ബന്ധിപ്പിക്കുന്ന റോഡുകളും നിയന്ത്രണത്തിലാക്കി.

എട്ട് ആഴ്ചകൾക്കുള്ളിൽ മസാർ-ഇ-ശെരീഫ്, ലോഗർ പ്രവിശ്യ, കാണ്ഡഹാർ, ഹെറാത്ത് എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ കീഴടക്കി താലിബാൻ മുന്നേറ്റം നടത്തുകയാണ്. താലിബാൻ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കാബൂളിലേക്ക് ഒഴുകിയെത്തുകയാണ്. ഭക്ഷണവും മറ്റു സൗകര്യങ്ങളുമില്ലാതെ തിങ്ങിനിറഞ്ഞു കഴിയുന്ന ആളുകൾ നഗരത്തിലെ പ്രധാന കാഴ്ചയായി മാറി കഴിഞ്ഞു. അതേസമയം ദോഹയില്‍ തിരക്കിട്ട സമാധാന നീക്കങ്ങളാണ് നടക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിര്‍ത്തലിന് തയ്യാറാകാന്‍ ഖത്തര്‍ താലിബാനോട് ആവശ്യപ്പെട്ടു.

തിരക്കിട്ട ചര്‍ച്ചകളുമായി ഖത്തര്‍

ദോഹയിലെ താലിബാന്‍ കാര്യാലയത്തിലെത്തിയാണ് ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ചര്‍ച്ച നടത്തിയത്. താലിബാന്‍ രാഷ്ട്രീയ കാര്യ തലവന്‍ മുല്ലാ ഗനി ബറദാറുള്‍പ്പെടെയുള്ള നേതാക്കള്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. എത്രയും പെട്ടെന്ന് വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും രാഷ്ട്രീയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് സന്നദ്ധരാകണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി താലിബാന്‍ നേതാക്കളോട് ആവശ്യപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ താലിബാന്‍റെ പ്രതികരണം എന്തായിരുന്നുവെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസം ദോഹയില്‍ ചേര്‍ന്ന രാജ്യാന്തര സമിതി യോഗത്തിന്‍റെ തുടര്‍ച്ചയായാണ് ഖത്തര്‍ വിദേശകാര്യമന്ത്രി താലിബാന്‍ നേതാക്കളെ കണ്ടത്. അതേസമയം അഫ്ഗാനിസ്ഥാനിലെ മൂന്നില്‍ രണ്ട് ഭാഗങ്ങളും ഇതിനകം കയ്യടക്കിയ താലിബാന്‍ തലസ്ഥാനമായ കാബൂളിനടുത്തെത്തിയതായാണ് വിവരം. അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൌരന്മാരെ രക്ഷപ്പെടുത്തുന്നതിനായി ജര്‍മനി നടപടികളാരംഭിച്ചു. ഇതിനായി പ്രത്യേക സൈന്യത്തെ ജര്‍മനി കാബൂളിലേക്കയച്ചിട്ടുണ്ട്.



TAGS :

Next Story