Quantcast

മാധ്യമസ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശം, സംഘര്‍ഷം... താലിബാന് പറയാനുള്ളത്

ചൊവ്വാഴ്ച കാബൂളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അതീവ സൂക്ഷ്മതയോടെയാണ് താലിബാന്‍ വക്താവ് ദബീഹുല്ല മുജാഹിദ് തന്റെ വാക്കുകൾ ഉപയോഗിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-08-18 09:17:36.0

Published:

18 Aug 2021 7:53 AM GMT

മാധ്യമസ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശം, സംഘര്‍ഷം... താലിബാന് പറയാനുള്ളത്
X

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറാൻ മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. തലസ്ഥാനമായ കാബൂൾ അടക്കം രാജ്യത്തിന്റെ സിംഹഭാഗവും കൈയടക്കിയാണ് താലിബാൻ 20 വർഷത്തിന് ശേഷം ഒരിക്കൽ കൂടി രാജ്യത്തിന്റെ അധികാരം കൈയാളാൻ ഒരുങ്ങുന്നത്. താലിബാന്റെ അധികാരാരോഹണത്തെ ആശങ്കയോടെയും അതോടൊപ്പം ജിജ്ഞാസയോടെയുമാണ് ലോകരാഷ്ട്രങ്ങൾ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹം ഉന്നയിക്കുന്ന ആശങ്കകളില്‍ കഴിഞ്ഞ ദിവസം കാബൂളില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ താലിബാൻ വക്താവ് ദബീഹുല്ല മുജാഹിദ് വിശദമായി തന്നെ പ്രതികരിക്കുകയുണ്ടായി. അതീവ സൂക്ഷ്മതയോടെയാണ് ദബീഹുല്ല വാർത്താ സമ്മേളനത്തിൽ തന്റെ വാക്കുകൾ ഉപയോഗിച്ചത് എന്നതാണ് ശ്രദ്ധേയം. വിശദാംശങ്ങൾ;

'സ്ത്രീകൾക്ക് പഠിക്കാം, തൊഴിലെടുക്കാം'

സ്ത്രീകൾക്ക് പഠിക്കാനും തൊഴിലെടുക്കാനും തടസ്സങ്ങളുണ്ടാകില്ല എന്നാണ് താലിബാൻ വ്യക്തമാക്കിയത്. 'സ്ത്രീകളെ പഠിക്കാനും തൊഴിലെടുക്കാനും അനുവദിക്കും. ഇക്കാര്യത്തിൽ തീർച്ചയായും ഞങ്ങൾക്കൊരു ചട്ടക്കൂടുണ്ടാകും. ഇസ്‌ലാമിന്റെ ചട്ടക്കൂടിന് അകത്തു നിന്നു കൊണ്ട് സ്ത്രീകൾക്ക് സമൂഹത്തിന് അകത്ത് സജീവമായി പ്രവർത്തിക്കാം. സ്ത്രീകൾക്ക് അഫ്ഗാനിൽ വിവേചനമുണ്ടാകില്ല. ഞങ്ങളുമായി തോളോട് തോൾ ചേർന്ന് അവർ പ്രവർത്തിക്കും'.

'വസ്ത്രധാരണത്തില്‍ -ഹിജാബിന്റെ ഉപയോഗം- നിയമപരമായ ചട്ടക്കൂടുണ്ടാക്കും. തെരുവിലോ തൊഴിലിടത്തിലോ സ്ത്രീകൾക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരില്ല. നിയമം പ്രാബല്യത്തിലാകുന്നത് വരെ സ്ത്രീകളോട് ഭയവും സമ്മർദവും കൂടാതെ വീട്ടിൽ തുടരണമെന്ന് പറയാൻ ആഗ്രഹിക്കുന്നു. തൊഴിലിലേക്ക് മടങ്ങിയെത്താനാകും എന്ന് ഞാൻ സ്ത്രീകൾക്ക് ഉറപ്പുനൽകുന്നു.'- അദ്ദേഹം പറഞ്ഞു.

'ആരോടും പ്രതികാരമില്ല'

മുൻ പട്ടാളക്കാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കില്ല എന്നും സബീഹുല്ല വ്യക്തമാക്കുന്നു. 'ആരും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ പോകുന്നില്ല. ആരും നിങ്ങളുടെ വാതിലിൽ മുട്ടില്ല. സ്വദേശത്തു നിന്നോ വിദേശത്തു നിന്നോ ഒരു ശത്രുവിനെയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. താബിലാൻ ഇപ്പോൾ ഒരു മുസ്‌ലിം രാഷ്ട്രമാണ്. അത് 20 വർഷം മുമ്പായാലും ഇപ്പോഴായാലും. എന്നാൽ ഇക്കാലയളവിൽ വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിച്ച ശേഷം നമുക്ക് നിയമത്തെ കുറിച്ച് സംസാരിക്കാം.'


കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുന്ന അഫ്ഗാനികൾ


'സ്വാതന്ത്ര്യവും സ്വയാധികാരവും അഫ്ഗാനികളുടെ നിയമപരമായ അവകാശമായിരുന്നു. ഞങ്ങളുടെ രാജ്യത്ത് നടന്നത് അധിനിവേശമാണ്. 20 വർഷത്തെ പോരാട്ടത്തിന് ശേഷം ഞങ്ങൾ സ്വാതന്ത്ര്യം നേടി. ദൈവത്തിന് നന്ദി. രാജ്യം വീണ്ടും യുദ്ധഭൂമിയാകാൻ ആഗ്രഹിക്കുന്നില്ല. സമാധാനമായി ജീവിക്കാൻ ആഗ്രഹിക്കുന്നു'- ദബീഹുല്ല കൂട്ടിച്ചേർത്തു.

'മാധ്യമ പ്രവർത്തകർ ക്രിമിനലുകളല്ല'

'മാധ്യമസ്വാതന്ത്ര്യത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. കാരണം മാധ്യമ റിപ്പോർട്ടിങ് സമൂഹത്തിന് ഉപകാരപ്രദമാണ്. ഞങ്ങളുടെ നേതാക്കളുടെ തെറ്റുകളെ ശരിയാക്കാൻ മാധ്യമങ്ങൾ സഹായിക്കും. മാധ്യമങ്ങളുടെ പങ്കിന്റെ പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുന്നു എന്ന് ലോകത്തോട് പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അധികാരമാറ്റത്തിന്റെ പാതയിലാണ്. കുറച്ചു ദിവസം കൂടി കാത്തിരിക്കണം. പൊതു-സ്വകാര്യ മാധ്യമപ്രവർത്തകർ ക്രിമിനലുകളല്ല. ആരെയും കുറ്റവിചാരണ ചെയ്യില്ല. ഞങ്ങളുടെ കാഴ്ചപ്പാടിൽ അവർ സിവിലിയന്മാരാണ്. ചില സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകർ വീട്ടിൽ കഴിയുന്നുണ്ടെങ്കിൽ അത് യുദ്ധസാഹചര്യങ്ങൾ മൂലമാണ്. അവർക്ക് വേഗം ജോലിയിൽ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭയത്തിന്റെ അന്തരീക്ഷം മാറ്റാൻ അവരെ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.' - വക്താവ് വ്യക്തമാക്കി.

അഫ്ഗാനിസ്താനിൽ എട്ട് വാർത്താ ഏജൻസികളും 52 ടിവി ചാനലുകളുമാണ് ഉള്ളതെന്ന് റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സ് പറയുന്നു. ഇതിന് പുറമേ, 165 റേഡിയോ സ്‌റ്റേഷനുകളും 190 അച്ചടി മാധ്യമങ്ങളും പ്രവർത്തിക്കുന്നു. ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180ൽ 122-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ.

മറ്റു രാഷ്ട്രങ്ങൾക്കെതിരെ തങ്ങളുടെ മണ്ണ് ഉപയോഗിക്കില്ല

മറ്റു രാഷ്ട്രങ്ങൾക്കെതിരെ ആക്രമണം നടത്താൻ തങ്ങളുടെ മണ്ണ് ഉപയോഗിക്കില്ലെന്നും താലിബാൻ വക്താവ് പറയുന്നു. യുഎസ് അടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തോട് ഇക്കാര്യം പറയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അയൽ രാഷ്ട്രങ്ങൾ അടക്കം ലോകത്തുള്ള ഒരു രാഷ്ട്രത്തിനെതിരെയും ഞങ്ങളുടെ രാജ്യം ഉപയോഗിക്കാൻ അനുവദിക്കില്ല. സ്വാതന്ത്ര്യം എല്ലാ രാഷ്ട്രങ്ങളുടെയും നിയമപരമായ അവകാശമാണ്'- അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനികൾക്ക് ആശങ്കയെന്ന് വിദഗ്ധർ

അതിനിടെ, താലിബാന്റെ അവകാശവാദങ്ങൾ പൂർണമായി നടപ്പാകുമോ എന്നതിൽ രാജ്യത്തെ ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും താലിബാനെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് അഫ്ഗാൻ വിദ്യാഭ്യാസ വിചക്ഷണൻ ഹാറൂൻ റഹീമിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ഇതാണ് അഫ്ഗാനിൽ നിലവിലുള്ള പലായനത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'നിലവിലുള്ള ഭയാശങ്കകൾ നീക്കാൻ കുറച്ചുകാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. താലിബാൻ മാറി എന്ന് എന്ന് വിശ്വസിക്കാൻ ചിലർക്ക് ബുദ്ധിമുട്ടുണ്ട്' - അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story