Quantcast

ശാസ്ത്ര മ്യൂസിയത്തിന് അദാനിയുടെ സ്‌പോൺസർഷിപ്പ്; ലണ്ടനിൽ വൻ പ്രതിഷേധം

അദാനിയുമായുള്ള ബന്ധം വിച്ഛേദിച്ചില്ലെങ്കിൽ മ്യൂസിയം ബഹിഷ്‌ക്കരിക്കുമെന്ന് മുന്നറിയിപ്പുമായി 400ലേറെ ശാസ്ത്ര അധ്യാപകർ ഒപ്പുവച്ച കത്ത് അധികൃതർ നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    22 July 2022 10:51 AM GMT

ശാസ്ത്ര മ്യൂസിയത്തിന് അദാനിയുടെ സ്‌പോൺസർഷിപ്പ്; ലണ്ടനിൽ വൻ പ്രതിഷേധം
X

ലണ്ടൻ: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ ലണ്ടനിൽ വൻ പ്രതിഷേധം. ലണ്ടനിലെ പ്രശസ്തമായ സയൻസ് മ്യൂസിയം അദാനിയുമായി കരാറിലേർപ്പെട്ടതിലാണ് പ്രതിഷേധവുമായി അധ്യാപകരും ശാസ്ത്രരംഗത്തെ പ്രമുഖരും രംഗത്തെത്തിയിരിക്കുന്നത്. മ്യൂസിയത്തിലെ എക്‌സിബിഷന്റെ ഭാഗമായ എനർജി റവല്യൂഷൻ ഗാലറി സ്‌പോൺസർ ചെയ്യുന്നത് അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി ഗ്രീൻ എനർജിയാണ്.

അദാനിയുമായുള്ള ബന്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 400ലേറെ അധ്യാപകർ ഒപ്പുവച്ച കത്ത് മ്യൂസിയം അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ മ്യൂസിയം ബഹിഷ്‌ക്കരിക്കുമെന്നും വിദ്യാർത്ഥികളെ കൊണ്ടുവരുന്നത് നിർത്തുമെന്നുമാണ് ബ്രിട്ടനിലെ വിവിധ സ്‌കൂളുകളിലുള്ള അധ്യാപകർ വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൽക്കരി ഖനികളും കൽക്കരി ഊർജ പ്ലാന്റുകളും നടത്തുന്ന കമ്പനിയാണ് അദാനി ഗ്രൂപ്പെന്നും കാലാവസ്ഥാ വ്യതിയാനത്തിൽ അവർ നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തിൽനിന്ന് മറച്ചുവയ്ക്കാനാണ് ഇത്തരമൊരു സ്‌പോൺസർഷിപ്പെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 25 വർഷമായി ആയിരക്കണക്കിന് വിദ്യാർത്ഥികളെ മ്യൂസിയത്തിൽ എത്തിച്ചയാളാണ് താനെന്ന് കത്തിൽ ഒപ്പുവച്ച അധ്യാപകൻ ഇയാൻ മക്‌ഡെർമോട്ട് പ്രതികരിച്ചു. യുവാക്കളെയും വിദ്യാർത്ഥികളെയും ഏറെകാലം പ്രചോദിപ്പിച്ച മ്യൂസിയം ഇപ്പോൾ കൽക്കരി ഖനനത്തിലൂടെ ലോകത്ത യുവതലമുറയുടെ ഭാവി തകർക്കുന്ന കൽക്കരി ഭീമൻ അദാനിയെ പിന്തുണയ്ക്കുകയാണ്. അതുവഴി പരിസ്ഥിതിക്ക് തന്നെ കോട്ടമുണ്ടാക്കാനുള്ള സഹായമാണ് മ്യൂസിയം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എണ്ണ, വാതക കമ്പനിയായ ഷെൽ ഷെല്ലുമായി കരാറിൽ ഒപ്പുവച്ചതിനു പിന്നാലെ കഴിഞ്ഞ ഒക്ടോബറിൽ മ്യൂസിയം ഡയരക്ടറും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ പ്രൊഫ. ക്രിസ് റാപ്ലി രാജിവച്ചിരുന്നു. ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്(ഐ.പി.സി.സി) മുൻ ചെയർമാൻ അടക്കം ശാസ്ത്രരംഗത്തെ 40ഓളം പ്രമുഖർ മ്യൂസിയവുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദാനി ഗ്രൂപ്പ് മ്യൂസിയത്തിൽ ഒരു ഗാലറിയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തത്.

നേരത്തെ, പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ സമ്മർദത്തെ തുടർന്ന് വൻകിട വൈദ്യുത പദ്ധതി അദാനി ഗ്രൂപ്പിനു നൽകിയതായുള്ള മുൻ സർക്കാർ വൃത്തത്തിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ശ്രീലങ്കയിൽ ജനകീയ പ്രതിഷേധം ശക്തമായിരുന്നു. അദാനിക്കു നൽകിയ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൊളംബോയിലടക്കം പ്രതിപക്ഷ പ്രതിഷേധങ്ങൾ നടന്നത്. മോദിയും ശ്രീലങ്ക മുൻ പ്രസിഡന്റ് ഗോതബയ രജപക്സെയും തമ്മിലുള്ള രഹസ്യ കരാറിന്റെ ഭാഗമായാണ് അദാനിക്ക് വടക്കൻ ശ്രീലങ്കയിലുള്ള മാന്നാർ ജില്ലയിലെ കാറ്റാടി വൈദ്യുതി നിലയം കൈമാറിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

മോദിയും ഗോതബയയും തമ്മിൽ നടന്ന നിയമവിരുദ്ധവും സുതാര്യമല്ലാത്തതുമായ ഇടപാടിന്റെ ഭാഗമായാണ് അദാനിക്ക് പദ്ധതിയുടെ കരാർ ലഭിച്ചതെന്ന് പ്രമുഖ എൻജിനീയറായ നുസ്ലി ഹമീം ആരോപിച്ചു. ലേല നടപടികളൊന്നുമില്ലാതെ അദാനിക്ക് സുഖമായി കരാർ നേരിട്ട് ലഭ്യമാക്കുകയായിരുന്നു ഇതുവഴി ഇരുനേതാക്കളും ലക്ഷ്യമിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലേലനടപടികളില്ലാതെ കരാർ നേരിട്ട് അദാനിക്ക് നൽകാനായി ശ്രീലങ്കൻ പാർലമെന്റ് വൈദ്യുത നിയമം ഭേദഗതി ചെയ്യുക വരെയുണ്ടായെന്നും നുസ്ലി കൂട്ടിച്ചേർത്തു. മാന്നാറിൽ കാറ്റാടി ഊർജ പദ്ധതിയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ചയാളാണ് നുസ്ലി ഹമീം.

Summary: Hundreds of teachers boycott Science Museum, London, over Adani sponsorship

TAGS :

Next Story