നടുക്കുന്ന ദൃശ്യങ്ങൾ! നിയന്ത്രണം വിട്ട് മലയിലേക്ക് കുത്തിവീണ് ചൈനീസ് വിമാനം; 132 പേരും മരിച്ചതായി റിപ്പോർട്ട്- വിഡിയോ
ആളപായത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി കരുതുന്നതായാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്

ചൈനയിൽ യാത്രാവിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരും ജീവനക്കാരുമടക്കം 132 പേരുമായി പുറപ്പെട്ട വിമാനം നിയന്ത്രണം വിട്ട് കുത്തനെ മലയിലേക്ക് പതിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് ചൈനീസ് വ്യോമയാന വിഭാഗം പുറത്തുവിട്ടത്. അതേസമയം, ആളപായത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി കരുതുന്നതായാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
പ്രദേശത്തെ ഒരു ഖനി കമ്പനിയുടെ സുരക്ഷാ കാമറയിലാണ് വിമാനം തകർന്നുവീഴുന്നതിന്റെ അവസാനദൃശ്യങ്ങൾ പതിഞ്ഞത്. ദുരന്തസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമുദ്രനിരപ്പിൽനിന്ന് 29,100 അടി ഉയരത്തിൽനിന്നാണ് വെറും രണ്ട് മിനിറ്റ് കൊണ്ട് വിമാനം താഴേ പതിച്ചത്.
അപകടം ലാൻഡിങ്ങിനൊരുങ്ങവെ?
ദക്ഷിണ പടിഞ്ഞാറൻ ചൈനയിലാണ് ആകാശദുരന്തമുണ്ടായത്. ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനമാണ് ലാൻഡിങ്ങിന്റെ തൊട്ടുമുൻപ് നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണത്. അപകടത്തിനു പിന്നാലെ വിമാനത്തിൽനിന്ന് തീ ആളിപ്പടർന്ന് പ്രദേശത്ത് വൻ അഗ്നിബാധയുമുണ്ടായി.
ഗ്വാങ്ഷിയിലെ വുസുവിനടുത്താണ് സംഭവം. 123 യാത്രക്കാരും ഒൻപത് ജീവനക്കാരുമായാണ് കൻമിങ്ങിൽനിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11ന് വിമാനം ഗ്വാങ്ഷുവിലേക്ക് പുറപ്പെട്ടത്. 2.22ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നാലെയാണ് ഗ്രാമപ്രദേശത്തെ പർവതമേഖലയിൽ തകർന്നുവീണ വിവരം പുറത്തെത്തുന്നത്.
ഗ്വാങ്ഷുവിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ തിരിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല.
Summary: Terrifying video shows China plane crashing down in final seconds
Adjust Story Font
16

