ജർമൻ പ്രസിഡന്‍റിന്‍റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്ത് ‘ബിഹാർ ജലവിഭവ വകുപ്പ്’ എന്നാക്കി
ഹാക്ക് ചെയ്ത് ആദ്യം ഹിറ്റ്‌ലറുടെ പേരാണ് നൽകിയത്

മ്യൂണിക്: ജർമൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയറിന്‍റെ ‘എക്സ്’ അക്കൗണ്ട് ഹാക്ക് ചെയ്തു. നാസി പാർട്ടി തലവൻ അഡോൾഫ് ഹിറ്റ്‌ലറുടെ പേരിലാണ് ആദ്യം അക്കൗണ്ട് മാറ്റിയത്. ഇതോടെ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെടുകയും അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ബിഹാർ സർക്കാരിന്‍റെ ജലവിഭവ വകുപ്പിന്‍റെ അക്കൗണ്ടാണെന്ന രീതിയിൽ വിശദാംശങ്ങൾ മാറ്റി.
ഇറ്റാലിയൻ ഏകാധിപതി ബെനിറ്റോ മുസ്സോളിനിക്കൊപ്പം ഹിറ്റ്‌ലറുടെ ചിത്രമാണ് ഹാക്കർ പോസ്റ്റ് ചെയ്തിരുന്നത്. ഇതോടൊപ്പം അടിക്കുറിപ്പുമുണ്ടായിരുന്നു. ‘ഓർക്കുക: നിങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ, നിങ്ങളുടെ ലക്ഷ്യം ഒന്നുതന്നെയാകുമ്പോൾ, നിങ്ങളുടെ ആത്മാവ് ഇളകാത്തപ്പോൾ ഒന്നും നിങ്ങളെ തടയില്ല. ജർമ്മനിയെ വീണ്ടും മഹത്തരമാക്കുക’ -എന്നായിരുന്നു കുറിപ്പ്.
അതേസമയം, ഹാക്ക് ചെയ്തതിന് പിന്നാലെ വലിയ ചർച്ചകളാണ് ‘എക്സി’ൽ ഉടലെടുത്തത്. ആ അക്കൗണ്ട് എക്സ് ഉടമയും അമേരിക്കൻ വ്യവസായിയുമായ ഇലോൺ മസ്കിന്‍റേതാകാമെന്ന് ഒരാൾ കുറിച്ചു. മറ്റൊരാൾ എഴുതി: ‘ജർമ്മനിയെ വീണ്ടും മഹത്തരമാക്കൂ. അതെ, അത് ഇലോൺ എന്ന കോമാളിയാണ്’. അതേസമയം, എക്സിലെ ഒരാൾ കമന്‍റ് ചെയ്തു: ‘ഇനി എന്ത് വിശ്വസിക്കണമെന്ന് എനിക്കറിയില്ല!!!! ഇന്ത്യൻ ഹിറ്റ്‌ലർ ഇന്ത്യയിലെ ജലത്തെ മികച്ചതാക്കാൻ ശ്രമിക്കുകയാണ്!!!’.
Adjust Story Font
16

