ടൊയോട്ട പിക്കപ്പ് നയിച്ച യുദ്ധം; ലിബിയക്ക് മേൽ ചാഡുകളുടെ വിജയ ചരിത്രം
1970കളോടെ ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫി ചാഡിന്റെ വടക്കെ അതിർത്തിയിലെ യുറേനിയം സമ്പന്നമായ 'ഔസോ സ്ട്രിപ്പ് കീഴടക്കാൻ ശ്രമിച്ചതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

ട്രിപ്പോളി: ആഫ്രിക്കയുടെ ചൂടുള്ള മണൽത്തിരമാലകളിൽ ഒരു ചെറിയ രാജ്യം ലോകത്തിന്റെ ഏറ്റവും ശക്തിശാലി സൈന്യങ്ങളിലൊന്നിനെതിരെ ധീരമായി പോരാടിയ ചരിത്രമാണ് ടൊയോട്ട യുദ്ധം എന്നറിയപ്പെടുന്നത്. 1987ൽ നടന്ന ചാഡ്-ലിബിയൻ യുദ്ധത്തിൽ ചാഡിന്റെ ദരിദ്ര സൈന്യം, ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്കുകളുടെ സഹായത്തോടെ ലിബിയയുടെ ആധുനിക സൈന്യത്തെ തോൽപ്പിച്ചു. ലിബിയയുടെ സോവിയറ്റ് കാലഘട്ടത്തിലെ ടാങ്കുകൾക്കും വിമാനങ്ങൾക്കും മുകളിൽ ടൊയോട്ട പിക്കപ്പുകളുടെ നിർണായക സാന്നിധ്യം കൊണ്ടാണ് ഈ യുദ്ധത്തിന് ‘ടൊയോട്ട യുദ്ധം’ എന്ന പേര് ലഭിച്ചത്.
ആഭ്യന്തര കലാപങ്ങളും വിദേശ ഇടപെടലുകളും നിറഞ്ഞതാണ് ചാഡിന്റെ ചരിത്രം. 1960ൽ ഫ്രഞ്ച് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി ചാഡ് രാഷ്ട്രീയ അസ്ഥിരതയിലൂടെ കടന്നുപോകുന്നതിനിടെയാണ് ലിബിയൻ ഇടപെടലുണ്ടാകുന്നത്. 1970കളോടെ ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫി ചാഡിന്റെ വടക്കെ അതിർത്തിയിലെ യുറേനിയം സമ്പന്നമായ 'ഔസോ സ്ട്രിപ്പ് കീഴടക്കാൻ ശ്രമിച്ചതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ചാഡിന്റെ പ്രസിഡന്റ് ഹിസ്സേനെ ഹബ്രെ, ഫ്രാൻസിന്റെയും യുഎസിന്റെയും പിന്തുണയോടെ ലിബിയയെ എതിർത്തു. 1986ഓടെ ലിബിയ 30,000 സൈനികരും ടാങ്കുകളും വിന്യസിച്ചു. പക്ഷേ ചാഡിന്റെ ചെറിയ സൈന്യത്തിന് കരുത്തുറ്റ ലിബിയൻ സൈന്യത്തോട് പിടിച്ചുനിൽക്കാനായില്ല.
ലിബിയക്ക് സോവിയറ്റ് നിർമിത T-55 ടാങ്കുകൾ, മിഗ് യുദ്ധവിമാനങ്ങൾ, ഭാരമുള്ള ബ്രിഗേഡുകൾ എന്നിവയുണ്ടായിരുന്നു. എന്നാൽ ചാഡ് സൈന്യത്തിന് 10,000 സൈനികരും ഫ്രാൻസിൽ നിന്ന് ലഭിച്ച 400 ടൊയോട്ട പിക്കപ്പ് ട്രക്കുകളും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ചാഡുകൾ കീഴടങ്ങാൻ തയ്യാറായിരുന്നില്ല. ഈ ട്രക്കുകൾ മിലൻ ആന്റി-ടാങ്ക് മിസൈലുകളും മെഷീൻ ഗണ്ണുകളും ഘടിപ്പിച്ച് ലിബിയക്കെതിരെ ഗറില്ലാ യുദ്ധം നയിച്ചു.
ടൊയോട്ട ട്രക്കുകൾ മരുഭൂമിയിൽ വേഗത്തിൽ സഞ്ചരിച്ച് ലിബിയൻ ടാങ്കുകളെ ആക്രമിച്ചു. ഫാദ, വാദി ദൗം, ഔസോഉ എന്നിവിടങ്ങളിലെ യുദ്ധങ്ങളിൽ ചാഡ് ലിബിയയെ തകർത്തു. ലിബിയക്ക് 7,000ലധികം സൈനികരെയും 300ലധികം ടാങ്കുകളും നഷ്ടപ്പെട്ടു. എന്നാൽ ചാഡിന്റെ നഷ്ടം വളരെ കുറവായിരുന്നു. സെപ്റ്റംബർ 1987ൽ ഉടമ്പടി ഒപ്പിട്ട് യുദ്ധം അവസാനിച്ചെങ്കിലും ഔസോ തർക്കം തുടർന്നു. 1994-ൽ ICJ ചാഡിന് അനുകൂലമായി വിധിച്ചു. 1987ലെ ടൊയോട്ട യുദ്ധത്തിനുശേഷം വാഹന നിർമാണത്തിൽ ടൊയോട്ടയുടെ പ്രശസ്തി ഉറപ്പിക്കപ്പെട്ടു. പ്രത്യേകിച്ച് ടൊയോട്ട ഹിലക്സും ലാൻഡ് ക്രൂയിസറും ഉൾപ്പെടെയുള്ള വണ്ടികൾക്ക്.
Adjust Story Font
16

