'ലോകം തിന്മയാണ്, ഈ വിധവയുടെ ശബ്ദം യുദ്ധകാഹളം പോലെ ലോകമെമ്പാടും പ്രതിധ്വനിക്കും'; വൈകാരിക പ്രതികരണവുമായി ചാർലി കിർക്കിന്റെ ഭാര്യ
യൂട്ടാ വാലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തിനിടെയാണ് ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്

വാഷിങ്ടൺ: ഡൊണള്‍ഡ് ട്രംപിന്റെ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിൽ വൈകാരികമായ കുറിപ്പുമായി ഭാര്യ എറിക്ക കിർക്ക്. ചാര്‍ലി കിർക്ക് പോഡ്കാസ്റ്റുകള്‍ ചെയ്തിരുന്ന ഓഫീസില്‍വച്ച് ഇന്നലെയായിരുന്നു എറിക്കയുടെ പ്രതികരണം.
ചാര്‍ലി തന്നെയും കുട്ടികളെയും വളരെയധികം സ്‌നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ കൊലയാളിയെ പിടികൂടാന്‍ പ്രയത്‌നിച്ച നിയമപാലകര്‍ക്ക് നന്ദി. തന്റെ ഉള്ളില്‍ ആ കൊലയാളി കത്തിച്ച തീ എന്താണെന്ന് അയാള്‍ക്ക് ഊഹിക്കാനാവില്ല. ഈ വിധവയുടെ ശബ്ദം ലോകമെമ്പാടും ഒരു യുദ്ധകാഹളം പോലെ പ്രതിധ്വനിക്കും. ചാര്‍ലി പ്രസിഡന്റിനെ ഒരുപാട് സ്‌നേഹിച്ചിരുന്നുവെന്ന് എറിക്ക പറഞ്ഞു.
'എന്റെ ഭര്‍ത്താവ് ചെയ്തിരുന്ന ക്യാംപസ് ടൂര്‍, റേഡിയോ ഷോ, പോഡ്കാസ്റ്റ് എന്നീ ജോലികള്‍ ഞാന്‍ ഏറ്റെടുക്കും. അദ്ദേഹത്തിന്റെ പാരമ്പര്യം നശിക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല. അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത്, അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ നിലനിര്‍ത്തും. ചെയ്ത എല്ലാ സഹായങ്ങള്‍ക്കും പ്രസിഡന്റിന് നന്ദി'- എറിക്ക കിര്‍ക്ക് കൂട്ടിച്ചേർത്തു.
ബുധനാഴ്ച യൂട്ടാ വാലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തിനിടെയാണ് ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ടെയ്‌ലര്‍ റോബിന്‍സണ്‍ എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ റോബിന്‍സണിന്റെ പേര് എറിക്ക പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല.
ക്യാംമ്പസിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ആക്രമണത്തിനു ഉപയോഗിച്ചതോക്ക് കണ്ടെത്തിയെന്നും അക്രമിയുടെ മുഖം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളടക്കം വിവരങ്ങള്‍ ലഭിച്ചെന്നും എഫ്ബിഐ അറിയിച്ചു. പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. രാജ്യത്തെ സംബന്ധിച്ച് ഇരുണ്ട ദിനമാണെന്നായിരുന്നു കൊലപാതക വാര്‍ത്തയോടുള്ള ട്രംപിന്റെ പ്രതികരണം.
Adjust Story Font
16

