‘9/11ന്റെ യഥാർഥ ഇരകൾ ആരാണെന്ന് ലോകം ഓർക്കണം’; 18-ാം വയസിൽ ഗ്വാണ്ടനാമോയിലേക്ക്, 25 വർഷത്തിനിപ്പുറം പീഡനത്തിന്റെ ഓർമകൾ പങ്കുവെച്ച് മൻസൂർ അദയ്ഫി
9/11ന്റെ ഇരകളെ മാത്രമല്ല, അതിന്റെ പേരിൽ നടന്ന യുദ്ധങ്ങളിലും പീഡനങ്ങളിലും തടങ്കലുകളിലും ദുരിതമനുഭവിച്ചവരെയും ലോകം ഓർക്കണമെന്ന് അദയ്ഫി പറഞ്ഞു

ന്യൂയോർക്ക്: അമേരിക്കയിലെ 9/11 ആക്രമണങ്ങൾക്ക് പിന്നാലെ ആരംഭിച്ച ‘വാർ ഓൺ ടെറർ’ പദ്ധതിയുടെ ഭാഗമായി ഗ്വാണ്ടനാമോ തടവുകാരനാക്കപ്പെട്ട മൻസൂർ അദയ്ഫി, താൻ നേരിട്ട ക്രൂരമായ പീഡനങ്ങളുടെയും ദുരനുഭവങ്ങളുടെയും ഓർമകൾ ‘മിഡിൽ ഈസ്റ്റ് ഐ’ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുന്നു. 18-ാം വയസിൽ നിരപരാധിയായിരിക്കെ ഗ്വാണ്ടനാമോയിലേക്ക് അയക്കപ്പെട്ടതുമുതൽ നേരിട്ട ദുരനുഭവങ്ങളാണ് അദയ്ഫി ഓർത്തെടുക്കുന്നത്.
യെമനിലെ സാധാരണ കുടുംബത്തിൽ വളർന്ന മൻസൂർ അദയ്ഫി, കമ്പ്യൂട്ടർ സയൻസ് പഠിക്കണമെന്ന ആഗ്രഹത്തോടെയാണ് 18-ാം വയസിൽ രാജ്യം വിട്ടത്. അഫ്ഗാനിസ്ഥാനിലെത്തിയ അദ്ദേഹം ഒരു എൻജിഒയുടെ ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഇതിനിടെയാണ് 2001 സെപ്റ്റംബർ 11ന് അമേരിക്കയിൽ ഭീകരാക്രമണമുണ്ടായത്.
ആക്രമണത്തെക്കുറിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് റേഡിയോയിലൂടെ മൻസൂർ അറിഞ്ഞത്. തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ആയുധധാരികൾ അദ്ദേഹത്തെയും സംഘത്തെയും തട്ടിക്കൊണ്ടുപോയി. മോചനത്തിനായി 100,000 ഡോളർ ആവശ്യപ്പെട്ട സംഘം പിന്നീട് അദ്ദേഹത്തെ അമേരിക്കൻ ഏജൻസികൾക്ക് കൈമാറുകയായിരുന്നു.
തന്നെ അൽഖാഇദ നേതാവെന്ന് ആരോപിച്ചാണ് പിടികൂടിയതെന്ന് മൻസൂർ പറയുന്നു. കൈകൾ ബന്ധിക്കുകയും കണ്ണുകൾ മൂടുകയും ചെയ്ത ശേഷം ക്രൂരമായി മർദിച്ചു. തുടർന്ന് കാണ്ഡഹാറിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിലെത്തിച്ചു.
നൂറോളം തടവുകാരാണ് അവിടെയുണ്ടായിരുന്നത്. തടവുകാരെ നമ്പറുകൾ ഉപയോഗിച്ചാണ് വിളിച്ചിരുന്നത്. മൻസൂറിനെയും ഒരു നമ്പർ ഉപയോഗിച്ച് വിളിച്ച് മറ്റൊരു ടെന്റിലേക്ക് കൊണ്ടുപോയി.
അവിടെ വസ്ത്രങ്ങൾ അഴിപ്പിക്കുകയും ശരീരം ഷേവ് ചെയ്യുകയും മർദിക്കുകയും അപമാനിക്കുകയും ചെയ്തതായി അദ്ദേഹം പറയുന്നു. തുടർന്ന് ഓറഞ്ച് നിറത്തിലുള്ള ജയിൽ വസ്ത്രം ധരിപ്പിച്ചു. കൈകാലുകളിൽ ചങ്ങലകളും കണ്ണുകളിൽ ഗോഗിൾസും ചെവികളിൽ ഇയർമഫും ധരിപ്പിച്ച് കഴുത്തിൽ ‘ബീറ്റ് മി ’ എന്നെഴുതിയ ബോർഡും തൂക്കി.
എന്താണ് തനിക്ക് ചുറ്റും സംഭവിക്കുന്നതെന്ന് മനസിലാകാത്ത അവസ്ഥയിലായിരുന്നു താനെന്ന് മൻസൂർ പറയുന്നു. പ്രാർഥിക്കാൻ പോലും അനുവദിച്ചിരുന്നില്ല. നമസ്കരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ക്രൂരമായി മർദിച്ചെന്നും അദ്ദേഹം ഓർക്കുന്നു.
പിന്നീട് അദ്ദേഹത്തെയും മറ്റ് തടവുകാരെയും വിമാനത്തിൽ കയറ്റി. യാത്രയ്ക്കിടെ ഓരോ 10-15 മിനിറ്റിലും മർദിച്ചെന്നും കൈകാലുകളിലെ വിലങ്ങുകൾ അതിശക്തമായി മുറുക്കിയിരുന്നെന്നും മൻസൂർ പറയുന്നു. ശരീരത്തിലാകെ അനുഭവപ്പെട്ട കടുത്ത വേദനയും ശ്വാസംമുട്ടലും കാരണം താൻ മരിക്കുമെന്ന് കരുതിയതായും അദ്ദേഹം പറഞ്ഞു.
നിരവധി മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിലാണ് ഗ്വാണ്ടനാമോയിലെത്തിയത്. അവിടെ വീണ്ടും വസ്ത്രങ്ങൾ അഴിപ്പിക്കുകയും ശരീരം പരിശോധിക്കുകയും അപമാനിക്കുകയും ചെയ്തു. വിരലടയാളവും ചിത്രവും എടുത്ത ശേഷം ചോദ്യം ചെയ്യൽ മുറിയിലേക്ക് മാറ്റി.
മണിക്കൂറുകളോളം തുടർച്ചയായി ചോദ്യം ചെയ്തതായി മൻസൂർ പറയുന്നു. വിവിധ വ്യക്തികളുടെ നൂറുകണക്കിന് ചിത്രങ്ങൾ കാണിച്ച് അവരെ തിരിച്ചറിയാൻ ആവശ്യപ്പെട്ടു. ആരെയും തിരിച്ചറിയാൻ കഴിയാതിരുന്നപ്പോൾ തന്നെ കള്ളനെന്ന് വിളിച്ച് മർദിച്ചെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് തടവുകാരെ ചെറിയ ഇരുമ്പ് കൂടുകളിലേക്കാണ് മാറ്റിയത്. ഓരോ കൂടിലും പ്ലാസ്റ്റിക് പായ, പുതപ്പ്, വെള്ളത്തിനുള്ള പാത്രം, ശുചിമുറിയായി ഉപയോഗിക്കാനുള്ള ചെറിയ ബക്കറ്റ് എന്നിവ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഗ്വാണ്ടനാമോയിലെ ആദ്യ ദിവസങ്ങളിൽ തടവുകാർക്ക് സംസാരിക്കാനും കാവൽക്കാരെ നോക്കാനും പോലും അനുവാദമില്ലായിരുന്നുവെന്ന് മൻസൂർ ഓർക്കുന്നു. പ്രാർഥിക്കാൻ എഴുന്നേറ്റപ്പോഴും മർദിക്കപ്പെട്ടു.
അതേസമയം, തടവുകാർ പരസ്പരം പേരുകളും രാജ്യങ്ങളും അനുഭവങ്ങളും പങ്കുവെച്ച് ആശയവിനിമയം നടത്താൻ ശ്രമിച്ചു.
വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു തടവുകാരിൽ പലരും. കുട്ടികളും പ്രായമായവരും ഗുരുതരമായി പരിക്കേറ്റവരുമുണ്ടായിരുന്നുവെന്നും മൻസൂർ പറയുന്നു. ഒരു അഫ്ഗാൻ തടവുകാരന്റെ കുഞ്ഞിനെയും അദ്ദേഹത്തോടൊപ്പം പിടികൂടിയിരുന്നുവെന്നും കുഞ്ഞിന്റെ നിലയെക്കുറിച്ച് അറിയാൻ പിതാവ് കരഞ്ഞുകൊണ്ട് അപേക്ഷിച്ചിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു.
ഗ്വാണ്ടനാമോയിലെത്തിയ ആദ്യ ദിവസങ്ങളിൽ അനുഭവപ്പെട്ട കടലിന്റെ മണമാണ് തനിക്ക് ആശ്വാസം നൽകിയതെന്ന് മൻസൂർ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ തണുപ്പിന് ശേഷം ഗ്വാണ്ടനാമോയിലെ ചൂടും ഈർപ്പമുള്ള കാറ്റും വ്യത്യസ്തമായ അനുഭവമായിരുന്നു. തടവിലായിരുന്നെങ്കിലും കടലിന്റെ സാമീപ്യം തനിക്ക് സ്വാതന്ത്ര്യത്തിന്റെ ഓർമ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്വാണ്ടനാമോയിലെ തടങ്കലിന്റെ ഓർമകൾ പങ്കുവെക്കുന്ന മൻസൂർ അദയ്ഫി, 25 വർഷങ്ങൾക്കിപ്പുറവും അന്നത്തെ തടങ്കൽ സംവിധാനത്തിന്റെ പ്രത്യാഘാതങ്ങൾ അവസാനിച്ചിട്ടില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
9/11 ആക്രമണത്തിന്റെ 25-ാം വാർഷികം അമേരിക്കയും മുഖ്യധാരാ മാധ്യമങ്ങളും ‘മറക്കരുത്, പൊറുക്കരുത്’ എന്ന മുദ്രാവാക്യവുമായി ആചരിക്കുമ്പോൾ, യഥാർഥ ഇരകൾ ആരാണെന്ന് ലോകം ഓർക്കണമെന്ന് മൻസൂർ അദയ്ഫി പറയുന്നു.
അഫ്ഗാനിസ്ഥാൻ, ഇറാഖ്, പാകിസ്താൻ, യെമൻ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിൽ കൊല്ലപ്പെട്ട നിരപരാധികളായ മുസ്‍ലിംകളെയും പീഡന പദ്ധതികളെയും തടവിലാക്കപ്പെട്ടവരെയും മറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അമേരിക്കയുടെ ‘ഗ്ലോബൽ വാർ ഓൺ ടെറർ’ ഭീകരവിരുദ്ധ നടപടിയെന്നതിലുപരി ആഗോളതലത്തിൽ ഇസ്‌ലാമോഫോബിയ സൃഷ്ടിക്കാനുള്ള പ്രചാരണമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്വാണ്ടനാമോ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും പീഡനത്തിന്റെയും വിചാരണയില്ലാത്ത അനിശ്ചിതകാല തടങ്കലിന്റെയും പ്രതീകമായി അത് മാറിയെന്നും അദയ്ഫി പറയുന്നു. അമേരിക്കൻ രേഖകളും അഭിഭാഷകരുടെ വാദങ്ങളും പ്രകാരം ഗ്വാണ്ടനാമോയിൽ തടവിലാക്കപ്പെട്ടവരിൽ ഭൂരിഭാഗവും കുറ്റം ചുമത്താതെയും വിചാരണ നടത്താതെയുമാണ് തടവിലാക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
അധിനിവേശങ്ങൾ, കൂട്ടക്കൊലകൾ, കുടിയൊഴിപ്പിക്കൽ, പീഡന പദ്ധതികൾ, ഡ്രോൺ ആക്രമണങ്ങൾ, ആയിരക്കണക്കിന് മുസ്‍ലിംകളെ തട്ടിക്കൊണ്ടുപോയി തടവിലാക്കൽ തുടങ്ങിയ നടപടികളാണ് ‘വാർ ഓൺ ടെററി’ന്റെ ഭാഗമായി അമേരിക്ക നടപ്പാക്കിയതെന്നും അദയ്ഫി ഉന്നയിച്ചു.
ഈ യുദ്ധം അഫ്ഗാനിസ്ഥാനിലും ഇറാഖിലും മാത്രം ഒതുങ്ങിയില്ലെന്നും അദയ്ഫി വ്യക്തമാക്കി. അമേരിക്കയിലെ മുസ്‍ലിം പ്രദേശങ്ങളിലെയും പള്ളികളിലെയും നിരീക്ഷണം, വ്യാപകമായ ഫോൺ-ഇന്റർനെറ്റ് നിരീക്ഷണം, മുസ്‍ലിംകളെ ലക്ഷ്യമിട്ടുള്ള എഫ്ബിഐ ഇടപെടലുകൾ, മുസ്‍ലിം യാത്രാ വിലക്ക് തുടങ്ങിയ നടപടികളിലൂടെയും അതിന്റെ സ്വാധീനം രാജ്യത്തിനകത്തേക്ക് വ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും സുരക്ഷയുടെ പേരിൽ സമാന നിയമങ്ങൾ നടപ്പാക്കിയെന്നും ഇതിന്റെ പ്രധാന ഇരകൾ മുസ്‍ലിം സമൂഹങ്ങളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
9/11 ആക്രമണത്തിന്റെ പേരിൽ നടന്ന നടപടികൾക്ക് 25 വർഷം പിന്നിട്ടിട്ടും ആക്രമണവുമായി ബന്ധപ്പെട്ട കേസ് നീതിയുക്തമായ വിചാരണയിലേക്ക് എത്തിയിട്ടില്ലെന്നാണ് അദയ്ഫിയുടെ വിമർശനം.
‘വാർ ഓൺ ടെറർ’ എന്ന പേരിൽ ലോകമെമ്പാടും ദുരിതമനുഭവിച്ച കോടിക്കണക്കിന് ആളുകൾക്കായി ‘മറക്കരുത്, പൊറുക്കരുത്’ എന്ന മുദ്രാവാക്യം ഉയർത്താൻ ആരുണ്ട് എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
9/11ന്റെ ഇരകളെ മാത്രമല്ല, അതിന്റെ പേരിൽ നടന്ന യുദ്ധങ്ങളിലും പീഡനങ്ങളിലും തടങ്കലുകളിലും ദുരിതമനുഭവിച്ചവരെയും ലോകം ഓർക്കണമെന്ന് അദയ്ഫി ആവശ്യപ്പെടുന്നു.
Adjust Story Font
16

