Quantcast

'തുടങ്ങിയത് പൂര്‍ത്തിയാക്കാനുണ്ട്, നെതന്യാഹുവിനെ വിജയിപ്പിക്കൂ': പിന്തുണയുമായി ട്രംപ്‌

ഇനി ലോകമെമ്പാടും "അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം" എന്ന മുദ്രാവാക്യം മുഴങ്ങില്ലെന്നും ട്രംപ്

MediaOne Logo
തുടങ്ങിയത് പൂര്‍ത്തിയാക്കാനുണ്ട്, നെതന്യാഹുവിനെ വിജയിപ്പിക്കൂ: പിന്തുണയുമായി ട്രംപ്‌
X

വാഷിങ്ടണ്‍: ഇസ്രായേല്‍ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അമേരിക്കയും ഇസ്രായേലും ഒന്നിച്ച് വിജയം കൈവരിച്ചതാണെന്ന് ട്രംപ് അവകാശപ്പെട്ടു.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് പിന്തുണയുമായി രംഗത്തെത്തിയത്. നെതന്യാഹുവിനെ പോരാളിയായ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെ ഇരുരാജ്യങ്ങളും ചേർന്ന് ആരംഭിച്ച സൈനിക നടപടികൾ പൂർത്തിയാക്കാൻ നെതന്യാഹുവിന് അധികാരത്തിൽ തുടരേണ്ടത് ആവശ്യമാണെന്നും വ്യക്തമാക്കി.

"ഇസ്രായേലിലെ ജനങ്ങളോട്, ഒരു ആഴ്ച മുമ്പ് നിങ്ങളുടെ പ്രധാനമന്ത്രി നെതന്യാഹുവിന് നൽകിയ പിന്തുണയുടെ കുറിപ്പ് ഞാൻ ഇവിടെ വീണ്ടും പങ്കുവെക്കുകയാണ്. നിങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ, 'ബിബി' ഒരു മികച്ച പോരാളിയായ പ്രധാനമന്ത്രിയായിരുന്നുവെന്ന കാര്യം ദയവായി ഓർക്കുക"- നെതന്യാഹുവിൻ്റെ വിളിപ്പേര് പരാമർശിച്ചുകൊണ്ട് ട്രംപ് കുറിച്ചു. ഇറാനെതിരായ സംയുക്ത സൈനിക നീക്കങ്ങളെക്കുറിച്ചും ട്രംപ് കുറിപ്പിൽ വിശദീകരിച്ചു. ഇറാനിൽ വച്ച് ചിലര്‍ ഇസ്രായേലിനെ "ചെറിയ സാത്താൻ" എന്നും അമേരിക്കയെ "വലിയ സാത്താൻ" എന്നും വിളിച്ചിരുന്ന കാര്യവും ട്രംപ് ചൂണ്ടിക്കാട്ടി. എന്നാൽ ഇനി ലോകമെമ്പാടും "അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം" എന്ന മുദ്രാവാക്യം മുഴങ്ങില്ലെന്നും ട്രംപ് വ്യക്തമാക്കി.

"നമ്മൾ ആരംഭിച്ച ദൗത്യം പൂർത്തിയാക്കാൻ നെതന്യാഹുവിനെ തന്നെ വീണ്ടും പ്രധാനമന്ത്രിയായി വോട്ട് ചെയ്ത് തെരഞ്ഞെടുക്കുക"- എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ട്രംപ് തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഈ പൊതുതെരഞ്ഞെടുപ്പ്, ഗസ്സ, ലെബനൻ, ഇറാന്‍ യുദ്ധങ്ങളുടെയും ഹമാസിന്റെ മിന്നലാക്രമണത്തിന് ശേഷമുള്ള ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് നടക്കുന്നത്. അതേസമയം ഇറാനെതിരായ പുതിയ സൈനിക നടപടിക്ക് അമേരിക്ക തിരക്കിട്ട നീക്കത്തിലെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിന്റെ തീരുമാനം യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

TAGS :

Next Story