Quantcast

രണ്ട് ദിവസം കൊണ്ടൊന്നും കണ്ടുതീരാൻ സാധിക്കില്ല; ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏതാണെന്നറിയാമോ?

ലോകമെമ്പാടുമായി വലുതും ചെറുതുമായി നിരവധി ബീച്ചുകളുണ്ട്

MediaOne Logo

Web Desk

  • Published:

    28 Nov 2025 8:51 AM IST

രണ്ട് ദിവസം കൊണ്ടൊന്നും കണ്ടുതീരാൻ സാധിക്കില്ല; ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏതാണെന്നറിയാമോ?
X

ബ്രസീലിയ: ബീച്ചുകൾ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും..സായാഹ്നങ്ങൾ പ്രിയപ്പെട്ടവരോടൊത്ത് കടൽത്തീരത്ത് ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം പേരും..എത്ര കണ്ടാലും മടുക്കില്ല കടലും കടൽത്തീരവും. ലോകമെമ്പാടുമായി വലുതും ചെറുതുമായി നിരവധി ബീച്ചുകളുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ചിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? രണ്ട് ദിവസമെടുത്താലൊന്നും ഈ ബീച്ചിലെ കാഴ്ചകൾ കണ്ടുതീരാൻ സാധിക്കില്ല.

ലോകത്തിലെ ഏറ്റവും വലിയ ബീച്ച് പ്രയ ഡോ കാസിനോ ആണ്. ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുളിലെ തീരപ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 212 കിലോമീറ്റർ മുതൽ 254 കിലോമീറ്റർ വരെ നീളമുള്ള ഈ ദക്ഷിണ അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ ഭാഗമാണ്. സാഹസികത ഇഷ്ടപ്പെടുന്നവരും സർഫർമാരും ഈ ബീച്ചിനെ ഇഷ്ടപ്പെടുന്നു.

റിയോ ഗ്രാൻഡെ ബീച്ച് തുറമുഖം മുതൽ ഉറുഗ്വേ അതിർത്തിക്കടുത്തുള്ള ചുയി സ്ട്രീം വരെ ഈ ബീച്ച് വ്യാപിച്ചുകിടക്കുന്നു. വിശാലമായ കടൽത്തീരം ആസ്വദിക്കാൻ ഏകദേശം 150,000 ആളുകൾ എല്ലാ വർഷവും ഈ ബീച്ച് സന്ദർശിക്കുന്നുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതൽ സന്ദര്‍ശകരെത്തുന്നത്.

ബ്രസീലിയൻ പോർച്ചുഗീസ് ഭാഷയിൽ കാസിനോ എന്ന വാക്കിന്‍റെ അർഥം ചൂതാട്ട കേന്ദ്രമെന്നാണ്. ബീച്ചിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിൽ പോക്കർ , ക്രാപ്സ് , ബ്ലാക്ക് ജാക്ക് തുടങ്ങിയ വിവിധ ഗെയിമുകൾ കളിക്കാനും ചൂതാട്ടം നടത്താനും അവസരമുണ്ട്. അങ്ങനെയാണ് കാസിനോ ബീച്ച് എന്ന പേര് വരുന്നത്.

1890 മുതൽ ബ്രസീലിലെ ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ പൊതു ബീച്ച് എന്നാണ് പ്രിയ ഡോ കാസിനോ അറിയപ്പെടുന്നത്. സബർബൻ മംഗ്യൂറ കമ്പനിയാണ് ഈ പ്രദേശം ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചത്. ഏറ്റവും നീളം കൂടിയ ബീച്ചെന്ന നിലയിൽ 1994ൽ ഗിന്നസ് വേൾഡ് റെക്കോഡ്സിലും ഇടംപിടിച്ചിട്ടുണ്ട് പ്രിയ ഡോ കാസിനോ. ലോകത്തിലെ ഏറ്റവും വലിയ ബീച്ച് അൾട്രാമാരത്തൺ ഓട്ടമത്സരമായ കാസിനോ അൾട്രാ റേസ് ഈ ബീച്ചിലാണ് നടക്കുന്നത്.

TAGS :

Next Story