ഇറാനിൽ പ്രക്ഷോഭം കനക്കുന്നു; രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ മുടങ്ങി
ഇറാനിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് സെൻട്രൽ കമാന്‍ഡ്

Photo| AFP
തെഹ്റാൻ: തെഹ്റാൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പ്രക്ഷോഭം കനത്തതോടെ, രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ മുടങ്ങി. കെർമൻഷാഹിൽ നടന്ന കലാപ സംഭവത്തിൽ ഇസ്ലാമിക് റവലൂഷനറി ഗാർഡിന്‍റെ 8 അംഗങ്ങൾ കൊല്ലപ്പെട്ടു. ഇറാനിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് സെൻട്രൽ കമാന്‍ഡ് വ്യക്തമാക്കി.
വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും കാരണം പത്തു ദിവസത്തിലേറെയായി തുടരുന്ന ഇറാൻ പ്രക്ഷോഭം കൂടുതൽ അക്രമാസക്തമായി. കെർമൻ ഷാഹിൽ നടന്ന കലാപ സംഭവത്തിൽ ഇസ്ലാമിക് റവലൂഷനറി ഗാർഡിന്‍റെ 8 അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇറാനിയൻ ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട്ചെയ്തു. സ്വകാര്യ വാഹനങ്ങൾ, മെട്രോ,ഫയർ ട്രക്കുകൾ, ബസുകൾ ഉൾപ്പെടെ നിരവധി പൊതുവാഹനങ്ങളും അഗ്നിക്കിരയാക്കിയതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.
ഇറാനിലെ ഒട്ടുമിക്ക പ്രവിശ്യളെയും പ്രക്ഷോഭം ബാധിച്ചു. നിരവധി വിദേശ വിമാന കമ്പനികൾ ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തി. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന് സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും. അതിനിടെ, പശ്ചിമേഷ്യൻ മേഖലയിലേക്ക് അമേരിക്ക കൂടുതൽ പോർ വിമാനങ്ങൾ അയച്ചതായ റിപ്പോർട്ടുകളും പുറത്തുവന്നു.
ഇറാനിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പ്രക്ഷോഭത്തിനു പിന്നിൽ അമേരിക്ക ഉൾപ്പെടെ പുറം ശക്തികളാണെന്നും ഇറാനെ അസ്ഥിരപ്പെടുത്തുകയാണ് ശത്രുക്കളുടെ ലക്ഷ്യമെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കുറ്റപ്പെടുത്തി. പ്രതിഷേധക്കാർ അമേരിക്കൻ ട്രംപിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും ഖാംനഈ പറഞു. പ്രതിഷേധം വ്യാപിക്കുന്നത് തടയാൻ രാജ്യത്താകമാനം ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ് ഇറാൻ ഭരണകൂടം.
Adjust Story Font
16

