‘ആയിരങ്ങൾ ഇനിയും അവശിഷ്ടങ്ങൾക്കടിയിൽ’; ഗസ്സയിൽ 100 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ സംസ്‌കരിച്ചു
ഒരു കെട്ടിടത്തിൽ ആക്രമണം നടക്കുമ്പോൾ ആരൊക്കെയായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് രക്ഷപ്പെട്ടവരിൽ നിന്നും സമീപവാസികളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങൾ തിരിച്ചറിയുന്നത്.

ഗസ്സ: ഗസ്സ സിറ്റിയിലെ സെയ്തൂൻ മേഖലയിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയ 100 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ സംസ്‌കരിച്ചു. മരിച്ചവരിൽ 60 പേർ കുട്ടികളാണ്. അവശിഷ്ടങ്ങൾക്കടിയിൽ ആയിരക്കണക്കിന് മൃതദേഹങ്ങൾ ഇനിയും കുടുങ്ങികിടക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
മൃതദേഹാവശിഷ്ടങ്ങൾ അൽമഅ്മദാനി സെമിത്തേരിയിലെത്തിച്ചാണ് സംസ്കരിച്ചത്. 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ സിവിൽ ഡിഫൻസ് സംഘങ്ങളും കുടുംബാംഗങ്ങളും ആഴ്ചകളോളം തിരച്ചിൽ നടത്തിയിരുന്നു.
മരിച്ചവരിൽ നിരവധി പേർ മലക കുടുംബത്തിലെ അംഗങ്ങളാണ്. കുടുംബത്തിലെ മാത്രം 55 പേരാണ് കൊല്ലപ്പെട്ടത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പല കുടുംബങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങൾ കൃത്യമായി സെമിത്തേരിയിൽ സംസ്കരിക്കാനായത്.
എന്നാൽ പൂർണമായ മൃതദേഹങ്ങളായിരുന്നില്ല കണ്ടെടുത്തത്. അസ്ഥികളും ശരീരാവശിഷ്ടങ്ങളും മരിച്ചവരുടേതെന്ന് കരുതുന്ന വ്യക്തിഗത വസ്തുക്കളുമാണ് കൂടുതലായും ലഭിച്ചത്.ഏകദേശം 8,000 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് ഗസ്സ സിവിൽ ഡിഫൻസ് മേധാവി റാഇദ് അൽദഹ്ഷാൻ പറയുന്നത്. ആവശ്യമായ ഉപകരണങ്ങൾ ലഭിച്ചാൽ ഏകദേശം 90 ദിവസത്തിനുള്ളിൽ മൃതദേഹങ്ങൾ പുറത്തെടുക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങൾ, മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ സംവിധാനങ്ങൾ എന്നിവ അടിയന്തരമായി ആവശ്യമാണെന്ന് അൽദഹ്ഷാൻ പറഞ്ഞു. ആവശ്യമായ ഉപകരണങ്ങളുടെ വിശദമായ പട്ടിക അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് കൈമാറിയതായും അവ അന്താരാഷ്ട്ര നിയന്ത്രണത്തിൽ സൂക്ഷിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഒരു കെട്ടിടത്തിൽ ആക്രമണം നടക്കുമ്പോൾ ആരൊക്കെയായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് രക്ഷപ്പെട്ടവരിൽ നിന്നും സമീപവാസികളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങൾ തിരിച്ചറിയുന്നത്.
ഗസ്സയിലെ ഏകദേശം 70 ശതമാനം പ്രദേശവും ഇസ്രയേൽ നിയന്ത്രണത്തിൽ ആയതിനാൽ പല മേഖലകളിലേക്കും എത്തിച്ചേരാനും കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനും വലിയ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 ഒക്ടോബർ മുതൽ ഗസ്സയിൽ കുറഞ്ഞത് 73,651 പലസ്തീനികൾ കൊല്ലപ്പെടുകയും 1,74,592 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

