Quantcast

ചിമ്പാൻസിക്കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി; പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണി

ചിമ്പാൻസിക്കുഞ്ഞുങ്ങളെ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയിരിക്കുകയാണ്. മോചനദ്രവ്യമായി വൻ തുകയാണ് സംഘം ആവശ്യപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-25 08:03:37.0

Published:

25 Sept 2022 12:33 PM IST

ചിമ്പാൻസിക്കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി; പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണി
X

ചിമ്പാൻസിക്കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയി ഭീഷണി. മധ്യാഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വന്യജീവി സങ്കേതത്തിൽ നിന്നാണ് അജ്ഞാത സംഘം മൂന്ന് ചിമ്പാൻസിക്കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയത്. സെപ്റ്റംബർ 9ന് പുലർച്ചെ 3 മണിയോടെ ആയിരുന്നു സംഭവം.

ഈ വർഷം ആദ്യം മൃഗശാലയിൽ എത്തിച്ച അഞ്ച് ചിമ്പാൻസിക്കുഞ്ഞുങ്ങളിൽ മൂന്നെണ്ണത്തിനെയാണ് സംഘം കടത്തിയതെന്ന് വന്യജീവി സങ്കേതത്തിന്റെ സ്ഥാപകൻ ഫ്രാങ്ക് ചാന്ററോ പറഞ്ഞു. മറ്റ് രണ്ട് ചിമ്പാൻസിക്കുഞ്ഞുങ്ങൾ അടുക്കളയിൽ ഒളിച്ചിരിക്കുകയായിരുന്നു. സീസർ, ഹുസൈൻ, മോംഗ എന്നിവരെയാണ് തട്ടിക്കൊണ്ട് പോയത്.

"ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണിത്. ചിമ്പാൻസിക്കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയതിന് ശേഷം എന്റെ ഭാര്യക്ക് ഒരു മെസേജ് വന്നിരുന്നു. ചിമ്പാൻസികളുടെ വീഡിയോ സഹിതമാണ് കിഡ്നാപ്പേഴ്‌സ് അയച്ചത്. എന്റെ കുട്ടികൾ വെക്കേഷന് ഇവിടേക്ക് വരാനിരുന്നതാണ്. അവരെ തട്ടിക്കൊണ്ട് പോകാനായിരുന്നു പദ്ധതി. എന്നാൽ അവർ എത്തിയില്ല, അതിനാലാണ് ചിമ്പാൻസി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയതെന്നാണ് അവർ പറയുന്നത്"; ചാന്ററോ പറയുന്നു.

ചിമ്പാൻസിക്കുഞ്ഞുങ്ങളെ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയിരിക്കുകയാണ്. മോചനദ്രവ്യമായി വൻ തുകയാണ് സംഘം ആവശ്യപ്പെടുന്നത്. പണം നൽകിയില്ലെങ്കിൽ കുഞ്ഞുങ്ങളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ചാന്ററോ പറയുന്നു.

അവർ ചോദിക്കുന്ന പണം തങ്ങളുടെ പക്കലില്ല. മാത്രമല്ല, പണം നൽകിയാൽ തന്നെ അവരിത് വീണ്ടും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്. ചിമ്പാൻസിക്കുഞ്ഞുങ്ങളെ തിരികെ തരുമോ എന്ന കാര്യത്തിലും ഉറപ്പില്ല. ഇപ്പോൾ അവർക്ക് പണം നൽകിയാൽ അത് മറ്റുള്ള തട്ടിപ്പുകാർക്കും ഒരു പ്രചോദനമാകും. അതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു എന്നും ചാന്ററോ കൂട്ടിച്ചേർത്തു.

അതേസമയം, സംഭവം മനുഷ്യത്വരഹിതവും പ്രകൃതിവിരുദ്ധവുമാണെന്ന് ഡിആർസിയുടെ പരിസ്ഥിതി മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൈക്കൽ കോയക്പ പ്രതികരിച്ചു. തട്ടിപ്പുകാരുടെ ആവശ്യങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിമ്പാൻസിക്കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോയവർക്കായി തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. ഉടൻ തന്നെ ഇവരെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

TAGS :

Next Story