Quantcast

''ഇന്ന് നമ്മളാണ് നാസികൾ''; ഇസ്രായേലിലെ ഫലസ്തീനികൾക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് ജൂത തീവ്രവാദസംഘം

ഹൈഫ, ബാത് യാം, റംല, ലിഡ്, ബീർഷേബ എന്നിവിടങ്ങളിൽ ജൂതസമൂഹങ്ങൾക്കൊപ്പം കഴിയുന്ന ഫലസ്തീന്‍ വംശജർക്കെതിരെ അക്രമം അഴിച്ചുവിടാൻ ആളുകളെ സംഘടിപ്പിച്ച് വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രായേലി ഗവേഷക സംഘങ്ങളായ ഹാബ്ലോക്ക്, ഫേക്ക് റിപ്പോർട്ട് എന്നിവ വെളിപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    20 May 2021 2:58 PM IST

ഇന്ന് നമ്മളാണ് നാസികൾ; ഇസ്രായേലിലെ ഫലസ്തീനികൾക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് ജൂത തീവ്രവാദസംഘം
X

ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ഫലസ്തീനികൾക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് ജൂത തീവ്രവാദസംഘം. സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ചുമാണ് ഫലസ്തീനികൾക്കെതിരെ ആസൂത്രിത ആക്രമണത്തിന് നീക്കം നടക്കുന്നത്. പുതിയ കാലത്തെ നാസികൾ നമ്മളാണെന്നു പറഞ്ഞാണ് വംശഹത്യയ്ക്കായി ആളെക്കൂട്ടുന്നത്.

ഇസ്രായേലിലെ വടക്കൻ തുറമുഖ നഗരമായ ഹൈഫ, മെഡിറ്ററേനിയൻ തീരനഗരമായ ബാത് യാം, തിബെറിയാസ്, റംല, ലിഡ്, ബീർഷേബ എന്നിവിടങ്ങളിൽ ജൂതസമൂഹങ്ങൾക്കൊപ്പം കഴിയുന്ന ഫലസ്തീനി വംശജർക്കെതിരെയാണ് വാട്‌സ്ആപ്പ്, ടെലഗ്രാം അടക്കമുള്ള ആശയവിനിമയ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കലാപാഹ്വാനം പരക്കുന്നത്. അക്രമിത്താനായി ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലാണ് സന്ദേശങ്ങൾ. ഇതിന്റെ തുടർച്ചയായി പല ഫലസ്തീൻ വീടുകൾക്കും നേരെ ആക്രമണവുമുണ്ടായി.

ഫലസ്തീൻ വിദ്വേഷം പടർത്തുന്ന സന്ദേശങ്ങൾ വിവിധ ഗ്രൂപ്പുകളിൽനിന്നു ലഭിച്ചതായി ഹാബ്ലോക്ക്, ഫേക്ക് റിപ്പോർട്ട് തുടങ്ങിയ ഇസ്രായേലി ഗവേഷണ സംഘടനകൾ വെളിപ്പെടുത്തി. ഇസ്രായേലിന്റെ ഫലസ്തീൻ നരഹത്യയെ പിന്തുണയ്ക്കുന്ന തീവ്ര സ്വഭാവമുള്ള ആളുകളെ സൈനികമായി സംഘടിപ്പിച്ച് അക്രമങ്ങൾ അഴിച്ചുവിടുകയാണ് സംഘത്തിന്റെ പദ്ധതിയെന്ന് ഇവർ പറയുന്നു. നമ്മളിപ്പോൾ ജൂതരല്ല, നാസികളാണെന്ന് ഒരു ഗ്രൂപ്പിൽ ആഹ്വാനമുണ്ടായതായി ഫേക്ക് റിപ്പോർട്ടർ പറഞ്ഞു. 'പീപ്പിൾ ഫ്രം ഹോലോൻ, ബാത് യാം ആൻഡ് റിഷോൺ ലെസിഗോൺ, ഗോ ഔട്ട് ടു ബ്രിങ് വാർ'' എന്ന പേരിൽ വംശഹത്യയ്ക്ക് ആളെ സംഘടിപ്പിക്കാനായി രൂപീകരിച്ച ഗ്രൂപ്പിൽനിന്നാണ് ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരും ഫലസ്തീനികൾക്കെതിരായ സംഘടിത ആക്രമണങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. പലയിടത്തും ഇസ്രായേലി പൊലീസിന്റെയും അധികൃതരുടെയും അറിവോടെയാണ് ആക്രമണങ്ങൾ നടക്കുന്നത്.

TAGS :

Next Story