ഒളിംപിക്‌സിലെ 'ആന്റി സെക്‌സ് ബെഡുകൾ' ഇനി കോവിഡ് രോഗികൾക്ക്

അത്‌ലറ്റുകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടില്ലെന്ന് ഉറപ്പുവരുത്താനാണ് അധികൃതർ ഇത്തരത്തിലുള്ള ബെഡുകള്‍ നിര്‍മിച്ചത് എന്നാണ് റിപ്പോര്‍ട്ട്

MediaOne Logo

Sports Desk

  • Updated:

    2021-09-14 16:12:53.0

Published:

14 Sep 2021 4:12 PM GMT

ഒളിംപിക്‌സിലെ ആന്റി സെക്‌സ് ബെഡുകൾ ഇനി കോവിഡ് രോഗികൾക്ക്
X

ഒസാക: കോവിഡ് മഹാമാരിക്കാലത്ത് നടന്ന ഒളിംപിക്‌സിൽ ഏറെ ചർച്ചയായിരുന്നു ആന്റി സെക്‌സ് ബെഡുകൾ. മഹാമാരിയുടെ വ്യാപനം തടയുന്നതിന് വേണ്ടി ഒരാളുടെ മാത്രം ഭാരം താങ്ങാൻ കഴിയുന്ന പ്രത്യേക കാർഡ് ബോർഡ് ബെഡുകളാണ് സംഘാടകർ കായികതാരങ്ങൾക്കായി ഒരുക്കിയത് എന്നായിരുന്നു റിപ്പോർട്ട്. അത്‌ലറ്റുകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടില്ലെന്ന് ഉറപ്പുവരുത്താനാണ് അധികൃതർ ഇത്തരമൊരു പരീക്ഷണം നടത്തിയിരുന്നതത്രെ.

ഏതായാലും ഒളിംപിക്‌സ് കഴിഞ്ഞ ശേഷം ഈ കട്ടിലുകൾ എന്തു ചെയ്യും എന്ന ചോദ്യത്തിന് പുനരുപയോഗ പരീക്ഷണങ്ങളിൽ ഏറെ മുമ്പിൽ നിൽക്കുന്ന ജപ്പാൻകാർ ഉത്തരം നൽകിയിരിക്കുകയാണ്. മികച്ച നിലവാരത്തിൽ നിർമിച്ച ഈ ബെഡുകൾ ഇനി കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ ഭരണകൂടം. ഒളിംപിക്‌സിനും പാരാലിംപിക്‌സിനുമായി ഉപയോഗിച്ച എണ്ണൂറോളം കട്ടിലുകളും തലയണകളുമാണ് കോവിഡ് ചികിത്സയ്ക്കായി കൈമാറുന്നതെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഒളിംപിക്‌സ് വില്ലേജിൽ 18,000 ആന്റി സെക്‌സ് ബെഡുകളാണ് അധികൃതർ ഒരുക്കിയിരുന്നത്. ബെഡുകൾ കോവിഡ് കേന്ദ്രത്തിന് കൈമാറാൻ തയ്യാറാണെന്ന് നിർമാതാക്കളായ ഐയർവീവ് കമ്പനി അറിയിച്ചു.

ആന്റി സെക്‌സ് ബെഡുകൾ എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും യഥാർത്ഥത്തിൽ അത് അങ്ങനെ തന്നെ ആയിരുന്നോ എന്നതിൽ സംശയമുണ്ട്. ഐറിഷ് ജിംനാസ്റ്റ് റൈസ് മാക്ലനാഗൻബെഡിനു മുകളിൽ തുടർച്ചയായി ചാടുന്ന വീഡിയോ പങ്കുവച്ചതോടെയാണ് ഇതേക്കുറിച്ചുള്ള സംശയങ്ങൾ ഉയർന്നത്.

എന്നാൽ, അത്‌ലറ്റുകൾ അടുത്തിടപഴകുന്നത് ഒഴിവാക്കാനുള്ള കട്ടിലുകളാണ് ഒളിംപിക്‌സ് വില്ലേജിലേത് എന്ന് ആദ്യമായി ട്വീറ്റ് ചെയ്തതും ഒരു അത്‌ലറ്റാണ്. അമേരിക്കൻ ദീർഘദൂര ഓട്ടക്കാരനായ പോൾ കെലിമോ.

മരത്തിന്റെ കട്ടിലിനേക്കാൾ തങ്ങളുടെ ബെഡുകൾക്ക് ഉറപ്പുണ്ടെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഏതായാലും ബെഡുകൾക്ക് രണ്ടാം ജീവിതം ഉണ്ടായതിന്റെ സന്തോഷത്തിലാണ് എയർവീവ്.

TAGS :

Next Story