Quantcast

ഹിരോഷിമ ദുരന്തത്തിന്റെ നൂറിരട്ടി മാരകം; വിഷച്ചാരത്തില്‍ മുങ്ങി ടോംഗ

1945 ഓഗസ്റ്റ് മാസം ജപ്പാൻ നഗരമായ ഹിരോഷിമയിൽ അമേരിക്ക നടത്തിയ ആണവബോംബ് സ്‌ഫോടനത്തിന്റെ നൂറിരട്ടി മാരകശേഷിയുള്ളതായിരുന്നു അഗ്നിപർവത സ്‌ഫോടനമെന്ന് നാസാ ശാസ്ത്രജ്ഞര്‍

MediaOne Logo

Web Desk

  • Published:

    24 Jan 2022 10:33 AM GMT

ഹിരോഷിമ ദുരന്തത്തിന്റെ നൂറിരട്ടി മാരകം; വിഷച്ചാരത്തില്‍ മുങ്ങി ടോംഗ
X

ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ ടോംഗയിൽ കഴിഞ്ഞയാഴ്ചയുണ്ടായ അഗ്നിപർവത സ്‌ഫോടനം വൻ ദുരന്തമാണ് വിതച്ചതെന്ന് റിപ്പോർട്ട്. നൂറ് ഹിരോഷിമ ആണവദുരന്തത്തിന്റെ ആഘാതമുള്ള സ്‌ഫോടനമാണ് ദ്വീപിലുണ്ടായതെന്ന് നാസ ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.

അഗ്നിപർവത സ്‌ഫോടനത്തെയും സുനാമിയെയും തുടർന്ന് ദ്വീപിലെ ആശയവിനിമയ മാർഗങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതു ഭാഗികമായി പുനസ്ഥാപിക്കപ്പെട്ട ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് ആദ്യമായി ദുരന്തത്തെ അതിജീവിച്ചവരുടെ ദൃക്‌സാക്ഷി വിവരങ്ങൾ പുറത്തുവരുന്നത്. ഇതിനു പിന്നാലെയാണ് നാസയുടെ ഭൗമനിരീക്ഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞർ ദുരന്തത്തിന്റെ യഥാർത്ഥ വ്യാപ്തി വ്യക്തമാക്കുന്നത്.

വിഷച്ചാരമടിഞ്ഞ് അപ്പാടെ തീർന്നത് രണ്ട് ഗ്രാമങ്ങൾ

ഈ മാസം 15നാണ് ദ്വീപിലെ ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്നിപർവതം പൊട്ടിയൊലിച്ചത്. സ്‌ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിൽ 40 കി.മീറ്റർ ഉയരത്തിലാണ് ചാരവും അവശിഷ്ടങ്ങളുമെല്ലാം നിറഞ്ഞത്. ഇതിനു പിന്നാലെയായിരുന്നു ദ്വീപിലെ തീരപ്രദേശങ്ങളിൽ കൂടുതൽ നാശംവിതച്ച് സുനാമിത്തിരമാലകളും ആഞ്ഞടിച്ചത്. 30 മെഗാടൺ പ്രഹരശേഷിയുള്ള ഉഗ്രസ്‌ഫോടനമാണ് ടോംഗയിലുണ്ടായതെന്ന് നാസ ശാസ്ത്രജ്ഞൻ ജിം ഗാർവിൻ വാർത്താകുറിപ്പിൽ പറഞ്ഞു.

1945 ഓഗസ്റ്റ് മാസം ജപ്പാൻ നഗരമായ ഹിരോഷിമയിൽ അമേരിക്ക നടത്തിയ ആണവബോംബ് സ്‌ഫോടനത്തിന്റെ നൂറിരട്ടി മാരകശേഷിയുള്ളതായിരുന്നു അഗ്നിപർവത സ്‌ഫോടനമെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ടോംഗൻ തലസ്ഥാനമായ നുകുവാലോഫയിൽനിന്ന് 65 കി.മീറ്റർ വടക്കുഭാഗം വരെ സ്‌ഫോടനം പൂർണമായും വിഴുങ്ങിയിട്ടുണ്ട്. വലിയ കൂമ്പാരമായാണ് ഗ്രാമങ്ങളിൽ വിഷാംശമടങ്ങിയ ചാരം വന്നടിഞ്ഞത്. രണ്ട് ഗ്രാമങ്ങൾ പൂർണമായും തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട്. കുടിവെള്ളം വിഷമയമാകുകയും കൃഷിയും ധാന്യവിളകളുമെല്ലാം പൂർണമായും നശിക്കുകയും ചെയ്തു.

അതേസമയം, ആളപായത്തെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. അഗ്നിപർവത സ്‌ഫോടനത്തിലും സുനാമിയിലുമായി ഇതുവരെ മൂന്നു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പെറുവിൽനിന്നുള്ള രണ്ട് ടൂറിസ്റ്റുകളും ദ്വീപിൽ തെരുവുമൃഗങ്ങൾക്കായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ബ്രിട്ടീഷ് പൗരയുമാണ് ഇതുവരെ മരിച്ചിട്ടുള്ളത്. സുനാമിയിൽപെട്ടാണ് മൂന്നുപേരുടെയും മരണമെന്നാണ് വിവരം.


യഥാർത്ഥ ചിത്രം ഇനിയും അജ്ഞാതം

ആശയവിനിമയങ്ങൾക്കായി അന്തർസമുദ്ര കേബിളുകളെയാണ് ദ്വീപ് ആശ്രയിച്ചിരുന്നത്. ദുരന്തത്തോടെ ഇതെല്ലാം വിച്ഛേദിക്കപ്പെട്ട് പുറംലോകത്തുനിന്ന് പൂർണമായും ഒറ്റപ്പെടുകയായിരുന്നു. അയൽരാജ്യങ്ങളുടെയടക്കം സഹായത്തോടെ ആശയവിനിമയമാർഗങ്ങൾ ഭാഗികമായി പുനസ്ഥാപിച്ചുവരുമ്പോഴാണ് ദുരന്തത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കുന്നത്.

നാട്ടുകാർ ഇനിയും ദുരന്തത്തിന്റെ ആഘാതത്തോട് പൊരുത്തപ്പെട്ടുവരുന്നേയുള്ളൂവെന്ന് നുകുവാലോഫ കേന്ദ്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തക മാരി ലിൻ ഫോനുവ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. ദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണിതെന്നാണ് അവർ പറയുന്നത്. അഗ്നിപർവതസ്‌ഫോടനത്തിന്റെ ആഘാതത്തിൽ ആകെ അന്ധാളിച്ചുനിൽക്കുകയാണ് ഇപ്പോഴും ടോംഗക്കാരെന്നും ഫോനുവ പറയുന്നു.

അന്തർസമുദ്ര ഫൈബർ ഒപ്ടിക് കേബിളുകളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ സാറ്റലൈറ്റ് ദൃശ്യങ്ങളിൽനിന്നാണ് ദ്വീപിലെ ദുരന്തത്തെക്കുറിച്ചുള്ള ആദ്യസൂചനകളും ദുരന്തവിവരങ്ങളുമെല്ലാം പുറംലോകമറിഞ്ഞത്. ടോംഗയുടെ അയൽരാജ്യങ്ങളായ ന്യൂസിലൻഡും ആസ്ട്രേലിയയും സഹായവുമായി കപ്പലുകൾ അയച്ചിട്ടുണ്ട്. ദ്വീപിലേക്ക് ആസ്‌ട്രേലിയ പൊലീസ് സേനയെ അയച്ചിരുന്നു.

TAGS :

Next Story