Quantcast

'എന്റെ പേര് 'F-35B നായര്‍', ഇനി ഇന്ത്യക്കാരന്‍'; യുകെ യുദ്ധവിമാനത്തിന് പൗരത്വവും ആധാറും നല്‍കി ട്രോളന്മാര്‍

വിമാനത്തിന്റെ ഫോട്ടോ പതിച്ചുള്ള ഡിജിറ്റല്‍ ആധാറാണ് ഇപ്പോള്‍ വൈറലാവുന്നത്

MediaOne Logo

Web Desk

  • Updated:

    2025-07-05 05:35:49.0

Published:

5 July 2025 10:59 AM IST

എന്റെ പേര് F-35B നായര്‍, ഇനി ഇന്ത്യക്കാരന്‍; യുകെ യുദ്ധവിമാനത്തിന് പൗരത്വവും ആധാറും നല്‍കി ട്രോളന്മാര്‍
X

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വിമാനം കുടുങ്ങിയിട്ട് ഇന്നേക്ക് 21 ദിവസമായി. ഇത്ര ദിവസമായിട്ടും വിമാനത്തെ തിരികെ കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല. ബ്രിട്ടീഷ് ഫൈറ്റര്‍ ജെറ്റ് വിമാനവുമായി ബന്ധപ്പെട്ട് നിരവധി മീമുകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ജൂണ്‍ 14 മുതലാണ് വാര്‍ത്തകളിലും ട്രോളുകളിലും ഈ ഫൈറ്റര്‍ ജെറ്റ് വിമാനം ശ്രദ്ധേയമാകാന്‍ തുടങ്ങിയത്.

ജെറ്റ് വിമാനത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കി സ്വന്തം പേരില്‍ ആധാര്‍ നിര്‍മിച്ചതാണ് ഏറ്റവും ഒടുവിലത്തെ ട്രോള്‍. വിമാനത്തിന്റെ ഫോട്ടോ പതിച്ചുള്ള ഡിജിറ്റല്‍ ആധാറാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലാണ് ആധാര്‍ നിര്‍മിച്ചിരിക്കുന്നത്. 'എഫ് -35 ബി നായര്‍' എന്നതാണ് ജെറ്റ് വിമാനത്തിന്റെ അധാറിലെ പേര്. കേരളത്തിലേക്ക് എത്തിയ ജൂണ്‍ 14 ആണ് ജനന തിയ്യതിയുടെ ഭാഗത്ത് നല്‍കിയിരിക്കുന്നത്.

വിലാസമായി തിരുവനന്തപുരം എന്നുമാണ് അധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് വിമാനത്തെ ഇന്ത്യന്‍ പൗരനാക്കിയ അധാര്‍ കാര്‍ഡ് നിരവധിയാളുകളാണ് തമാശ രൂപേണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ബ്രിട്ടന്റെ എഫ് -35 ബിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയെന്ന് പലരും കമന്റ് ചെയ്തു. തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തതിന് പകരം ഹരിയാനയിലെ ഗൂര്‍ഗോണില്‍ ലാന്‍ഡ് ചെയ്തിരുന്നെങ്കില്‍ ഇൗ സമയം കൊണ്ട് ആരെങ്കിലും ജെറ്റ് വിമാനത്തെ റെസ്‌റ്റോറന്റാക്കി മാറ്റുമായിരുന്നുവെന്നും ചിലര്‍ തമാശ രൂപേണ അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള ടൂറിസത്തിന്റെ പേജിലും ജെറ്റ് വിമാനത്തെക്കുറിച്ചുള്ള ട്രോള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കേരളം മനോഹരമായ സ്ഥലമാണ്. എനിക്ക് ഇവിടെ നിന്നും പോകണ്ട. എല്ലാവര്‍ക്കും ഞാന്‍ കേരളം റെക്കമന്‍ഡ് ചെയ്യുന്നു' എന്ന രീതിയില്‍ ഫൈവ് സ്റ്റാര്‍ റിവ്യൂവാണ് വിമാനം കേരളത്തിന് നല്‍കിയിരിക്കുന്നത്. വിമാനത്തിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയാണ് ടൂറിസം കേരളയുടെ പേജില്‍ ഈ ട്രോള്‍ പോസ്റ്റ് ചെയ്തത്. വളരെ രസകരവും ശ്രദ്ധേയവുമായ ഈ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ എഫ്-35ബി കേരള തീരത്ത് നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ഇന്ധനവും കാരണം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. സുരക്ഷിതമായി ഇറങ്ങാന്‍ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന് സൗകര്യമൊരുക്കുകയും ഇന്ധനം നിറയ്ക്കാനും ലോജിസ്റ്റിക്കല്‍ സഹായങ്ങളും നല്‍കുകയും ചെയ്തു.

ഫൈറ്റര്‍ ജെറ്റിനെ തിരികെ കൊണ്ടുപോകാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35 ഭാഗികമായി പൊളിച്ചുമാറ്റിയ ശേഷം ഒരു ഹെവി-ലിഫ്റ്റ് കാര്‍ഗോ വിമാനത്തില്‍ ബ്രിട്ടനിലേക്ക് തിരികെ കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. യുദ്ധവിമാനം തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കായി യുകെയില്‍ നിന്നുള്ള 40 അംഗ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story