Quantcast

അമേരിക്കയിൽ തേനീച്ചക്കൂടുകൾ കയറ്റിയ ട്രക്ക് മറിഞ്ഞു; 25 കോടി തേനീച്ചകൾ പാറിപ്പോയി, ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

തേനീച്ചകൾ രക്ഷപ്പെടാനും കൂട്ടം കൂടാനുമുള്ള സാധ്യത മുന്നിൽ കണ്ട് ആ പ്രദേശം ഒഴിവാക്കണമെന്നും, സുരക്ഷിത അകലം പാലിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു

MediaOne Logo

Web Desk

  • Updated:

    2025-06-01 03:14:23.0

Published:

1 Jun 2025 8:23 AM IST

അമേരിക്കയിൽ തേനീച്ചക്കൂടുകൾ കയറ്റിയ ട്രക്ക് മറിഞ്ഞു; 25 കോടി തേനീച്ചകൾ പാറിപ്പോയി, ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം
X

വാഷിങ്ടൺ: അമേരിക്കയിൽ 31,751-കിലോ തേനീച്ചക്കൂടുകളുമായെത്തിയ ലോറി മറിഞ്ഞ് ഏകദേശം 25 കോടി തേനീച്ചകൾ രക്ഷപ്പെട്ടെന്ന് റിപ്പോർട്ട്. പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് സംഭവം. ലിൻഡന് സമീപമുള്ള കനേഡിയൻ അതിർത്തിയോട് ചേർന്നാണ് അപകടം നടന്നതെന്ന് വാട്ട്‌കോം കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അറിയിച്ചു.

തേനീച്ചകൾ രക്ഷപ്പെടാനും കൂട്ടം കൂടാനുമുള്ള സാധ്യത മുന്നിൽ കണ്ട് ആ പ്രദേശം ഒഴിവാക്കണമെന്നും, സുരക്ഷിത അകലം പാലിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. പറ്റുന്നത്ര തേനീച്ചകളെ കൂട്ടിലാക്കുക എന്നതാണ് ലക്ഷ്യം. ഈ പ്രക്രിയക്ക് ഏകദേശം 48 മണിക്കൂർ‌ സമയമെടുക്കും. ഈ സമയത്തിനുള്ളിൽ തേനീച്ചകളെ അവയുടെ കൂട്ടിലേക്ക് തിരികെ കൊണ്ടുപോയി റാണി തേനീച്ചയെ കണ്ടെത്താനുള്ള സൗകര്യമൊരുക്കുക എന്നതാണ് പദ്ധതിയെന്നും പൊലീസ് പറയുന്നു.

പരാഗണം നടത്തുന്ന ദശലക്ഷക്കണക്കിന് തേനീച്ചകളെ രക്ഷിക്കുന്നത് കഴിയുന്നത്ര വിജയകരമാണെന്ന് ഉറപ്പാക്കാൻ രണ്ട് ഡസനിലധികം വി​ദ​ഗ്ധർ എത്തിയെന്നും പൊലീസ് അറിയിച്ചു.

ട്രക്ക് മറിഞ്ഞ ശേഷം അവിടെയെത്തിയ ആളുകളെ തേനീച്ചകൾ കുത്താൻ ശ്രമിച്ചെങ്കിലും അവർ കാറിൽ കയറി അഭയം തേടുകയായിരുന്നു. അതേസമയം ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ല.

പരാഗണത്തിലും ഭക്ഷ്യോത്പാദനത്തിലും പ്രധാന പങ്കുവഹിക്കുന്ന ജീവികളാണ് തേനീച്ചകൾ. പരിപ്പ്, പച്ചക്കറികൾ, സിട്രസ് പഴങ്ങൾ, തണ്ണിമത്തൻ എന്നിവയുൾപ്പെടെ 100-ലധികം വിളകളിൽ ഇവ പരാഗണം നടത്തുന്നു. വർഷങ്ങളായി തേനീച്ചകൾ ഭീഷണി നേരിടുകയും അവയുടെ എണ്ണം ക്രമാതീതമായി കുറയുകയും ചെയ്ത് വരുന്നുണ്ട്.

കീടനാശിനികൾ, പരാദങ്ങൾ, രോഗങ്ങൾ, കാലാവസ്ഥാ വ്യതിയാനം, വൈവിധ്യമാർന്ന ഭക്ഷ്യ വിതരണത്തിന്റെ അഭാവം എന്നിവയാണ് ഇവയുടെ നാശത്തിന് കാരണമെന്ന് വിദഗ്ദ്ധർ പറഞ്ഞു. തേനീച്ചകളുടെ എണ്ണം കുറയുന്നത് കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

2015-ൽ ഒരു ട്രക്കിൽ നിന്ന് 14 ദശലക്ഷം തേനീച്ചകൾ രക്ഷപ്പെട്ട് ആളുകളെ കുത്താൻ ശ്രമിച്ച സംഭവവും റിപോർട്ട് ചെയ്തിട്ടുണ്ട്.

TAGS :

Next Story