Quantcast

‘ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞു, ലോറി കത്തിച്ചു’; ഇസ്രായേലികളുടെ ആക്രമണത്തിന്റെ നടുക്കുന്ന ഓർമകളുമായി ഗസ്സയിലെ ട്രക്ക് ഡ്രൈവർമാർ

15 ട്രക്കുകൾക്ക് ആക്രമണത്തിൽ കേടുപാട് സംഭവിച്ചു

MediaOne Logo

Web Desk

  • Published:

    17 May 2024 10:33 AM GMT

gaza aid trucks
X

ഗസ്സ സിറ്റി: സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് ഗസ്സിയിലെ ജനങ്ങൾ കടന്നുപോകുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ അവർ ദുരിത മുനമ്പിലാണ്. ഫലസ്തീനികളുടെ ഏക ആശ്വാസമാണ് വിവിധ രാജ്യങ്ങൾ അയക്കുന്ന അവശ്യവസ്തുക്കളും മറ്റു മാനുഷിക സഹായങ്ങളും.

ഈ സഹായവിതരണത്തെ പരമാവധി തടയാൻ ഇസ്രായേൽ സർക്കാറും സൈന്യവും ശ്രമിക്കുന്നുണ്ട്. സഹായം വാങ്ങാനെത്തിയ നിരവധി പേരെയാണ് ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നത്. ഇതിനെല്ലാം പുറമെയാണ് കഴിഞ്ഞദിവസം നടന്ന അതിദാരുണമായ സംഭവം. ഗസ്സയിലേക്ക് സഹായവുമായി വന്ന ട്രക്കുകൾ ഇസ്രായേലി കുടിയേറ്റക്കർ തടയുകയും നശിപ്പിക്കുകയും ചെയ്തു.

കടുത്ത ​പട്ടിണിയിലൂടെ കടന്നുപോകുന്ന ജനങ്ങൾക്കാവശ്യമായ ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കളുമായി വന്നതായിരുന്നു ഈ ട്രക്കുകൾ. അധിനിവേശ ​വെസ്റ്റ് ബാങ്കിലെ തർകുമിയ ചെക്ക്പോസ്റ്റിലായിരുന്നു ആക്രമണം. ഡ്രൈവർമാരെയും കരാറുകാരെയും കുടിയേറ്റക്കാർ വളഞ്ഞിട്ട് ആക്രമിച്ചു. വാഹനവ്യൂഹത്തിന് അകമ്പടി സേവിച്ച ഇസ്രായേലി സൈനികർ ആക്രമണം തടയാൻ ഒന്നും ചെയ്തില്ലെന്നും പരാതിയുണ്ട്.

സംഭവത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെക്കുകയാണ് ട്രക്ക് ഡ്രൈവർമാർ. 60ഓളം ട്രക്കുകളാണ് വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നതെന്ന് 26കാരനായ യാസിദ് അൽ സൗബി പറഞ്ഞു. തങ്ങൾ എണ്ണയും പഞ്ചസാരയും മറ്റു സാധനങ്ങളുമായി തർകുമിയ ക്രോസിൽ നിന്ന് ഡ്രൈവ് ചെയ്യുകയായിരുന്നു. വാഹനവ്യൂഹത്തിന്റെ മുമ്പിലും പിറകിലും സൈനിക വാഹനം അകമ്പടിയായുണ്ടായിരുന്നു. സാധാരണക്കാർക്ക് കടന്നുപോകാൻ കഴിയാത്ത പ്രത്യേക സൈനിക റോഡിലൂടെയായിരുന്നു യാത്ര.

യാത്ര 20 മിനിറ്റ് പിന്നിട്ടപ്പോൾ തങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട് കുറഞ്ഞത് 400ഓളം ഇസ്രായേലികൾ റോഡ് ഉപരോധിച്ചു. അവർ ലോറികൾ തടഞ്ഞു. കല്ലെറിയാൻ തുടങ്ങിയതോടെ താനും മറ്റു ഡ്രൈവർമാരും വാഹനങ്ങളിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നും യാസിദ് അൽ സൗബി വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞു.

ലോറിയുടെ ഗ്ലാസുകൾ അടിച്ചുതകർക്കുകയും ടയറുകൾ പഞ്ചറാക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ മോശമായി. തുടർന്ന് ഇവർ വാഹനങ്ങളിൽ കയറി ഭക്ഷണപ്പൊതികൾ റോഡിലേക്ക് വലിച്ചെറിയാൻ തുടങ്ങി. വാഹനവ്യൂഹത്തിന് അകമ്പടി സേവിച്ചിരുന്ന ഇസ്രായേൽ സൈനികർ ഇതെല്ലാം നോക്കിനിൽക്കുന്നുണ്ടായിരുന്നു. സൈന്യം അവരുടെ കൂടെയാണ് നിന്നത്.

ഡ്രൈവർമാർ ആദ്യം സംഭവസ്ഥലത്തു നിന്ന് ഓടിപ്പോയെങ്കിലും പിന്നീട് സ്വന്തം സാധനങ്ങൾ എടുക്കാനായി തിരിച്ചുവന്നു. ഈ സമയത്ത് സായുധരായ ഇസ്രായേലി കുടിയേറ്റക്കാർ തങ്ങളെ ആക്രമിച്ചു. സൈനികർ ഞങ്ങളെ ചുമരുകളോട് ചേർത്ത് പിടിച്ച് കൈകൾ ഉയർത്തി നിൽക്കാൻ ആജ്ഞാപിച്ചു. ഞങ്ങളെ ആക്രമിക്കാൻ അവർ എല്ലാവിധ സഹായവും നൽകി. ഇതിന് മുമ്പൊരിക്കലും താൻ ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടില്ലെന്നും സൗബി വ്യക്തമാക്കി.

താൻ അനുഭവിച്ച ഭീകരാവസ്ഥ ഓർക്കാൻ പോലും കഴിയുന്നില്ല. ഞങ്ങൾ കള്ളക്കടത്തുകാരല്ല. ഇസ്രായേലിന്റെ അനുമതിയോടെ നിയമപരമായിട്ടാണ് തങ്ങൾ മാനുഷിക സഹായങ്ങൾ കൊണ്ടു​പോയതെന്നും സൗബി കൂട്ടിച്ചേർത്തു.

ആക്രമണത്തിൽ തനിക്ക് 67,922 ഡോളറിന്റെ നഷ്ടമുണ്ടായതായി ട്രക്ക് ഡ്രൈവർ ഹൈതം അബു കൈറോ പറഞ്ഞു. ഭാഗ്യത്തിനാണ് താൻ രക്ഷപ്പെ​ട്ട​ത്. അതിഭീകരമായ ആക്രമണമായിരുന്നു നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റക്കാർ ട്രക്കുകൾ കൂട്ടമായി ആക്രമിച്ചതോടെ ഗസ്സയിലേക്കുള്ള സാധനങ്ങൾ കൊണ്ടുപോകാൻ പല ഡ്രൈവർമാരും വിസമ്മതം അറിയിച്ചതായി റിപ്പോർട്ടുണ്ട്. 15 ട്രക്കുകൾക്ക് ആക്രമണത്തിൽ കേടുപാട് സംഭവിച്ചു. ഏകദേശം 2.02 ഡോളർ ദശലക്ഷത്തിന്റെ മൊത്തം നാശനഷ്ടമാണ് ഉണ്ടായത്. സംഭവത്തിൽ ഇസ്രായേൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ വീഡിയോകൾ വലിയ രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇസ്രായേലി കുടിയേറ്റക്കാർ അവശ്യസാധനങ്ങളുടെ പെട്ടികൾ വലിച്ചെറിയുന്നത് ഇതിൽ കാണാം. കൂടാതെ ഒരു വാഹനം ഇവർ തീയിടുകയും ചെയ്തു. സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ലോകമെങ്ങും ഉയർന്നത്.

ഗസ്സയിലെ ജനങ്ങൾ പട്ടിണിയിലൂടെയാണ് കടന്നുപോകുന്നതെന്നും ആവശ്യത്തിന് മാനുഷിക സഹായം എത്തുന്നില്ലെന്നും വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനിടയിലാണ് ഇസ്രായേലി കുടിയേറ്റക്കാരും വ്യാപകമായി സഹായവിതരണം തടയുന്നത്. ഗസ്സയിലെ ജനങ്ങൾക്ക് പ്രതിദിനം കുറഞ്ഞത് 500 ട്രക്ക് ലോഡ് ഭക്ഷണവും ഇന്ധനവും മറ്റു അവശ്യവസ്തുക്കളും ആവശ്യമാണെന്ന് വിവിധ സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതിന്റെ ചെറിയൊരു അംശം മാത്രമാണ് ഇവിടേക്ക് എത്തുന്നത്.

സമാന രീതിയിലുള്ള ആക്രമണങ്ങൾ നേരത്തേയും ഇസ്രായേലി കുടിയേറ്റക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഗസ്സയിലേക്ക് സഹായവുമായി വന്ന ലോറികൾ മിറ്റ്‌സ്‌പെ റാമോണിനടുത്ത് തടഞ്ഞിരുന്നു. കൂടാതെ മറ്റു ചെക്ക് പോയിന്റുകളിലും ലോറികൾ തടയുന്നുണ്ട്. ഗസ്സയിലേക്ക് ഭക്ഷ്യസഹായം തടസ്സമില്ലാതെ എത്തിക്കണമെന്ന് മാർച്ചിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനൊന്നും ഗസ്സയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്താൻ സാധിച്ചിട്ടില്ല.

TAGS :

Next Story