ട്രംപുമായി ദാവോസിലേക്ക് പറന്ന് എയര്‍ഫോഴ്സ് വണ്‍, പിന്നാലെ തിരിച്ചിറങ്ങി: സംഭവിച്ചത്...
വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനാണ് ട്രംപ്, സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസിലേക്ക് പുറപ്പെട്ടത്

- Updated:
2026-01-22 02:40:30.0

വാഷിങ്ടണ്‍: ദാവോസ് യാത്രയ്ക്കിടെ വഴിമധ്യേ ട്രംപിന്റെ എയർഫോഴ്‌സ് വൺ വിമാനം യുഎസിലേക്ക് തന്നെ തിരിച്ച് പറന്നു. സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് വാഷിങ്ടണിലേക്ക് തന്നെ മടങ്ങിയത്. മറ്റൊരു എയർഫോഴ്‌സ് വൺ വിമാനത്തിലാണ് ട്രംപ് തുടർന്ന് ദാവോസിലെത്തിയത്.
വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനാണ് ട്രംപ്, സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസിലേക്ക് പുറപ്പെട്ടത്. ചെറിയ ഇലക്ട്രിക്കൽ പ്രശ്‌നമാണ് ഉണ്ടായതെന്നും ജാഗ്രതയുടെ ഭാഗമായിട്ടാണ് വിമാനം യുഎസിലേക്കുതന്നെ തിരിച്ചതെന്നും വൈറ്റ്ഹൗസ് അധികൃതർ പറഞ്ഞു.
യാത്രയ്ക്കിടെ വിമാനത്തിനുള്ളിലെ പ്രസ് ക്യാബിനിലെ ലൈറ്റുകൾ അല്പനേരത്തേക്ക് അണഞ്ഞതായി വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു. എന്നാൽ ആ സമയത്ത് വിശദീകരണമൊന്നും നൽകിയിരുന്നില്ല. വിമാനം തിരിച്ചിറക്കിയതായും പ്രസിഡന്റും സംഘവും മറ്റൊരു വിമാനത്തിൽ സ്വിറ്റ്സർലൻഡിലേക്ക് യാത്ര തുടരുമെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് പിന്നീട് അറിയിച്ചു.
സമീപ മാസങ്ങളിൽ ഇത് രണ്ടാം തവണയാണ് ട്രംപിന് ഒരു ബാക്കപ്പ് എയർക്രാഫ്റ്റിനെ ആശ്രയിക്കേണ്ടിവരുന്നത്. ലോകത്തിലെ ഏറ്റവും നൂതനമായ വിമാനങ്ങളിലൊന്നായ എയർഫോഴ്സ് വൺ. എയർഫോഴ്‌സ് വൺ ആയി ഉപയോഗിക്കുന്ന ബോയിങ് 747 വിമാനങ്ങൾ 35 വർഷത്തിലേറെയായി സേവനത്തിലുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2022-ൽ ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന അടുത്ത തലമുറ വിമാനങ്ങൾ 2028 പകുതിയോടെ എത്തുമെന്നാണ് പറയുന്നത്.
ജനുവരി 19 ന് ആരംഭിച്ച് ജനുവരി 23 വരെ നീണ്ടുനിൽക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിൽ, ആഗോള നേതാക്കളും ബിസിനസ് പ്രമുഖരും പങ്കെടുക്കുന്നുണ്ട്.ഗ്രീൻലാൻഡ് വിഷയവും തീരുവ വിഷയവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടഞ്ഞ് നിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളും നാറ്റോയും ഉൾപ്പെടെ പങ്കെടുക്കുന്ന വേദിയിലേക്കാണ് ട്രംപ് എത്തുന്നത്.
Adjust Story Font
16
