'അന്ന് വിമർശനം, ഇന്ന് അഭിനന്ദനം' ഔപചാരിക വസ്ത്രം ധരിച്ചതിന് സെലെൻസ്കിയെ അഭിനന്ദിച്ച് ട്രംപും അമേരിക്കൻ മാധ്യമങ്ങളും
ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ സെലെൻസ്‌കി സൈനിക മാതൃകയിലുള്ള വേഷം ധരിച്ചെത്തിയതിന് ട്രംപും അമേരിക്കൻ മാധ്യമങ്ങളും വിമർശനം ഉന്നയിച്ചിരുന്നു

വാഷിംഗ്‌ടൺ: യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയുടെ മുൻ വൈറ്റ് ഹൗസ് സന്ദർശന വേളയിൽ സൈനിക മാതൃകയിലുള്ള വേഷം ധരിച്ചത് ട്രംപിനും അമേരിക്കൻ മാധ്യമങ്ങൾക്കും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചർച്ചകൾക്കായി വൈറ്റ് ഹൗസിലെത്തിയ സെലെൻസ്‌കി കൂടുതൽ ഔപചാരിക വസ്ത്രങ്ങൾ ധരിച്ചത് ട്രംപിനെയും അമേരിക്കൻ മാധ്യമങ്ങളെയും ഒരുപോലെ സന്തോഷിപ്പിച്ചു.
ഫെബ്രുവരിയിൽ നടന്ന യോഗത്തിൽ സെലെൻസ്‌കിയുടെ വേഷം കാരണം ഇരു നേതാക്കളും തമ്മിൽ വാക്കുതർക്കത്തിന് വരെ കാരണമായിരുന്നു. ഉച്ചഭക്ഷണം പോലും കഴിക്കാതെ സെലെൻസ്കി വൈറ്റ് ഹൗസ് വിടുകയും ചെയ്തത് അന്ന് ചർച്ചയായിരുന്നു. യൂറോപ്പിലെ 80 വർഷത്തിനിടയിലെ ഏറ്റവും മാരകമായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ അംഗീകരിക്കാൻ തന്റെ രാജ്യം സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ ഔപചാരിക വസ്ത്രം ധരിച്ചാണ് സെലെൻസ്‌കി ട്രംപുമായുള്ള ചർച്ചകൾക്കായി എത്തിയത്.
കൃത്യമായി പറഞ്ഞാൽ ഒരു സ്യൂട്ട് അല്ല സെലെൻസ്കി ധരിച്ചതെങ്കിലും ഇത്തവണ ട്രംപിനും മാധ്യമങ്ങൾക്കും അത് നന്നായി ബോധിച്ചു. ഫെബ്രുവരിയിൽ സെലെൻസ്‌കിയോട് സ്യൂട്ട് ധരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച റിപ്പോർട്ടറായ ബ്രയാൻ ഗ്ലെൻ, ഇന്നലെ ചർച്ചക്കെത്തിയ യുക്രൈൻ പ്രസിഡന്റിനെ അഭിനന്ദിക്കാനും മറന്നില്ല.
'സ്യൂട്ടിൽ നിങ്ങൾ അതിമനോഹരമായിരിക്കുന്നു.' റിപ്പോർട്ടർ പറഞ്ഞു. 'ഞാനും അതുതന്നെയാണ് പറഞ്ഞത്' ട്രംപ് ഇടപെട്ടു.
'കഴിഞ്ഞ തവണ നിങ്ങളെ ആക്രമിച്ചത് അയാളാണ്' മാധ്യമപ്രവർത്തകനെ ചൂണ്ടിക്കാണിച്ച് ട്രംപ് പറഞ്ഞു.
ഉടൻ തന്നെ മാധ്യമപ്രവർത്തകൻ സെലെൻസ്കിയോട് ക്ഷമാപണം നടത്തി.
'എനിക്ക് അത് ഓർമയുണ്ട്' സെലെൻസ്‌കി പറഞ്ഞു. മുറിയിൽ ചിരി പടർന്നു.
എന്നാൽ അന്ന് ധരിച്ച അതേ സ്യൂട്ട് തന്നെയാണ് മാധ്യമപ്രവർത്തകൻ ഇന്നും ധരിച്ചിരിക്കുന്നതെന്നും സെലെൻസ്കി ഓർമപ്പെടുത്തി.
2022 മുതൽ റഷ്യക്കാർക്കെതിരെ പോരാടുന്ന തന്റെ സൈനികരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ യുക്രൈനിയൻ പ്രസിഡന്റ് സൈനിക തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെലെൻസ്‌കി കൂടുതൽ ഔപചാരികമായ വസ്ത്രധാരണത്തിലേക്ക് മാറി.
ഏപ്രിലിൽ റോമിൽ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ ഇരു നേതാക്കളും കണ്ടുമുട്ടിയപ്പോൾ, യുക്രൈനിയൻ പ്രസിഡന്റ് കറുത്ത നിറത്തിലുള്ള കട്ടിയുള്ള ഒരു ഫീൽഡ് ജാക്കറ്റും കോളറിൽ ബട്ടൺ ചെയ്ത കറുത്ത ഷർട്ടുമാണ് ധരിച്ചിരുന്നത്. വൈറ്റ് ഹൗസിൽ സെലെൻസ്‌കിയുടെ വസ്ത്രധാരണത്തിൽ കാണിച്ച നിഷേധാത്മകമായ ശ്രദ്ധയെ അന്ന് യുക്രൈനുക്കാർ വ്യാപകമായി വിമർശിച്ചിരുന്നു.
Adjust Story Font
16

