Quantcast

മംദാനി മികച്ച മേയറായി മാറുമെന്ന് ട്രംപ്

നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുത്തി വിശാലമായ ചര്‍ച്ച ട്രംപുമായി നടത്തിയതായി മംദാനി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    22 Sept 2026 8:55 AM IST

മംദാനി മികച്ച മേയറായി മാറുമെന്ന് ട്രംപ്
X

ന്യൂയോര്‍ക്ക്: മേയര്‍ സൊഹ്‌റാന്‍ മംദാനിയുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കിലെ ഗ്രേസി മാന്‍ഷനിലായിരുന്നു കൂടിക്കാഴ്ച അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സൗഹൃദപരമായാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

മംദാനി മികച്ച മേയറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനിയെ മാസങ്ങളായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നയങ്ങളെ വിമര്‍ശിക്കാനുള്ള ഉദാഹരണമായി ട്രംപും റിപ്പബ്ലിക്കന്‍ നേതാക്കളും ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തവണ ട്രംപിന്റെ പ്രതികരണം താരതമ്യേന സൗഹൃദപരമായിരുന്നു.

നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുത്തി വിശാലമായ ചര്‍ച്ച ട്രംപുമായി നടത്തിയതായി മംദാനി പറഞ്ഞു.ന്യൂയോര്‍ക്കിലെ താങ്ങാനാകുന്ന നിരക്കിലുള്ള ഭവനങ്ങള്‍, കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.

വൈറ്റ് ഹൗസ് പരിസരത്ത് ചില മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെക്കുറിച്ചും മംദാനിയോട് ചോദിച്ചു. ഇതിന് മറുപടിയായി, ഗ്രേസി മാന്‍ഷനിലെ പരിപാടിയില്‍ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് താന്‍ ട്രംപിനോട് പറഞ്ഞതായി മംദാനി വ്യക്തമാക്കി.

മാധ്യമങ്ങളെ ചൂണ്ടിക്കാട്ടി ട്രംപ് തമാശരൂപത്തില്‍ പ്രതികരിക്കുകയും ചെയ്തു. തന്നെ ബഹിഷ്‌കരിക്കുമെന്ന് ചിലര്‍ പറഞ്ഞിരുന്നെങ്കിലും അവര്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റിന്റെ ഗ്രേസി മാന്‍ഷന്‍ സന്ദര്‍ശനത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. 1981-ല്‍ റൊണാള്‍ഡ് റീഗന്‍ അന്നത്തെ ന്യൂയോര്‍ക്ക് മേയര്‍ എഡ് കോച്ചിനെ സന്ദര്‍ശിച്ചതിന് ശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഗ്രേസി മാന്‍ഷനിലെത്തുന്നത്.ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ട്രംപ് ന്യൂയോര്‍ക്കിലെത്തിയ അവസരത്തിലാണ് മംദാനിയുമായി കൂടിക്കാഴ്ച നടത്തിയത്.


TAGS :

Next Story